തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ നേതൃത്വം രംഗത്ത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എന്നിവർ തമ്മിലുള്ള അകൽച്ച ശക്തമായ സാഹചര്യത്തിലാണ് കടുത്ത വിമർശനവുമായി എഐസിസിയുടെ രംഗപ്രവേശം. സംസ്ഥാനത്ത് പാർട്ടി നേതൃത്വം രണ്ടു തട്ടിലാണെന്ന് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി. ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെ മുന്നിൽ നിൽക്കെ, സംഘടനാ ദൗർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു നീങ്ങണമെന്ന നിർദ്ദേശവും ദേശീയ നേതൃത്വം നൽകി.

കെപിസിസി യോഗത്തിലാണ് സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ സംസ്ഥാന നേതൃത്വത്തെ കടുത്ത ഭാഷയിൽ വിമർശിച്ചത്. രാഹുൽ ഗാന്ധി രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയുടെ ആവേശം നിലനിർത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിനു വീഴ്ചയുണ്ടായതായും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വിമർശിച്ചു. യാത്ര കടന്നുപോയപ്പോൾ ഉണ്ടായ ആവേശം പിന്നീട് ഉണ്ടായില്ല. കേരളത്തിലെ പര്യടനം പൂർത്തിയാക്കി യാത്ര അടുത്ത സംസ്ഥാനത്തേക്ക് കടന്നതോടെ എല്ലാം മറന്നു. പ്രവർത്തനം പഴയ പടിയായെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുധാകരനും സതീശനും തമ്മിലുള്ള അകൽച്ച പാർട്ടിയെ സാരമായി ബാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നികുതി ബഹിഷ്കരണത്തിൽ ഉൾപ്പെടെ സുധാകരനും സതീശനും വിപരീത നിലപാടു സ്വീകരിച്ചത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞ മൂന്നു ദശാബ്ദത്തിനിടെ കേരളത്തിൽ കോൺഗ്രസിനു ലഭിച്ച ഏറ്റവും നല്ല സമയത്ത്, പാർട്ടിയിലെ ഉൾപ്പോരുകൾ മറനീക്കി പുറത്തുവരുന്നത് നല്ല സൂചനയല്ലെന്ന് ദേശീയ നേതൃത്വം ചൂണ്ടിക്കാട്ടി.

aനേരത്തെ, കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് കെ.സുധാകരനെ നീക്കണമെന്ന ആവശ്യവുമായി കേരളത്തിൽ നിന്നുള്ള ഒരു സംഘം എംപിമാർ വേണുഗോപാലിനെ സന്ദർശിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സുധാകരനെ നീക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയരുന്നുണ്ടെങ്കിലും, സുധാകരൻ തുടരട്ടെയെന്ന നിലപാടാണ് ദേശീയ നേതൃത്വം സ്വീകരിക്കുന്നത്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വത്തിലെ പൊരുത്തക്കേടുകൾക്കെതിരായ വിമർശനം.

സംസ്ഥാന കോൺഗ്രസിലെ നേതൃമുഖമായി തരൂരിനെ അവരോധിക്കുമോ?

അതേസമയം കെ സി വേണുഗോപാൽ നടത്തിയത് നിർണായക നീക്കം ആണെന്നും കോൺഗ്രസ് സംസ്ഥാന രാഷ്ട്രീയത്തിൽ ഇത് വലിയ പൊളിച്ചേഴുത്തിന് വഴിയൊരുക്കും എന്നും വിലയിരുത്തപ്പെടുന്നുണ്ട്. കോൺഗ്രസിനെ ഏകോപിപ്പിക്കുവാൻ നേതൃമുഖമായി ശശി തരൂരിനെ കേരളത്തിൽ അവരോധിക്കാനുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും രാഷ്ട്രീയ വൃത്തങ്ങൾ വിലയിരുത്തുന്നു. തരൂരിന് പാർട്ടിയിൽ അർഹമായ അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള 7 എംപിമാർ കോൺഗ്രസ് ദേശീയ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ദേശീയ നേതൃത്വത്തിന് അനഭിമതൻ ആണെങ്കിലും കേരളത്തിൽ തരൂരിനെ കാര്യങ്ങളേൽപ്പിച്ചാൽ ഒരു വെടിക്ക് രണ്ടു പക്ഷി എന്ന നിലയിൽ എല്ലാം ശുഭം ആകുമെന്നാണ് ഡൽഹി വൃത്തങ്ങൾ വിലയിരുത്തുന്നത് എന്നും സൂചനയുണ്ട്. യുഡിഎഫിലെ മറ്റു കക്ഷികളെയും ഇത് സംതൃപ്തരാക്കുമെന്ന കാര്യവും ഹൈക്കമാൻഡ് പരിഗണിച്ചിട്ടുണ്ടാവാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക