ഹയര്‍സെക്കന്‍ഡറി, ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി സൗജന്യ ലാപ്ടോപ് സ്കീം 2023-2024 പദ്ധതി വഴി സൗജന്യ ലാപ്ടോപ്പ് നല്‍കുന്നു എന്ന് അ‌റിയിച്ചുകൊണ്ട് വ്യാജവെബ്സൈറ്റ്. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിനോട് സാദൃശ്യം തോന്നുന്ന തരത്തില്‍ www.pmflsgovt.in എന്ന വെബ്സൈറ്റാണ് പ്രവര്‍ത്തിച്ചു വന്നത്. അ‌ശ്രദ്ധമൂലം ഇത് വ്യാജ വെബ്സൈറ്റ് ആണ് എന്ന് മനസിലാക്കാതെ ചില ദേശീയ മാധ്യമങ്ങള്‍ വരെ ഇത് സംബന്ധിച്ച്‌ വാര്‍ത്ത നല്‍കി.

മലയാളത്തിലെ പല മാധ്യമങ്ങളിലും ഇത് സംബന്ധിച്ച വാര്‍ത്ത വരികയുണ്ടായി. എന്നാല്‍ പിന്നീട് ഇത് വ്യാജ വെബ്സൈറ്റ് ആണെന്ന് തിരിച്ചറിഞ്ഞതോടെ എല്ലാ ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങളും ഇത് സംബന്ധിച്ച വാര്‍ത്ത തങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചു. എന്നാല്‍ ഇതിനോടകം വിദ്യാര്‍ഥികള്‍ക്ക് പ്രയോജനം ചെയ്യുന്ന പദ്ധതി എന്ന നിലയില്‍ ഇതിനോടകം നിരവധി പേരിലേക്ക് ഈ വാര്‍ത്ത എത്തിയിരുന്നു. അ‌തിനാല്‍ത്തന്നെ മാധ്യമങ്ങളുടെ വെബ്സൈറ്റില്‍ നിന്ന് പിന്‍വലിച്ചെങ്കിലും പലവിധത്തിലും ഈ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒറിജിനല്‍ വെബ്സൈറ്റിനെ തോല്‍പ്പിക്കുന്ന കെട്ടിലും മട്ടിലുമാണ് വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കീഴില്‍ പ്രധാനമന്ത്രിയുടെ സൗജന്യ ലാപ്ടോപ്പ് പദ്ധതിക്കായി തയാറാക്കിയ യഥാര്‍ഥ വെബ്സൈറ്റ് എന്ന് തോന്നിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ വ്യാജ വെബ്സൈറ്റിന്റെ വിജയം. പദ്ധതിക്കായി അ‌പേക്ഷിക്കാന്‍ 400 രൂപ അ‌പേക്ഷാ ഫീസായി നല്‍കണം എന്നത് ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങളും വ്യാജ വെബ്സൈറ്റില്‍ നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ ലാപ്ടോപ് പദ്ധതിയിലേക്ക് അ‌പേക്ഷിക്കാന്‍ സ്റ്റുഡന്റ് ഐഡി കാര്‍ഡ് / അഡ്മിഷന്‍ രേഖ, ആധാര്‍ കാര്‍ഡ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് എന്നിവ അ‌പ്ലോഡ് ചെയ്യണം എന്നത് അ‌ടക്കം നിരവധി മാര്‍ഗനിര്‍ദേശങ്ങളും ഈ വ്യാജ വെബ്സൈറ്റില്‍ നല്‍കിയിരുന്നു.

ഇത് കണ്ട് തെറ്റിദ്ധരിക്കപ്പെട്ടാണ് ദേശീയ – പ്രാദേശിക മാധ്യമങ്ങളടക്കം ഈ പദ്ധതിയെപ്പറ്റി റിപ്പോര്‍ട്ട് ചെയ്യുകയും ജനങ്ങളിലേക്ക് ഈ തെറ്റായ വാര്‍ത്ത എത്തുകയും ചെയ്ത്. ഈ വെബ്സൈറ്റിന്റെ ആധികാരികത പരിശോധിച്ച്‌ ഉറപ്പാക്കുന്നതില്‍ ഉണ്ടായ വീഴ്ച മാധ്യമങ്ങളെയും തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇത് ഒരു അറിയിപ്പായി കണ്ട് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കുക.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക