
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുമെന്ന മുന്നറിയിപ്പിനിടെ തമിഴ്‌നാട്ടില്‍ അതിതീവ്ര മഴയില്‍ കനത്ത നാശം. താഴ്ന്ന പ്രദേശങ്ങളും വീടുകളും വെള്ളത്തിനടിയിലായി. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. വെള്ളക്കെട്ടില്‍ പാര്‍ക്ക് ചെയ്ത കാറുകള്‍ ഒലിച്ചുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതിനിടെ കനത്ത മഴയില്‍ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. പുതിയതായി നിര്‍മ്മിച്ച കെട്ടിടം തകര്‍ന്നാണ് ചെന്നൈയിലെ കാണത്തൂരില്‍ രണ്ട് പേര്‍ മരിച്ചത്. ജാര്‍ഖണ്ഡ് സ്വദേശികളാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു.നഗരത്തില്‍ രൂക്ഷമായ വെള്ളക്കെട്ട് ആയതോടെ ജനജീവിതം പൂര്‍ണമായി നിശ്ചലമായി. വെള്ളം കയറിയതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളവും അടച്ചു. പുതുച്ചേരിയിലും കനത്ത മഴ തുടരുകയാണ്. ജനങ്ങളോട് അടിയന്തരാവശ്യത്തിനൊഴികെ വീടിന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി.
ചെന്നൈ അടക്കമുള്ള ആറ് ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.അതിശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ നഗരത്തിലെ പല സ്ഥലങ്ങളും വെള്ളത്തിനടയിലാണ്. പലയിടത്തും വൈദ്യതി ബന്ധം വിഛേദിച്ചു. വൈകിട്ട് വരെ അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
റണ്‍വേയില്‍ വെള്ളം കയറിയതോടെ രാത്രി 11 മണി വരെ ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ചെന്നൈയില്‍നിന്നുള്ള 20 വിമാനസര്‍വീസുകള്‍ റദ്ദാക്കി. ചില വിമാനങ്ങള്‍ ബംഗളൂരുവിലേക്കു തിരിച്ചുവിട്ടു. 23 വിമാനങ്ങള്‍ വൈകും. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈയിലെ വിവിധ മെട്രോ സ്റ്റേഷനുകള്‍ക്ക് സമീപം വെള്ളക്കെട്ട് രൂപപ്പെട്ടു. സെന്റ് തോമസ് മെട്രോ സ്റ്റേഷനില്‍ നാലടിയോളം വെള്ളം കെട്ടിനിന്ന് സ്റ്റേഷനിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു.