ഇറ്റലി മാഫിയാ സംഘങ്ങളെ കൊണ്ടും തലവന്മാരെ കൊണ്ടും പൊറുതിമുട്ടി ഇരിക്കുകയായിരുന്നു. അടുത്തിടെ നിരവധിപ്പേരാണ് മാഫിയകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അതില്‍ മുങ്ങി ജീവിക്കുകയായിരുന്ന മാഫിയാത്തലവന്മാരും പെടുന്നു. എന്നാല്‍, ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നത് മറ്റൊരു വീഡിയോ ആണ്. ബെഡ്‍ഷീറ്റുപയോഗിച്ച്‌ ജയില്‍ ചാടി രക്ഷപ്പെടുന്ന ഒരു മാഫിയാ ബോസാണ് വീ‍ഡിയോയില്‍.

മാര്‍ക്കോ റഡുവാനോ എന്ന നാല്‍പതുകാരനായ മാഫിയാ ബോസാണ് വെള്ളിയാഴ്ച സാര്‍ഡിനിയയിലെ ബദുഇ കാരോസ് ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്. സംഭവം സിസിടിവി ക്യാമറയില്‍ പതിയുകയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍‌ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ട്രാക്ക് സ്യൂട്ടാണ് മാര്‍ക്കോ ധരിച്ചിരിക്കുന്നത്. വീഡിയോയില്‍ ബെഡ്‍ഷീറ്റുകള്‍ പരസ്പരം കൂട്ടിക്കെട്ടി ഒരു കയര്‍ പോലെ ആക്കിയ ശേഷം ഇയാള്‍ രണ്ട് നിലയുള്ള കെട്ടിടത്തില്‍ നിന്നും താഴേക്ക് ഇറങ്ങുന്നത് കാണാം. താഴെ പുല്ലിലേക്കാണ് അയാള്‍ ഇറങ്ങുന്നത്. പിന്നാലെ ഇയാള്‍ പുറത്തേക്കുള്ള മതിലിന്റെ അരികിലേക്ക് ഓടുന്നു. പിന്നാലെ നഗരത്തിലേക്ക് അപ്രത്യക്ഷമായി എന്നാണ് റിപ്പോര്‍ട്ടുകള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍, രസകരമായ കാര്യം ഇതൊന്നുമല്ല. രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഇയാള്‍ ജയില്‍ ചാടി പോയത് ആരും അറിഞ്ഞില്ല. അതിന് കാരണമായി അധികൃതര്‍ പറയുന്നത് ജീവനക്കാര്‍ കുറവായിരുന്നു ജയിലില്‍ എന്നതാണ്. അതീവ സുരക്ഷാ ജയിലുകളില്‍ പോലും ഇതാണോ അവസ്ഥ എന്നാണ് വീഡിയോ പുറത്ത് വന്നതോടെ നാട്ടുകാരുടെ ചോദ്യം. ഇത് ജനങ്ങളില്‍ വലിയ ആശങ്ക തന്നെ ഉണ്ടാക്കിയിട്ടുണ്ട്.

മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 18 വര്‍ഷത്തേക്കാണ് മാര്‍ക്കോയെ ശിക്ഷിച്ചിരിക്കുന്നത്. ജീവനക്കാരുടെ എണ്ണം കുറഞ്ഞത് ഇയാള്‍ മതില്‍ ചാടാനായി മുതലെടുത്തു എന്നാണ് പറയുന്നത്. ജീവനക്കാരുടെ എണ്ണം കുറവായിരുന്നു എന്ന് അധികൃതരും സമ്മതിച്ചു. 180 ജയില്‍പുള്ളികള്‍ക്ക് ആകെ 50 ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത് എന്നും അധികൃതര്‍ സമ്മതിച്ചു.ഏതായാലും ജയില്‍ചാട്ടത്തിന്റെ വീഡിയോ ഇപ്പോഴും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക