മുന്നണി വിട്ട ജോസിനേയും കൂട്ടരേയും തിരികെ യു ഡി എഫിലേക്ക് എത്തിക്കാനുള്ള ശ്രമം കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കോണ്‍ഗ്രസ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ കെ മുരളീധരന്‍ എംപിയും സമാനമായ അഭിപ്രായ പ്രകടനവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. കേരള കോണ്‍ഗ്രസിനെ ഒരു കാരണവശാലും മുന്നണിയില്‍ നിന്നും പറഞ്ഞ് വിടരുതെന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. അന്ന് പരസ്യമായി അത് തുറന്ന് പറയുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴും ഞാന്‍ അത് തന്നെ പറയുകയാണ്.

പക്ഷെ പെട്ടെന്ന് ഒരു കാര്യം ആലോചിച്ചാല്‍ അത് നടക്കണമെന്നില്ല. അതിന് കുറച്ച്‌ ഹോം വര്‍ക്കം ചെയ്യേണ്ടതുണ്ട്. ജോസ് കെ മാണിക്ക് ഒരിക്കലും അധിക കാലം അവിടെ നില്‍ക്കാന്‍ സാധിക്കില്ലെന്ന കാര്യം ഉറപ്പാണെന്നും കെ മുരളീധരന്‍ പറയുന്നു. സീ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി ഗ്രൂപ്പിനെ മാത്രമല്ല, മുന്നണി വിട്ടുപോയ എല്ലാവരേയും തിരികെ കൊണ്ടുവന്ന് യു ഡി എഫ് ശക്തിപ്പെടുത്തണം എന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ശക്തമായ പ്രവര്‍ത്തനവുമായി മുന്നോട്ട് പോയാല്‍ അതിന് കഴിയും. മുന്നണി വിട്ടുപോയവര്‍ തിരിച്ച്‌ വരണമെങ്കില്‍ അതിനുവേണ്ട ഒരു അന്തരീക്ഷം ഇവിടെ ഉണ്ടാവണം. അതോടൊപ്പം നിലവിലുള്ളവരുടെ അംഗീകാരവും വേണം. അത് ഒറ്റ രാത്രികൊണ്ട് നടക്കുന്ന കാര്യവുമല്ലെന്നും കെ മുരളീധരന്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രാഷ്ട്രീയത്തില്‍ ഒന്നും ശ്വാശതമല്ല. ഞങ്ങളെ നോക്കണ്ട എന്ന് പറഞ്ഞാല്‍ ഒരിക്കലും വരില്ല എന്നല്ല. ഇപ്പോള്‍ തന്നെ ചെറിയ സൂചനയുണ്ട്. ആനുകാലികമായ വിഷയങ്ങളില്‍ ചെറിയ അഭിപ്രായ വ്യത്യാസമുണ്ട്. എന്നുവെച്ച്‌ ഇത്ര ദിവസം കൊണ്ട് അവര്‍ വരും എന്ന് പറയാന്‍ ഞങ്ങള്‍ക്കും സാധിക്കില്ല. മാനസികമായ പൊരുത്തം വന്നിട്ട് ചെയ്യേണ്ട കാര്യമാണ് അതൊക്കെ. ആദ്യം മാണി ഗ്രൂപ്പ് യുഡിഎഫില്‍ നിന്ന് പുറത്ത് പോയെങ്കിലും മാണി സര്‍ എല്‍ഡിഎഫിനൊപ്പം പോയിരുന്നില്ല. അദ്ദേഹം കാത്തിരുന്ന് തിരികെ വരികയായിരുന്നു. എല്‍ഡിഎഫിലെ എല്ലാ കാര്യവും അദ്ദേഹത്തിന് അറിയാമായിരുന്നു.

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടുപോയത് ദൌര്‍ഭാഗ്യകരമായ കാര്യമാണ്. അന്ന് രണ്ട് ഭാഗത്തും വീഴ്ച പറ്റിയിട്ടുണ്ട്. മൂന്ന് മാസത്തേക്ക് മാത്രം കാലാവധിയുണ്ടായിരുന്ന ഒരു പദവി സംബന്ധിച്ചാണ് അനാവശ്യ തര്‍ക്കമുണ്ടായത്. മുന്നണിക്ക് അകത്തുള്ളവരെ കൂടി കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കേണ്ടതുണ്ട്. അതിന് സമയമെടുക്കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ക്കുന്നു.

കോഴിക്കോട് നടന്ന കോണ്‍ഗ്രസ് പ്രാദേശിക ചിന്തന്‍ ശിബിരത്തില്‍ മുന്നണി വിട്ട ഘടകകക്ഷികളെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാര്‍ട്ടി പാസാക്കിയിരുന്നു. കേരള കോണ്‍ഗ്രസിന്റെ പേര് എടുത്ത് പറഞ്ഞില്ലെങ്കിലും പ്രധാനമായും ലക്ഷ്യം വെച്ചത് അവരേയും എല്‍ജെഡിയേയുമായിരുന്നു. എന്നാല്‍ ഇരുവരും കോണ്‍ഗ്രസിന്റെ ക്ഷണം തള്ളുകയാണുണ്ടായത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക