പത്തനംതിട്ട: വാടകവീട്ടില്‍ താമസിച്ചിരുന്ന യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഒപ്പം താമസിച്ചിരുന്ന യുവാവിനെ തേടി പൊലീസ്. പുന്തല തുളസീഭവനത്തില്‍ സജിതയെ പന്തളത്തെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ടതിന് പിന്നാലെയാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം വെള്ളറട സ്വദേശി ഷൈജു ഒളിവില്‍ പോയത്. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ഷൈജുവിന്റെ ഫോണ്‍ ഓഫായ നിലയിലാണ്.

യുവതിയെ കൊലപ്പെടുത്തിയ ശേഷം ഷെെജു ഒളിവില്‍ പോയിരിക്കാനാണ് സാധ്യതയെന്ന് പൊലീസ് വ്യക്തമാക്കി. പന്തളം പൂഴിക്കാട്ട് തച്ചിരേത്ത് ലക്ഷ്മിനിലയത്തില്‍ മൂന്നുവര്‍ഷമായി വാടകയ്ക്ക് താമസിച്ചിരുന്നവരാണ് ഷൈജുവും സജിതയും. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലാണ് സജിത കൊല്ലപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിവാഹിതയായ സജിത ഏറെ നാളായി ഭര്‍ത്താവുമായി അകന്നു താമസിക്കുകയായിരുന്നു. ഇടയ്ക്ക് തിരുവല്ലയില്‍ ഒരു ഷോപ്പില്‍ യുവതി ജോലിക്ക് നിന്നിരുന്നു. ഇതിനിടെയാണ് യുവതി ഷെെജുവുമായി ഫേസ്ബുക്കിലൂടെ പരിചയത്തിലാകുന്നത്. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. സജിതയ്ക്ക് ഒപ്പം ഏറെ നാളായി ഷെെജു താമസിച്ചു വരികയായിരുന്നു.

ഭര്‍ത്താവുമായി പൂര്‍ണ്ണമായി അകന്നതോടെയാണ് യുവതി ഷെെജുവിനൊപ്പം താമസമാരംഭിച്ചത്. കുറച്ചു കാലമായി ഇവര്‍ വാടക വീടെടുത്ത് ഒരുമിച്ച്‌ താമസിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സമീപത്തെ വീട്ടുകാരുമായി അടുത്ത ബന്ധം ഇവര്‍ പുലര്‍ത്തിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഷെെജു തന്റെ സുഹൃത്തുക്കളോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. വീട്ടിലെത്തിയ സുഹൃത്തുക്കള്‍ കണ്ടത് തലയ്ക്ക് അടിയേറ്റ് രക്തം വാര്‍ന്നു കിടക്കുന്ന സജിതയെയാണ്. എന്നാല്‍ ഷെെജുവിനെ വീട്ടില്‍ കാണാനും കഴിഞ്ഞില്ല. സജിതയ്ക്ക് പരിക്കേറ്റതായി സുഹൃത്തുക്കള്‍ അറിയിച്ചത് പ്രകാരം പൊലീസ് വീട്ടിലെത്തുകയായിരുന്നു. വീട്ടില്‍ എത്തിയ പൊലീസ് രക്തം വാര്‍ന്ന നിലയില്‍ കണ്ടെത്തിയ സജിതയെ ആശുപത്രിയിലാക്കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൂടുതല്‍ പരിശോധനയില്‍ തലയ്ക്ക് ഏറ്റ അടിയാണ് യുവതിയുടെ മരണത്തിന് കാരണമെന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു. പരിശോധനയില്‍ യുവതിയുടെ തലയ്ക്കടിച്ച മരക്കഷ്ണം കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ പരിശോധന നടത്തിയിരുന്നു. പരിശമാധനയിലാണ് മരണകാരണം തലയ്‌ക്കേറ്റ അടിയാലാണെന്ന് കണ്ടെത്തിയത്. ഷെെജുവിനെ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുവെന്നും അതിനുശേഷം മാത്രമേ മരണകാരണം സംബന്ധിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയുകയുള്ളു എന്നും പൊലീസ് അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക