‘ലേഡി സിങ്കം’ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അസം പോലീസ് ഉദ്യോഗസ്ഥ ജുന്‍മോനി രാഭ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ട്രക്കില്‍ ഇടിച്ചായിരുന്നു അപകടം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.30-ഓടെയാണ് സംഭവം.വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രാഭയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇവരുടെ വാഹനത്തിലിടിച്ച ട്രക്ക് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ അപകടസമയത്ത് വാഹനമോടിച്ചിരുന്ന ട്രക്ക് ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. അപകടസമയത്ത് യൂണിഫോമിലല്ലായിരുന്നു അവര്‍. തന്റെ സ്വകാര്യ വാഹനത്തില്‍ അപ്പര്‍ അസമിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. സുരക്ഷാസംവിധാനങ്ങളൊന്നുമില്ലാതെ രാഭാ ഈ പ്രദേശത്തേക്ക് പോയതെന്തിനാണെന്നതില്‍ പോലീസിനും വ്യക്തതയില്ല.
മൊറിക്കോലോങ് പോലീസ് ഔട്ട്പോസ്റ്റിന്റെ ചുമതലയിലുള്ള രാഭ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിലൂടെയാണ് ജനശ്രദ്ധ പിടിച്ചുപറ്റുന്നത്. എന്നാല്‍, സാമ്ബത്തിക വിഷയങ്ങള്‍ ഉള്‍പ്പടെ നിരവധി ആരോപണങ്ങളും ഇവര്‍ക്കെതിരെ നിലവിലുണ്ടായിരുന്നു. രാഭയെ അടുത്തിടെ അഴിമതിക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബിഹ്പുരിയ എം.എല്‍.എ. അമിയകുമാര്‍ ഭുയാനുമായുള്ള രാഭയുടെ ഫോണ്‍ സംഭാഷണം ചോര്‍ന്നതും ഏറെ വിവാദമായിരുന്നു. വനിതാ എസ്.ഐ. തന്റെ മണ്ഡലത്തിലെ ജനങ്ങളെ ഉപദ്രവിക്കുന്നുവെന്നായിരുന്നു എം.എല്‍.എ.യുടെ ആരോപണം. ഇതേച്ചൊല്ലി ഇരുവരും ഫോണിലൂടെ കലഹിച്ചതിന്റെ ശബ്ദരേഖകളും ജനുവരിയില്‍ പുറത്തുവന്നിരുന്നു.