സ്വർണ്ണവില പോലെ കുതിച്ചുയരുകയാണ് തക്കാളിയുടെ വിലയും. നൂറും നൂറ്റമ്ബതുമെക്കെ കടന്ന് കുതിച്ചു പായുകയാണ് തക്കാളി. തക്കാളി മോഷണം പോയാലോ എന്നൊരു പേടി കച്ചവടക്കാര്‍ക്കൊക്കെ ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഈ തക്കാളിക്ക് കാവല്‍ നില്‍ക്കാൻ ആളിനെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒരു പച്ചക്കറി കടയുടമ. ഉത്തര്‍പ്രദേശിലെ വാരണാസിയിലെ ഒരു പച്ചക്കറി കച്ചവടക്കാരനാണ് ഇത്തരത്തില്‍ തന്റെ കടയുടെ മുന്നില്‍ തക്കാളിക്ക് ബോഡിഗാര്‍ഡായി രണ്ടുപേരെ ഏര്‍പ്പെടുത്തിയത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത്.

യുപിയിലെ ഒരു കച്ചവടക്കാരനായ അജയ് ഫൗജി തന്റെ പച്ചക്കറി വണ്ടിയുടെ മുന്നില്‍ നില്‍ക്കാൻ രണ്ട് ബോഡിഗാര്‍ഡിനെ വാടകയ്‌ക്കെടുത്തിട്ടുണ്ട്. തക്കാളിയുടെ വില കൂടുതലായതിനാലാണ് ബൗണ്‍സര്‍മാരെ നിയമിച്ചതെന്ന് ഫൗജി വാര്‍ത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ‘തക്കാളി കിലോയ്ക്ക് 160 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആളുകള്‍ അക്രമത്തില്‍ ഏര്‍പ്പെടുകയും തക്കാളി പോലും കൊള്ളയടിക്കുകയും ചെയ്യുന്നു. അതിനലാണ് കാവലിനാളിനെ വച്ചത്’, അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോയില്‍, തക്കാളിയില്‍ തൊടാൻ ശ്രമിക്കുന്ന ഉപഭോക്താക്കളെ ബോഡീഗാര്‍ഡ് ആട്ടിയോടിക്കുന്നത് കാണാം. “കൃപ്യാ തമാറ്റര്‍ കോ മാറ്റ് ചുഹേ” (ദയവായി തക്കാളിയില്‍ തൊടരുത്) എന്നെഴുതിയ പ്ലക്കാര്‍ഡുകളും ഈ കടയുടെ മുന്നിലുണ്ട്. എന്നാല്‍, സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്യുകയും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയെ പരിഹസിക്കുകയും “തക്കാളിക്ക് ‘ഇസഡ് പ്ലസ്’ സുരക്ഷ ബിജെപി നല്‍കണമെന്ന് പറയുകയും ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇത്, വില കിലോയ്ക്ക് 250 രൂപ വരെ എത്തിയിരിക്കുകയാണ്. ഉത്തരാഖണ്ഡിലെ ചില്ലറ വിപണിയില്‍ തക്കാളി കിലോയ്ക്ക് 200 മുതല്‍ 250 രൂപ വരെയാണ് വില്‍ക്കുന്നത്. ഗംഗോത്രിധാമില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപയും ഉത്തരകാശിയില്‍ 180 മുതല്‍ 200 രൂപ വരെയുമാണ് വില. ഡല്‍ഹിയില്‍ 120 രൂപയും ചെന്നൈയില്‍ 117 രൂപയും മുംബൈയില്‍ 108 രൂപയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക