രാഷ്ട്രീയത്തില്‍ ഭാഗ്യപരീക്ഷണം നടത്താൻ ഒരുങ്ങുന്ന വിജയ് അടുത്തവര്‍ഷത്തോടെ സിനിമാഭിനയത്തിന് ഇടവേള നല്‍കിയേക്കും. ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം വൃത്തങ്ങളാണ് ഇതുസംബന്ധിച്ച്‌ സൂചന നല്‍കുന്നത്. രാഷ്ട്രീയ പ്രവേശം ഉറപ്പിച്ച വിജയ് തന്റെ 68-ാം ചിത്രം 2024 -ല്‍ പുറത്തിറങ്ങിയതിനുശേഷം പുതിയ സിനിമകളില്‍ അഭിനയിക്കുന്നത് നിര്‍ത്താനാണ് ഒരുങ്ങുന്നത്. 67-ാം ചിത്രമായ ലിയോ പൂജ അവധിക്കാലത്ത് റിലീസ് ചെയ്യും.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം രംഗത്തിറങ്ങാനാണ് വിജയ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് ഏതാനും വര്‍ഷത്തേക്ക് അഭിനയരംഗത്തുണ്ടാകില്ല. സ്വന്തം പാര്‍ട്ടിയെ ശക്തിപ്പെടുത്തി 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും. ഈ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും സിനിമ പൂര്‍ണമായും ഉപേക്ഷിക്കണോയെന്ന് തീരുമാനിക്കുക. പാര്‍ട്ടി കാര്യമായ ചലനമുണ്ടാക്കിയില്ലെങ്കില്‍ കമല്‍ഹാസനെ പോലെ വിജയ്യും സിനിമയും രാഷ്ട്രീയവും ഒരുമിച്ച്‌ കൊണ്ടുപോകാൻ സാധ്യതയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഭാവിയില്‍ കമലുമായി സഖ്യമുണ്ടാക്കാനും സാധ്യതയുണ്ട്. നേരത്തേ തന്നെ വിജയ്യെ കമല്‍ഹാസൻ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിരുന്നു. നിലവില്‍ ഡി.എം.കെ. സഖ്യവുമായി അടുപ്പം പുലര്‍ത്തുന്ന കമല്‍ ലോക്സഭാ തിരഞ്ഞെടുപ്പോടെ ഈ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് തമിഴ്നാട് രാഷ്ട്രീയത്തിലുണ്ടായ സാധ്യത മുതലാക്കാനാണ് കമല്‍ പുതിയ പാര്‍ട്ടി ആരംഭിച്ചതെങ്കിലും വിജയം കണ്ടിട്ടില്ല.

കമലിനെപ്പോലെ രാഷ്ട്രീയത്തിലിറങ്ങാൻ ഒരുങ്ങിയ രജനീകാന്ത് പാര്‍ട്ടി രൂപവത്കരണത്തിനുള്ള 90 ശതമാനം നടപടികളും പൂര്‍ത്തിയാക്കിയതിന് ശേഷം ആരോഗ്യപ്രശ്നം പറഞ്ഞു പിൻമാറുകയായിരുന്നു. ഇതോടെയാണ് വിജയ്യുടെ രാഷ്ട്രീയ പ്രവേശസാധ്യത തുറന്നത്. സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളും കേന്ദ്രീകരിച്ച്‌ സജീവമായി സന്നദ്ധ പ്രവര്‍ത്തനം നടത്താൻ ആരാധക സംഘടനാ പ്രവര്‍ത്തകര്‍ക്ക് വിജയ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ സംഘടനയെ തന്നെ അദ്ദേഹം പാര്‍ട്ടിയാക്കി മാറ്റി രാഷ്ട്രീയ പ്രവേശം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക