തൃശൂര്‍: തൃശൂര്‍ പൂരം വെടിക്കെട്ട് പ്രതിസന്ധിയില്‍. പെസോയും ജില്ലാ ഭരണകൂടവും മുന്നോട്ടുവച്ച നിബന്ധന അംഗീകരിക്കാനാവില്ലെന്നാണ് ദേവസ്വങ്ങളുടെ മറുപടി. തേക്കിന്‍കാട്ടിലെ വെടിക്കെട്ട് മാഗസിനോട് ചേര്‍ന്ന് നിര്‍മ്മിക്കുന്ന താത്കാലിക ഷെഡ് പൊളിച്ചു നീക്കണമെന്ന് ദേവസ്വങ്ങള്‍ക്ക് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഷെഡ് ഇല്ലെങ്കില്‍ വെടിക്കെട്ട് നടത്താനാകില്ലെന്ന് കാണിച്ച്‌ ദേവസ്വങ്ങള്‍ കളക്ടര്‍ക്ക് മറുപടി കത്ത് നല്‍കുകയായിരുന്നു.

പെസോയുടെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടമാണ് ഷെഡ് പൊളിക്കാന്‍ ദേവസ്വങ്ങള്‍ക്ക് കത്ത് നല്‍കിയത്. കത്തില്‍ ഷെഡ് പാളിക്കാന്‍ നിര്‍ദേശിക്കുന്നത് സുരക്ഷാ കാരണങ്ങള്‍ കൊണ്ടാണെന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം വര്‍ഷങ്ങളായി മാഗസീനോട് ചേര്‍ന്ന് തന്നെയാണ് താല്‍ക്കാലിക ഷെഡ് നിര്‍മ്മിക്കാറുളളതെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. ഇതേ ഷെഡിലാണ് തൊഴിലാളികളുടെ വസ്ത്രങ്ങള്‍, തൊഴില്‍ ഉപകരണങ്ങള്‍, കുടിവെള്ളം, വെടിക്കെട്ടിന്‍റെ കടലാസ് കുംഭങ്ങള്‍, ഇവ മണ്ണില്‍ ഉറപ്പിക്കാനുള്ള കുറ്റികള്‍, കെട്ടാനുള്ള കയര്‍ എന്നിങ്ങനെയുളള സാധനങ്ങള്‍ സൂക്ഷിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാഗസീനില്‍ വെടിക്കെട്ട് സമയത്ത് മാത്രമാണ് കരിമരുന്ന് എത്തിക്കുക. എന്നാല്‍ മനപ്പൂര്‍വം പ്രതിസന്ധിയുണ്ടാക്കുകയാണെന്നുളള ആക്ഷേപമാണ് ദേവസ്വങ്ങള്‍ക്കുള്ളത്. ഈ മാസം 30നാണ് തൃശ്ശൂര്‍ പൂരം. 28നാണ് സാമ്ബിള്‍ വെടിക്കെട്ട്. മെയ് ഒന്നിന് പുലര്‍ച്ചെയാണ് പൂരം പ്രധാന വെടിക്കെട്ട്. ഇതിനിടെയാണ് ഷെഡ് പൊളിച്ച്‌ നീക്കി വെടിക്കെട്ട് നടത്താനാവില്ലെന്ന് കാണിച്ച്‌ ദേവസ്വങ്ങള്‍ കളക്ടര്‍ക്ക് കത്ത് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക