സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് കിടക്കുന്ന മണ്ണാണ് തമിഴ്നാടിന്റേത്. കരുണാനിധിയും എംജിആറും ജയലളിതയും മുതല്‍ ഇങ്ങേയറ്റത്ത് ഉദയനിധി സ്റ്റാലിന്‍ വരെ ആ നിരിയില്‍ എത്തി നില്‍ക്കുന്നു. കമല്‍ ഹാസന്‍ ശരത് കുമാര്‍, വിജയകാന്ത് തുടങ്ങി സ്വന്തം പാര്‍ട്ടി രൂപീകരിച്ചവരും നെപ്പോളിയനും ഖുഷ്ബുവും ഉള്‍പ്പടെ മറ്റ് പാര്‍ട്ടികളുടെ ഭാഗമായവരും നിരവധിയാണ്.സുപ്പര്‍ സ്റ്റാര്‍ രജനീകാന്തും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്തകളും ചര്‍ച്ചകളും ഒരു കാലത്ത് ശക്തിപ്പെട്ടിരുന്നുവെങ്കിലും ഒരു രാഷ്ട്രീയ അങ്കത്തിനുള്ള ബാല്യമില്ലെന്ന് വ്യക്തമാക്കി അദ്ദേഹം പിന്മാറി.

ഇതോടൊപ്പം തന്നെ ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനവും പലതവണയായി ചര്‍ച്ചയായിട്ടുണ്ട്. ഇപ്പോഴിതാ ഒരിക്കല്‍ കൂടി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. തമിഴ്നാട്ടില്‍ പ്രതിപക്ഷ കക്ഷിയായ എ ഐ എഡി എം കെയുമായി പുതുച്ചേരിയില്‍ എന്‍ ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ വിജയ് നീക്കം സജീവമാക്കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. താരത്തിന്റെ ആരാധക സംഘമായ വിജയ് മക്കള്‍ ഇയക്കം പ്രവര്‍ത്തകരാണു ഇതുസംബന്ധിച്ചു വ്യാപക പ്രചാരണം നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറുമായി വിജയ് നേരത്തെ കൂടിക്കാഴ്ച നടത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിരമിച്ച പൊലീസ്, ഐഎഎസ് ഉദ്യോഗസ്ഥര്‍, മുന്‍ എംഎല്‍എമാര്‍, മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുമായി വിജയ് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയിയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച്‌ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്നാല്‍ എ ഐ എ ഡി എംകെയും എന്‍ ആര്‍ കോണ്‍ഗ്രസും നിലവില്‍ ബി ജെ പി നയിക്കുന്ന എന്‍ ഡി എയുടെ ഭാഗമാണ്.

ഈ സാഹചര്യത്തില്‍ എങ്ങനെ വിജയ് ഈ രണ്ട് പാര്‍ട്ടികളോടുമായി സഖ്യമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റു നോക്കുന്നത്. വിജയ് ഇതുവരെ പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ടില്ലെങ്കിലും തന്റെ സിനിമകളിലൂടെ പലപ്പോഴും കൃത്യമായ രാഷ്ട്രീയം അദ്ദേഹം പറഞ്ഞ് വെച്ചിട്ടുണ്ട്. അത് പലപ്പോഴും ബി ജെ പി വിരുദ്ധവുമായിരുന്നു. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ ബി ജെ പി നേതൃത്വം തന്നെ വിജയിക്കെതിരെ പരസ്യമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചില്ലെങ്കിലും ദളപതി വിജയ് മക്കള്‍ ഇയക്കം (ടിവിഎംഐ) തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും നിരവധി സീറ്റുകളില്‍ വിജയിക്കുകയും ചെയ്യാറുണ്ട്.

2021 ല്‍ തമിഴ്‌നാട്ടിലെ പുതുതായി രൂപീകരിച്ച ഒന്‍പത് ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വില്ലുപുരം ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റ് സ്ഥാനം വിജയ് ഫാന്‍സ് നേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിച്ച വിജയിയുടെ നൂറിലധികം ആരാധകര്‍ അന്ന് വിജയിച്ചിരുന്നു. വിജയ് പ്രചരണത്തിന് എത്തുകയോ പ്രസ്താവന നടത്തുകയോ ചെയ്തില്ലെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിക്കാനും പ്രചാരണ വേളയില്‍ തന്റെ ചിത്രവും ടിവിഎംഐ പതാകയും ഉപയോഗിക്കാനും നടന്‍ വിജയ് അനുവദിച്ചിരുന്നു.

അതേസമയം, നേരത്തെ 2009 ല്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ താരം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന തരത്തില്‍ പ്രചരണം ശക്തമായിരുന്നു. 2020 ല്‍ കോണ്‍ഗ്രസ് പരസ്യമായി തന്നെ താരത്തെ സ്വാഗതം ചെയ്യുകയും ചെയ്തു. ‘ഞങ്ങള്‍ അദ്ദേഹത്തെ നിര്‍ബന്ധിക്കില്ല. പക്ഷെ കോണ്‍ഗ്രസില്‍ ചേരാന്‍ അദ്ദേഹം സന്നദ്ധനായാല്‍ ഞങ്ങള്‍ പൂര്‍ണ്ണ മനസോടെ സ്വീകരിക്കും’- എന്നായിരുന്നു അളഗിരി പറഞ്ഞത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക