മന്ത്രി സെന്തില്‍ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവും മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഏജൻസികളെ ഉപയോഗിച്ച്‌ വിരട്ടാനാണ് ശ്രമമെങ്കില്‍ അതിന്റെ പ്രത്യാഘാതം നേരിടാൻ നിങ്ങള്‍ക്ക് കഴിയില്ലെന്നും ഇത് ഭീഷണിയല്ല, മുന്നറിയിപ്പാണെന്നും സ്റ്റാലിൻ പറഞ്ഞു.

‘ഡിഎംകെ പ്രവര്‍ത്തകരെ ചൊടിപ്പിക്കരുത്. എല്ലാ രാഷ്ട്രീയവും ഞങ്ങള്‍ക്കറിയാം, ഇതൊരു ഭീഷണിപ്പെടുത്തലല്ല, മുന്നറിയിപ്പാണ്’ എന്ന അടിക്കുറിപ്പോടെ പുറത്തുവിട്ട വീഡിയോ സന്ദേശത്തിലൂടെയാണ് സ്റ്റാലിന്റെ പ്രതികരണം. ഞാൻ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങാൻ കഴിയില്ലെന്ന (നാൻ തിരുപ്പിയടിച്ചാല്‍ ഉളങ്കളാല്‍ താങ്കമുടിയാത്) കലൈഞ്ജര്‍ കരുണാനിധിയുടെ വാക്കുകള്‍ സ്റ്റാലിൻ ഓര്‍മിപ്പിക്കുകയും ചെയ്തു. ഇ.ഡിയെ ഉപയോഗിച്ച്‌ ഡിഎംകെയെ ഭയപ്പെടുത്താമെന്നാണ് ബിജെപി കരുതിയതെങ്കില്‍ നിരാശപ്പെടേണ്ടി വരും. തെറ്റായ വഴിയിലൂടെ ഡിഎംകെയെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അതിന്റെ പ്രത്യാഘാതം താങ്ങില്ലെന്നും സ്റ്റാലിൻ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് ജയിക്കാനാവാത്ത സ്ഥലങ്ങളില്‍ ഏജൻസികളെ ഉപയോഗിക്കലാണ് ബിജെപിയുടെ രീതി. അവര്‍ക്കറിയാവുന്ന ഒരേയൊരു രീതിയും അതാണ്. ജനങ്ങള്‍ ബിജെപിയെ വിശ്വസിക്കുന്നില്ല. അപ്പോള്‍ ബിജെപി വളഞ്ഞ വഴി സ്വീകരിക്കുകയാണ്. ശിവസേനയേയും മമതയേയും ഡി.കെ ശിവകുമാറിനെയും ആര്‍ജെഡിയേയും എല്ലാം ഈ നിലക്കാണ് കൈകാര്യം ചെയ്തതെന്നും സ്റ്റാലിൻ പറഞ്ഞു. അണ്ണാ ഡി.എം.കെയെപ്പോലെ അടിമയായി മാറാത്തവര്‍ക്ക് ഇതാണ് അനുഭവം. അണ്ണാ ഡി.എം.കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ്. അവര്‍ക്കൊപ്പം ചേര്‍ന്നതോടെ എല്ലാ നടപടികളും നിര്‍ത്തിവെച്ചു. എന്നാല്‍, തങ്ങള്‍ അതുപോലെ അടിമയാകുമെന്ന് ബി.ജെ.പി കരുതേണ്ട. ഡി.എം.കെ അങ്ങനെയൊരു കക്ഷിയല്ലെന്ന് ഓര്‍ത്തോളൂ. അടിച്ച പന്ത് തിരികെ വന്ന് നെറ്റിയില്‍ കൊള്ളുമെന്നും സ്റ്റാലിൻ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക