കേരളീയ വേഷത്തില്‍‌ കൊച്ചിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കസവുമുണ്ടും ജൂബ്ബയും ഷാളും ധരിച്ചാണ് അദ്ദേഹം റോഡ് ഷോയില്‍ പങ്കെടുത്തത്. പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ്ഷോയാണ് ഇത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയിരിക്കുന്നത്. നാളെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.

കൊച്ചി വെണ്ടുരുത്തി പാലം മുതല്‍ തേവര എസ് എച്ച്‌ കോളേജ് വരെയായിരുന്നു റോഡ് ഷോ. തുടര്‍ന്ന് യുവം 2023 സംവാദത്തില്‍ പ്രധാനമന്ത്രി പങ്കെടുത്തു. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറ‍ഞ്ഞും സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചത്. സ്വര്‍ണക്കടത്ത് അടക്കമുളള കാര്യങ്ങളെ പരാമര്‍ശിച്ചുകൊണ്ടാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ചിലരുടെ ശ്രദ്ധ സ്വര്‍‌ണക്കടത്തിലാണെന്നും അവരുടെ അധ്വാനം അതിനു വേണ്ടി മാത്രമാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഇതിലൂടെ യുവാക്കളുടെ ഭാവി വച്ചാണ് കളിക്കുന്നതെന്നും കേരളത്തിലെ രണ്ട് മുന്നണികള്‍ക്കും സങ്കുചിതമായ കാഴ്ചപ്പാടാണ് ഉളളതെന്നും മോദി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുതിര്‍ന്ന ബിജെപി നേതാക്കള്‍ക്കൊപ്പം, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, നടിമാരായ അപര്‍ണ ബാലമുരളി, നവ്യാ നായര്‍, ഗായകരായ വിജയ് യേശുദാസ്, ഹരിശങ്കര്‍, നടന്മാരായ ഉണ്ണി മുകുന്ദന്‍, സുരേഷ് ഗോപി എന്നിവരും പ്രധാനമന്ത്രിക്കൊപ്പം യുവം വേദി പങ്കിട്ടു. തേവര സേക്രഡ് ഹാര്‍ട്ട് കോളജ് മൈതാനിയില്‍ നടന്ന പരിപാടിയില്‍ പ്രിയ മലയാളി യുവ സുഹൃത്തുക്കള്‍ക്ക് നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്.

നിലവിൽ അദ്ദേഹം ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തുകയാണ്. ചടുലമായ നീക്കങ്ങളാണ് കേരളം പിടിച്ചടക്കാൻ ബിജെപി നടത്തുന്നത്. പ്രധാനമന്ത്രി നേരിട്ട് തന്നെയാണ് കാര്യങ്ങളിൽ ഇടപെടുന്നതും. മോദി പ്രഭാവം കേരളത്തിൽ അലയടിക്കുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക