തിരുവനന്തപുരം: രാഷ്ട്രീയ സംവിധാനത്തേയും രാഷ്ട്രീയക്കാരേയും രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ ശ്രീനിവാസന്‍ . കഴിവുള്ളവരാണ് നമ്മളെ ഭരിക്കേണ്ടത്, അവരെ തിരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ കഴിവാണ് ജനാധിപത്യം. എന്നാല്‍, നമ്മുടെ നാട്ടില്‍ കുറച്ചു കള്ളന്മാരാണ് രാഷ്ട്രീയത്തിലേക്ക് വരുന്നതെന്നും ഇതിനെ തെമ്മാടിപത്യം എന്നാണ് വിളിക്കേണ്ടതെന്നും ശ്രീനിവാസന്‍. ലവ്ഫുള്ളി യുവേഴ്‌സ് വേദ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ- ”ഇവിടെ പറയേണ്ട കാര്യമാണോ എന്ന് അറിയില്ല എങ്കിലും മനസ്സില്‍ വീര്‍പ്പുമുട്ടി കിടക്കുന്ന കുറച്ചു കാര്യങ്ങള്‍ ഒരു മൈക് കിട്ടിയപ്പോള്‍ പറയാന്‍ ആഗ്രഹം തോന്നി. പ്രധാനമായിട്ട് നമ്മള്‍ ജീവിക്കുന്ന ചുറ്റുപാടിനെക്കുറിച്ചാണ്. ഒരു നരകത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. ഡെമോക്രസി ആണ് എന്നൊക്കെയാണ് പറയുന്നത്, ജനാധിപത്യം. അതായത് 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗ്രീസിലാണത്രേ ആദ്യം ജനാധിപത്യത്തിന്റെ ഒരു മോഡല്‍ ഉണ്ടായത്. അന്ന് തത്വചിന്തകനായ സോക്രട്ടീസ് അദ്ദേഹത്തിന്റെ അനുഭവത്തില്‍നിന്നു പറഞ്ഞത് കഴിവുള്ളവരെയാണ് ഭരിക്കാന്‍ വേണ്ടി ജനങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്നാണ്. ഈ കഴിവുള്ളവരെ തിരഞ്ഞെടുക്കാനുള്ള കഴിവ് വോട്ട് ചെയ്യുന്നവര്‍ക്ക് ഉണ്ടാകണം. അതാണ് നമ്മുടെ ജനാധിപത്യത്തിന്റെ പ്രശ്‌നം എന്ന് അന്നത്തെക്കാലത്ത് അദ്ദേഹം പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ ഡെമോക്രസി കണ്ടുപിടിച്ചവനെ തൂക്കിക്കൊന്നിട്ട് ആത്മഹത്യ ചെയ്യുമായിരുന്നു. കാരണം രാഷ്ട്രീയത്തിലെ കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലേക്ക് പോകുന്നതുവരെ അഴിമതി ചെയ്യാനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം എന്ന് പറയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കള്ളന്മാരെ ഒരു ചുക്കും ചെയ്യാന്‍ പറ്റാത്ത വ്യവസ്ഥിതിയാണ് ഇവിടെ. ഞാനിതിനെ ജനാധിപത്യം എന്നല്ല പറയുക മറിച്ച്‌ തെമ്മാടിപത്യം എന്നാണ്. വളരെ ദയനീയമായ ഒരു ചുറ്റുപാടിലാണ് നമ്മള്‍ ജീവിക്കുന്നത്. ഒരു കഴിവുമില്ലാത്ത കള്ളന്മാരായ ആള്‍ക്കാര്‍ രാഷ്ട്രീയത്തില്‍ ഇങ്ങനെ വന്നുകൊണ്ടേയിരുന്നു. അവര്‍ കട്ട് മുടിച്ച്‌ നമ്മളെയും നാടിനെയും നശിപ്പിക്കും. ഈ ദുരിതം എന്നെങ്കിലും മാറുമോ എന്ന ആഗ്രഹത്തോടുകൂടി കഴിയാം എന്നല്ലാതെ ഒരു പ്രതീക്ഷയും നമുക്കില്ല. ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയെ പ്രത്യേകമായി എടുത്തു പറയുകയല്ല എല്ലാ രാഷ്ട്രീയപാര്‍ട്ടികളും കണക്കാണെന്നും ശ്രീനിവാസന്‍.

https://fb.watch/h-EMw53x0V/?mibextid=NnVzG8

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക