മാരുതി സുസുക്കിയുടെ വാഹനനിരയിലേക്ക് ഏറ്റവുമൊടുവിലെത്തിയ ക്രോസ് ഓവര്‍ മോഡലായ ഫ്രോങ്ങ്സിന്റെ വില പ്രഖ്യാപിച്ച്‌ നിര്‍മാതാക്കള്‍. രണ്ട് എന്‍ജിന്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളില്‍ എത്തിയിട്ടുള്ള ഫ്രോങ്ങ്സിന് 7.46 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില ആരംഭിക്കുന്നത്. 1.2 ലിറ്റര്‍ മോഡലിന് ഓട്ടോമാറ്റിക് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ക്ക് 7.46 ലക്ഷം രൂപ മുതല്‍ 9.27 ലക്ഷം രൂപയും 1.0 ലിറ്റര്‍ പതിപ്പിന് 9.72 ലക്ഷം രൂപ മുതല്‍ 13.13 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

1.2 ലിറ്റര്‍ എന്‍ജിനൊപ്പം മൂന്ന് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റുകളും രണ്ട് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും നല്‍കുമ്ബോള്‍ 1.0 ലിറ്റര്‍ ടര്‍ബോ എന്‍ജിന്‍ മോഡലിനൊപ്പം നാല് മാനുവല്‍ ട്രാന്‍സ്മിഷന്‍ വേരിയന്റും മൂന്ന് ഓട്ടോമാറ്റിക് പതിപ്പുകളുമാണ് എത്തുന്നത്. 1.2 ലിറ്റര്‍ എന്‍ജിന്‍ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 8.87 ലക്ഷത്തിലും 1.0 ലിറ്റര്‍ ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 12.5 ലക്ഷം രൂപയിലുമാണ് വില ആരംഭിക്കുന്നത്. നെക്സ ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ഈ വാഹനം വിപണിയില്‍ എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാരുതിയുടെ മിഡ് സൈസ് എസ്.യു.വിയായ ഗ്രാന്റ് വിത്താരയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ ഒരുങ്ങിയ വാഹനമാണ് ഫ്രോങ്സ് എന്ന ക്രോസ് ഓവര്‍. ഗ്രില്ല്, ഗ്രില്ലില്‍ നല്‍കിയ ക്രോമിയം സ്ട്രിപ്പിന് ചേര്‍ന്ന് നില്‍ക്കുന്ന ഡി.ആര്‍.എല്‍, ബോണറ്റ് എന്നിവ ഗ്രാന്റ് വിത്താരയില്‍ നിന്ന് കടം കൊണ്ടതാണ്. മൂന്ന് ലൈറ്റുകള്‍ നല്‍കിയിട്ടുള്ള ഹെഡ്ലാമ്ബ് ക്ലെസ്റ്റര്‍ മാരുതിയില്‍ പുതുമയാണ്. ബമ്ബറിന്റെ ഉള്‍പ്പെടെയുള്ള ഡിസൈന്‍ മാരുതിയുടെ മറ്റ് വാഹനങ്ങള്‍ കണ്ടിട്ടുള്ളതിന് സമാനമാണ്.

മുന്നില്‍ നിന്ന് നോക്കിയാല്‍ ഗ്രാന്റ് വിത്താര ആണെങ്കില്‍ വശങ്ങളില്‍ ഈ വാഹനം ബലേനൊയെ പോലെയാണ്. അലോയി വീല്‍, റിയര്‍ വ്യൂ മിറര്‍ എന്നിവ ബലേനൊയില്‍ നിന്ന് കടം കൊണ്ടവയാണ്. കോംപാക്‌ട് ക്രോസ് ഓവര്‍ ശ്രേണിയില്‍ എത്തുന്നതിനാല്‍ തന്നെ പിന്‍നിരയില്‍ അതിനിണങ്ങുന്ന മാറ്റങ്ങള്‍ പ്രകടമാണ്. മാരുതിയുടെ ജനപ്രിയ വാഹനങ്ങളുടെ ഡിസൈനുകള്‍ കോര്‍ത്തിണങ്ങി ഒരുങ്ങിയിട്ടുള്ള ഈ വാഹനം ലുക്കില്‍ സ്റ്റൈലിഷും സ്പോര്‍ട്ടിയുമാണ്.

ഇന്റീരിയറിനെ ഫീച്ചര്‍ സമ്ബന്നമാക്കുന്നതില്‍ മാരുതി പരമാവധി ശ്രമിച്ചിട്ടുണ്ട്. ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീലുകള്‍, ക്രൂയിസ് കണ്‍ട്രോള്‍ സംവിധാനം എന്നിവ അകത്തളത്തിലെ ഹൈലൈറ്റാണ്. ഇതിനൊപ്പം സുരക്ഷ ഉറപ്പാക്കുന്നതിനുള്ള 360 ഡിഗ്രി ക്യാമറ, ആറ് എയര്‍ബാഗ് തുടങ്ങിയവയാണ് ഇതില്‍ നല്‍കിയിട്ടുള്ളത്. അഞ്ച് പേര്‍ക്ക് യാത്രയൊരുക്കുന്ന വിശാലമായ സീറ്റുകളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

ഐഡില്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ് സംവിധാത്തിനൊപ്പം 1.2 ലിറ്റര്‍ ഡ്യുവല്‍ ജെറ്റ് ഡ്യുവല്‍ വി.വി.ടി. പെട്രോള്‍ എന്‍ജിന്‍ 89.7 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എ.ജി.എസ് എന്നിവയാണ് ഇതിലെ ട്രാന്‍സ്മിഷന്‍. 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എന്‍ജിന്‍ 100 പി.എസ്. പവറും 147.6 എന്‍.എം. ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവല്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഹാര്‍ടെക്‌ട് പ്ലാറ്റ്ഫോമിലാണ് ഈ വാഹനം നിര്‍മിച്ചിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക