കൊലപാതകക്കുറ്റം ആരോപിച്ച്‌ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ബി ജെ പി നേതാവ് മിശ്രി ചന്ദ് ഗുപ്തയുടെ ഹോട്ടല്‍ ജില്ലാ ഭരണകൂടം സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ തകര്‍ത്തു. മദ്ധ്യപ്രദേശ് സാഗറിലെ മകരോണിയയിലുള്ള ജയ്‌റാം പാലസ് എന്ന അഞ്ചുനില കെട്ടിടമാണ് തകര്‍ത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

രണ്ട് നില കെട്ടിടം പണിയുന്നതിന് മാത്രമാണ് അനുമതി നല്‍കിയതെന്നും എന്നാല്‍ ഇത് ലംഘിച്ച്‌ അഞ്ചുനില കെട്ടിടം നിര്‍മിച്ചതിന്റെ പേരിലാണ് നടപടിയെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇന്‍ഡോറില്‍ നിന്നെത്തിയ പ്രത്യേക സംഘം 60 സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്‌ എട്ടുമണിക്കൂറോളം എടുത്താണ് അഞ്ചുനില കെട്ടിടം പൂര്‍ണമായി തകര്‍ത്തത്. രണ്ട് സ്ഫോടനങ്ങളിലായി കെട്ടിടം തകര്‍ക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാഗര്‍ ജില്ലാ കളക്ടര്‍ ദീപക് ആര്യ, ഡി ഐ ജി തരുണ്‍ നായക് മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ കെട്ടിടം പൊളിക്കുന്ന സമയം സന്നിഹിതരായിരുന്നു. സുരക്ഷ കണക്കിലെടുത്ത് പ്രദേശത്തെ ട്രാഫിക് നിര്‍ത്തിവച്ചിരുന്നതായി കളക്ടര്‍ അറിയിച്ചു. പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. നാശനഷ്ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കെട്ടിടം പൊളിക്കുക മാത്രമാണ് ചെയ്തതെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

ജഗ്‌ദീഷ് യാദവ് കൊലപാതകവുമായി ബന്ധപ്പെട്ട് ജനരോഷം ആളിക്കത്തുന്നതിനിടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നടപടി. കൊലപാതകവുമായി ബന്ധപ്പെട്ട് ബി ജെ പി നേതാവ് മിശ്രി ചന്ദ് ഗുപ്തയ്ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കൊറിഗോണ്‍ സ്വദേശിയായ ജഗ്‌ദീഷ് യാദവ് ഡിസംബര്‍ 22ന് എസ് യു വി ഇടിച്ചുണ്ടായ അപകടത്തിലാണ് കൊല്ലപ്പെട്ടത്. പൗരസമിതി തിരഞ്ഞെടുപ്പില്‍ ഗുപ്തയുടെ ഭാര്യ മീനയെ 83 വോട്ടിന് പരാജയപ്പെടുത്തിയ സ്വതന്ത്ര കൗണ്‍സിലര്‍ കിരണ്‍ യാദവിന്റെ അനന്തരവനാണ് കൊല്ലപ്പെട്ട ജഗ്‌ദീഷ് യാദവ്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും അഞ്ചുപേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട മിശ്രി ചന്ദ് ഗുപ്തയും മറ്റ് രണ്ടുുപേരും ഒളിവിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക