2023 ഓട്ടോ എക്സ്പോയുടെ ആദ്യ ദിനം സര്‍പ്രൈസുകളുടെ പൂരമൊന്നുമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടോര്‍സ്. നേരത്തെ അവതരിപ്പിച്ച കണ്‍സെപ്റ്റ് കാറുകള്‍ക്ക് പുറമെ ഹാരിയര്‍ ഇവി, ആള്‍ട്രോസ് സിഎന്‍ജി, ആള്‍ട്രോസ് റേസര്‍, പഞ്ച് സിഎന്‍ജി മോഡലുകള്‍ പ്രദര്‍ശിപ്പിച്ചാണ് ടാറ്റ ഇന്ന് വ്യത്യസ്‌തമായി നിന്നത്.

അതില്‍ ജനപ്രിയമായ ആള്‍ട്രോസിന്റെ ഐ-സിഎന്‍ജി പതിപ്പിനെ പരിചയപ്പെടുത്തിയത് പലരേയും സന്തോഷിപ്പിച്ച കാര്യങ്ങളില്‍ ഒന്നാണ്. കാറിന്റെ സുരക്ഷയ്ക്കൊപ്പം മൈലേജിലെ വര്‍ധനവാണ് കംപ്രസ്‌ഡ് നാച്ചുറല്‍ ഗ്യാസ് പതിപ്പിനെ വേറിട്ടുനിര്‍ത്തുന്നത്. ചിത്രങ്ങളില്‍ കാണുന്നത് പോലെ, ഡിസ്‌പ്ലേ മോഡലിന് ഒപ്പുലന്റ് റെഡ് നിറമാണ് ലഭിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മിക്ക സ്റ്റൈലിംഗ് ഘടകങ്ങളും സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് നിലനിര്‍ത്തിയിട്ടുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. കാരണം കാറിന്റെ ഡിസൈനിന് അത്രമേല്‍ സ്വീകാര്യത കിട്ടിയ കാര്യങ്ങളില്‍ ഒന്നാണ്. ആയതിനാല്‍ മാറ്റങ്ങള്‍ ഒരു സിഎന്‍ജി കിറ്റിന്റെ ഉള്‍പ്പെടുത്തലിലേക്ക് പരിമിതപ്പെടുത്തും. ആള്‍ട്രോസ് ആല്‍ഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്.

പ്രീമിയം ഹാച്ച്‌ബാക്കിന് പരിചിതമായ സ്റ്റൈലിംഗ് ഘടകങ്ങളായ നന്നായി നിര്‍വചിക്കപ്പെട്ട ഫ്രണ്ട് വീല്‍ ആര്‍ച്ചുകള്‍, വാഹനത്തിന്റെ നീളത്തില്‍ പ്രവര്‍ത്തിക്കുന്ന ഷാര്‍പ്പ് ഷോള്‍ഡര്‍ ക്രീസുകള്‍ എന്നിവയെല്ലാം ടാറ്റ ഐ-സിഎന്‍ജിയില്‍ അതേപടി നിലനിര്‍ത്തിയിട്ടുണ്ട്. മാത്രമല്ല, വിന്‍ഡോയ്ക്ക് താഴെയുള്ള ബ്ലാക്ക് ഫിനിഷ്ഡ് സില്ലുകളും അതേപടി തുടരുകയാണ്. ഇവയെ ‘ഷൂട്ടിംഗ് സ്റ്റാര്‍ ബെല്‍റ്റ്ലൈന്‍’ എന്നാണ് കമ്ബനി വിളിക്കുന്നത്.

ഗ്രില്ലിന് മുകളിലുള്ള ഡാര്‍ക്ക് ക്രോം സ്ലേറ്റാണ് മുന്‍വശത്തെ ഹൈലൈറ്റ് ചെയ്യുന്നത്. അത് സ്വീപ്പ്-ബാക്ക് ഹെഡ്‌ലാമ്ബുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് അതിമനോഹരമായ കാര്യമാണ്. ആള്‍ട്രോസിന്റെ ഐ-സിഎന്‍ജി വേരിയന്റുകളില്‍ 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സിസ്റ്റം, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് സ്റ്റോപ്പ്, ക്രൂയിസ് കണ്‍ട്രോള്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, പിന്‍ പാര്‍ക്കിംഗ് ക്യാമറ തുടങ്ങിയ സവിശേഷതകളും ലഭിക്കും. മാത്രമല്ല, പുതിയ സിഎന്‍ജി മോഡലില്‍ അധികമായി ഒരു ഇലക്‌ട്രിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, മൂഡ് ലൈറ്റിംഗ്, റെയിന്‍ സെന്‍സിംഗ് വൈപ്പറുകള്‍ എന്നിവയും ടാറ്റ മോട്ടോര്‍സ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മെക്കാനിക്കല്‍ വിശദാംശങ്ങള്‍ കമ്ബനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും സിഎന്‍ജി പതിപ്പിന് 1.2 ലിറ്റര്‍ റെവോട്രോണ്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ഇത് ടിയാഗോ സിഎന്‍ജിയിലും ടിഗോര്‍ സിഎന്‍ജിയിലും കാണുന്ന അതേ ഓപ്ഷന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 6,000 rpm-ല്‍ 85 bhp കരുത്തും 3,300 rpm-ല്‍ 113 Nm torque ഉം വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സിഎന്‍ജി മോഡില്‍ പവര്‍ കണക്കുകള്‍ വ്യത്യാസപ്പെടാം.

എന്നാല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനില്‍ 5 സ്പീഡ് മാനുവല്‍ മാത്രമായിരിക്കും ലഭ്യമാവുക. ടാറ്റ ആള്‍ട്രോസ് സിഎന്‍ജി പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാം. അതോടൊപ്പം പഞ്ച് സിഎന്‍ജി മിനി എസ്‌യുവിയും വിപണിയില്‍ അവതരിപ്പിച്ചിട്ടുണ്ട് കമ്ബനി. ഇന്ത്യയില്‍ ആദ്യമായി ഓട്ടോ എക്‌സ്‌പോയില്‍ കണ്ട ടാറ്റ പഞ്ച് സിഎന്‍ജി വരും മാസങ്ങളില്‍ വിപണിയില്‍ അവതരിപ്പിക്കും. പ്യുവര്‍, അഡ്വഞ്ചര്‍, അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് എന്നീ നാല് വേരിയന്റുകളില്‍ വാഗ്ദാനം ചെയ്യുന്ന പെട്രോള്‍ മോഡലിനെ അക്‌പ്ലിഷ്ഡ്, ക്രിയേറ്റീവ് വേരിയന്റുകളിലായിരിക്കും ലഭ്യമാവുക.

ഫാക്ടറി ഫിറ്റഡ് സിഎന്‍ജി എഞ്ചിന്‍ ഓപ്ഷന്‍ ലഭിക്കുന്ന ആദ്യത്തെ എസ്‌യുവികളില്‍ ഒന്നാവും ടാറ്റ പഞ്ച് ഐ-സിഎന്‍ജി. ബൂട്ട് സ്പേസ് നഷ്‌ടമാവില്ല എന്നതാണ് ഇതിന്റെ പ്രധാന ഹൈലൈറ്റ്. ലഗേജ് ഇടത്തിന് താഴെയായി പിന്‍ നിലയ്ക്ക് മുകളില്‍ സ്ഥാപിച്ചിരിക്കുന്ന 30 ലിറ്റര്‍ വീതമുള്ള പുതിയ ഇരട്ട സിലിണ്ടറുകളാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. മോഡലില്‍ സ്‌പെയര്‍ ടയറും ലഭ്യമാവും. ഇലക്‌ട്രിക് സണ്‍റൂഫ്, R16 ഡയമണ്ട് കട്ട് അലോയ് വീലുകള്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്ബുകള്‍, എല്‍ഇഡി ഡിആര്‍എല്ലുകള്‍, 6 എയര്‍ബാഗുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്നും അതേപടി മുന്നോട്ടുകൊണ്ടുപോവും.

5 സ്റ്റാര്‍ ഗ്ലോബല്‍ NCAP റേറ്റഡ് പ്ലാറ്റ്‌ഫോം പഞ്ച് ഐ-സിഎന്‍ജിയിലും എത്തും. 2,445 മില്ലീമീറ്റര്‍ നീളമുള്ള വീല്‍ബേസും 3,827 മില്ലീമീറ്റര്‍ നീളവും 1,742 മില്ലീമീറ്റര്‍ വീതിയും 1,615 മില്ലീമീറ്റര്‍ ഉയരവുമാണ് പഞ്ചിനുള്ളത്. ആള്‍ട്രോസ് സിഎന്‍ജിക്ക് സമാനമായി 1.2 ലിറ്റര്‍ റെവോട്രോണ്‍ എഞ്ചിന്‍ സ്പോര്‍ട്ടിംഗ് ഡൈന-പ്രോ സാങ്കേതികവിദ്യയിലാണ് മിനി എസ്‌യുവിയുടെ സിഎന്‍ജി വേരിയന്റും വരുന്നത്. ആയതിനാല്‍ പവര്‍ കണക്കുകളും ഗിയര്‍ബോക്‌സ് ഓപ്ഷനുമെല്ലാം സമാനമായിരിക്കും. പെട്രോള്‍ ടാങ്ക് കപ്പാസിറ്റി 37 ലിറ്ററും സിഎന്‍ജി 60 ലിറ്ററും ആയിരിക്കും. പഞ്ച് സിഎന്‍ജിക്ക് പരമാവധി 25 കിലോമീറ്റര്‍ ഇന്ധനക്ഷമത ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക