ചെന്നൈ: മണ്ഡൂസ് ചുഴലിക്കാറ്റ് കരയില്‍ തൊട്ടതിന് പിന്നാലെ തമിഴ്നാട്ടില്‍ വന്‍ നാശനഷ്ടം. ചെന്നൈ നഗരത്തിലെ ടി നഗര്‍ ഏരിയയില്‍ കെട്ടിടത്തിന്‍റെ ഭിത്തി തകര്‍ന്നു വീണ് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. വാഹനങ്ങളില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെന്നൈയിലെ നുങ്കമ്ബാക്കം, എഗ്മോര്‍ പ്രദേശങ്ങളില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണു.

നുങ്കമ്ബാക്കം ഹൈറോഡിലെ ഫോര്‍ത്ത് ലൈനിലാണ് ആദ്യം അപകടം റിപ്പോര്‍ട്ട് ചെയ്തത്. എഗ്മോറില്‍ പെട്രോള്‍ പമ്ബിന് മുകളിലേക്ക് തണല്‍മരം കടപുഴകി വീണ് അപകടമുണ്ടായി. പമ്ബിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നിലംപതിച്ചു. ചെങ്കല്‍പട്ട് ജില്ലയിലും ഈസ്റ്റ് കോസ്റ്റ് റോഡിലും ജി.എസ്.ടി റോഡിലും മരങ്ങള്‍ കടപുഴകിയതായി റിപ്പോര്‍ട്ടുണ്ട്. രണ്ട് ജില്ലകളില്‍ വൈദ്യുതി മുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുലര്‍ച്ചെ 1.30 ഓടെയാണ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മണ്‍ഡൂസ് ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ മാമല്ലപുരത്ത് (മഹാബലിപുരം) കരയില്‍ പതിച്ചത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിച്ചത്. പത്ത് ജില്ലകളിലായി ദേശീയ ദുരന്ത നിവാരണ സേനയെ (എന്‍ഡിആര്‍എഫ്) വിന്യസിച്ചിട്ടുണ്ട്.തമിഴ്‌നാട് സര്‍ക്കാര്‍ 5,000 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്. ചെങ്കല്‍പട്ട് ജില്ലയില്‍ 1058 കുടുംബങ്ങളെ 28 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. പുതുച്ചേരി, ചെങ്കല്‍പട്ട്, വെല്ലൂര്‍, കാഞ്ചീപുരം, തിരുവള്ളൂര്‍, കാരയ്ക്കല്‍, ചെന്നൈ എന്നീ ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

അതേസമയം, കേരളത്തില്‍ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കേരള- കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക