ഭുവന്വേശര്‍: കൊവിഡ് വ്യാപനം രൂക്ഷമായതോടെ മാവോയിസ്റ്റുകള്‍ക്കും കഷ്ടകാലം. ജീവന്‍ നിലനിര്‍ത്താനായി ചികിത്സ തേടി മാവോയിസ്റ്റ് നേതാക്കള്‍ പൊലീസിന് മുന്നിലെത്തി കീഴടങ്ങുകയാണ്. ഒഡീഷയിലെ മല്‍ക്കങ്കിരി ജില്ലയില്‍ കഴിഞ്ഞ ദിവസം കീഴടങ്ങിയ രണ്ട് മാവോയിസ്റ്റ് നേതാക്കളില്‍ ഒരാളുടെ തലക്ക് പൊലീസ് ഇട്ടിരുന്ന വില രണ്ടുലക്ഷം രൂപയായിരുന്നു. കോവിഡ് വ്യാപിച്ചെന്ന സംശയത്തെ തുടര്‍ന്നാണ് ഇവര്‍ കീഴടങ്ങിയത്. കാടിനുള്ളില്‍ കഴിയുന്ന നിരവധി മാവോയിസ്റ്റുകള്‍ കൊവിഡ് ബാധിച്ച്‌ ചികിത്സ കിട്ടാതെ മരിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കീഴടങ്ങിയ മാവോയിസ്റ്റുകളെ ചോദ്യം ചെയ്തതില്‍ കാട്ടില്‍ ക്യാംപ് ചെയ്യുന്ന മാവോയിസ്റ്റുകള്‍ കൊവിഡ് കാരണം കുടുങ്ങിയിരിക്കുകയാണെന്ന് വ്യക്തമായതായി ഒഡീഷ പൊലീസ് ഉദ്യോ​ഗസ്ഥര്‍ പറയുന്നു. കാട്ടില്‍ ക്യാംപ് ചെയ്യുന്ന നിരവധി മാവോയിസ്റ്റുകള്‍ക്ക് കൊവിഡ് ബാധിച്ചതായി സംശയമുണ്ട്. എന്നാല്‍ ചികിത്സയോ പരിശോധനയോ ചെയ്യാനാവാതെ ഇവര്‍ കഷ്ടപ്പെടുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷാസേനകളുടെ ക്യാംപുകള്‍ വ്യാപകമായി സ്ഥാപിച്ചതോടെ ഒഡീഷയിലെ മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം ദുര്‍ബലമായിട്ടുണ്ട്. മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പലര്‍ക്കും പൊതുസമൂഹത്തിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹമുണ്ടെന്നും എന്നാല്‍ നേതാക്കന്‍മാര്‍ ഇതിന് അനുവദിക്കുന്നില്ലെന്നുമാണ് കീഴടങ്ങിയ മാവോയിസ്റ്റുകള്‍ പറയുന്നത്. ആയുധം താഴെ വയ്ക്കാന്‍ ഉദ്ദേശിക്കുന്ന മാവോയിസ്റ്റുകളെ പ്രൊത്സാഹിപ്പിച്ചു കൊണ്ട് പ്രത്യേക പുനരധിവാസ പദ്ധതിയും ധനസഹായവും അടങ്ങിയ പാക്കേജ് ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക