15 വര്‍ഷം പഴക്കമുള്ള എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടേയും രജിസ്‌ട്രേഷന്‍ ഏപ്രില്‍ മുതല്‍ റദ്ദാക്കും എന്ന് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ സ്‌ക്രാപ്പിംഗ് നയത്തിന്റെ ഭാഗമായാണ് തീരുമാനം. ഇന്ത്യന്‍ റോഡുകളില്‍ നിന്ന് പഴകിയതും മലിനീകരണമുണ്ടാക്കുന്നതും സുരക്ഷിതമല്ലാത്തതുമായ വാഹനങ്ങളെ ഒഴിവാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

15 വര്‍ഷമോ അതില്‍ കൂടുതലോ പഴക്കമുള്ള കേന്ദ്രത്തിന്റേയുോ സംസ്ഥാനത്തിന്റേയോ സര്‍ക്കാരുകളുടെയോ ഉടമസ്ഥതയിലുള്ളതും കേന്ദ്രഭരണ പ്രദേശങ്ങളിലോ, പൊതുമേഖലാ സ്ഥാപനങ്ങള്‍, മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ തുടങ്ങിയവയിലുള്ളതുമായ വാഹനങ്ങളാണ് പൊളിക്കുക. പഴയ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ 15 വര്‍ഷം ആകുന്നതിന് മുന്‍പ് പുതുക്കിയിട്ടുണ്ടെങ്കില്‍, അത്തരം രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയമേവ റദ്ദാക്കപ്പെടും. സ്‌ക്രാപ്പിംഗ് നയം രാജ്യവ്യാപകമാകാന്‍ പോകുന്നത് 2024 ല്‍ ജൂണില്‍ ആണ്. ഇതിന് മുന്നോടിയായി സര്‍ക്കാര്‍ വാഹനങ്ങള്‍ പൊളിച്ച്‌ മാതൃക കാണിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രജിസ്ട്രേഡ് വാഹന സ്‌ക്രാപ്പിംഗ് സൗകര്യങ്ങളിലൂടെ മാത്രമേ സ്‌ക്രാപ്പ് ചെയ്യാവൂ എന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം രാജ്യത്തിന്റെ പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷയ്ക്കും വേണ്ടി ഉപയോഗിക്കുന്ന കവചിത വാഹനങ്ങളേയും മറ്റ് പ്രത്യേക വാഹനങ്ങളേയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വാഹന നിര്‍മ്മാണത്തിനും അനുബന്ധ മേഖലകള്‍ക്കും പുതിയ നയം നേട്ടമാകും. വാണിജ്യ വാഹനങ്ങള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും 2024 ജൂണ്‍ മുതല്‍ ആണ് സ്‌ക്രാപ്പിംഗ് നയം ബാധകമാകുക.

2070 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എന്നതിലേക്കാണ് രാജ്യം ലക്ഷ്യമിടുന്നത്. അതേസമയം പുതിയ സ്‌ക്രാപ്പിംഗ് നയം കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ കെ എസ് ആര്‍ ടി സി പോലുള്ള പൊതുഗതാഗത സംവിധാനത്തെ ബാധിക്കും. പഴക്കം ചെന്ന വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണ പ്രശ്നങ്ങള്‍ വളരെ വലുതാണ് എന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്. അന്തരീക്ഷ മലിനീകരണം രൂക്ഷമായ ഡല്‍ഹിയില്‍ ഇപ്പോള്‍ തന്നെ 10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനു കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇവിടെ ഒറ്റ, ഇരട്ട അക്ക നമ്ബര്‍ വാഹനങ്ങള്‍ക്കായി പ്രത്യേക ദിവസങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക