കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വില സംസ്ഥാനത്ത് കുതിച്ചുയരുന്നു. സിമന്‍റ്, കമ്ബി എന്നിവയുള്‍പ്പെടെയുള്ള വസ്തുക്കളുടെ വില വര്‍ദ്ധനവ് നിര്‍മ്മാണ മേഖലയെ സാരമായി ബാധിച്ചു. സമീപകാലത്ത് കേരളത്തില്‍ കെട്ടിട നിര്‍മ്മാണച്ചെലവില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച്‌ നിര്‍മ്മാണ മേഖലയിലെ സംഘടനകള്‍ സംയുക്ത സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് സിമന്‍റ് വില 60 രൂപയിലധികം കൂടി. ടിഎംടി സ്റ്റീല്‍ കമ്ബിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 25 രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ക്രഷര്‍ ഉല്‍പ്പന്നങ്ങളുടെ വില 25 ശതമാനവും പെയിന്‍റ് വില 20 ശതമാനവും വര്‍ദ്ധിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി മാസം രണ്ട് കോടിയിലധികം സിമന്‍റ് ചാക്കുകള്‍ കേരളത്തില്‍ വില്‍ക്കുന്നുണ്ടെന്നാണ് കണക്ക്. കുറഞ്ഞ ഉത്പാദനമുള്ള പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റിന് വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ കഴിയുന്നില്ല. വിപണിയുടെ 96 ശതമാനവും നിയന്ത്രിക്കുന്ന സ്വകാര്യ സിമന്‍റ് കമ്ബനികള്‍ ഇഷ്ടാനുസരണം വില വര്‍ദ്ധിപ്പിക്കുകയാണ്.

മറ്റ് സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടല്‍ കാര്യക്ഷമമായി നടക്കുന്നതിനാല്‍ കേരളത്തിലേതുപോലുള്ള പ്രതിസന്ധിയില്ലെന്നാണ് മേഖലയിലുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നത്. കോവിഡിന് ശേഷം കേരളത്തിലെ കെട്ടിട നിര്‍മ്മാണച്ചെലവില്‍ 20 ശതമാനം വര്‍ദ്ധനവുണ്ടായെന്നാണ് കണക്ക്. സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലൂടെ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വില വര്‍ദ്ധനവ് മൂലം ഉണ്ടാകുന്നത്.

വില നിയന്ത്രിക്കാന്‍ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ നിര്‍മ്മാണ മേഖല തകരുമെന്ന് ഈ മേഖലയില്‍ സജീവമായവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഈ മാസം 9ന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തുന്നതുള്‍പ്പെടെയുള്ള സമരപരിപാടികള്‍ ആരംഭിക്കാനാണ് നിര്‍മ്മാണ മേഖലയിലെ സംഘടനകളുടെ തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക