“ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ” എന്ന വിശേഷണം ലഭിക്കുന്നത് ഏതെങ്കിലും സ്ത്രീകള്‍ ഇഷ്ടപ്പെടുമോ? എന്നാല്‍ ഇത്തരത്തിലൊരു വിശേഷണം ലഭിച്ച വ്യക്തിയാണ് മേരി ആന്‍ ബെവന്‍. ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ എന്ന പേരില്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിങ്ങള്‍ ചിലപ്പോള്‍ ഇവരുടെ മുഖം കണ്ടേക്കാം. എന്നാല്‍ ഈ വിശേഷണം ബെവന് എങ്ങനെ ലഭിച്ചു എന്ന് നോക്കാം.

ആരും ഏറ്റെടുക്കാന്‍ തയ്യാറാകാത്ത ഈ വിശേഷണം ഏറ്റെടുക്കാന്‍ ആന്‍ എന്ന അമ്മയെ പ്രേരിപ്പിച്ച ത്യാഗത്തിന്റെ കഥയാണിത്. ലണ്ടനിലെ ന്യൂഹാം സ്വദേശിനിയായ മേരി ആന്‍ ബെവന്‍ ഒരു നഴ്സ് ആയിരുന്നു. അവരുടെ ജീവിതം സാധാരണഗതിയില്‍ മുന്നോട്ടു പോകുന്ന ഒരു സമയത്താണ് തന്റെ ശരീരത്തില്‍ ഉണ്ടാകുന്ന അസാധാരണമായ മാറ്റം ബെവന്‍ ശ്രദ്ധിച്ചത്. അക്രോമെഗാലി എന്ന ഹോര്‍മോണല്‍ ഡിസോര്‍ഡര്‍ ആയിരുന്നു ഇതിന് കാരണം. ഈ രോഗാവസ്ഥ ചിലപ്പോള്‍ ഒരാളുടെ ശരീരത്തെ വിചിത്ര രൂപമാക്കി മാറ്റിയേക്കാം. അക്കാലത്ത് ഈ രോഗാവസ്ഥ തികച്ചും അജ്ഞാതമായിരുന്നു. അങ്ങനെ ഒരു രോഗവും പേറി ജീവിതം മുന്നോട്ടു പോകുന്ന സാഹചര്യത്തിലായിരുന്നു ബെവന്റെ ഭര്‍ത്താവിന്റെ പെട്ടെന്നുള്ള മരണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് കടുത്ത സാമ്ബത്തിക ബാധ്യത നേരിട്ട അവര്‍ തന്റെ കുടുംബത്തിന് വേണ്ടി വേള്‍ഡ് അഗ്ലീയസ്റ്റ് വുമണിനെ (ലോകത്തിലെ ഏറ്റവും വിരൂപയായ സ്ത്രീ) തിരഞ്ഞെടുക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചു. ഈ മത്സരത്തില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒരു ജോലിയും അവരെ തേടിയെത്തി. ഒരു സര്‍ക്കസ് കമ്ബനിയിലേക്ക് ആയിരുന്നു അവര്‍ക്ക് ക്ഷണം ലഭിച്ചത്. അവിടെ പതിവായി ഷോകളില്‍ പങ്കെടുക്കുകയായിരുന്നു അവരുടെ ജോലി. തന്റെ വിചിത്രമായ രൂപം കൊണ്ട് മറ്റുള്ളവരില്‍ നിന്ന് അപമാനവും പരിഹാസവും ഏറ്റുവാങ്ങി ബെവന്‍ അവിടെ നിന്നു. അങ്ങനെ തന്റെ നാല് മക്കളെ വളര്‍ത്താന്‍ ആവശ്യമായ പണം സമ്ബാദിക്കാന്‍ ബെവന് കഴിഞ്ഞു.

ഇപ്പോള്‍ ഗ്രീഫ് ഹിസ്റ്ററി എന്ന ഇന്‍സ്റ്റാഗ്രാം പേജില്‍ ആണ് ബെവന്റെ ചിത്രത്തോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്ന കഥ വീണ്ടും ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ആ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ലോകത്തിലെ ഏറ്റവും വൃത്തികെട്ട സ്ത്രീയെന്ന വിശേഷണത്തോടെയല്ല ഇവര്‍ അറിയപ്പെടേണ്ടത്. മറിച്ച്‌ അതിജീവനത്തിനായി തനിക്ക് ചെയ്യാവുന്നതെല്ലാം ചെയ്ത ഒരു മികച്ച അമ്മയായി വേണം ബെവനെ ഓര്‍ക്കാന്‍ എന്നായിരുന്നു. എന്നാല്‍ ഈ പോസ്റ്റിന് താഴെ അവരുടെ ത്യാഗത്തെ വിമര്‍ശിച്ചും ചില കമന്റുകള്‍ ഉയര്‍ന്നു. “അവര്‍ അവരുടെ മോശം സാഹചര്യം പൂര്‍ണ്ണമായും സ്വന്തം നേട്ടത്തിനായി ചൂഷണം ചെയ്തു. അക്കാര്യത്തിലായിരിക്കണം ഇവരെ ഓര്‍ക്കേണ്ടത്” എന്നായിരുന്നു ഒരാളുടെ കമന്റ്. ഇങ്ങനെ നിരവധി വിമര്‍ശനങ്ങളാണ് ഉയരുന്നത്.

എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍ ബെവന്‍ അവരുടെ മോശം അവസ്ഥയെ ജീവിതത്തിലെ ഒരു പുതിയ ലക്ഷ്യമായി വീണ്ടെടുക്കുകയായിരുന്നു. തന്റെ രോഗത്തോട് പൊരുതി വ്യത്യസ്തമായ ഒരു പദവി നേടിയ ഒരാള്‍. ഇത് വിചിത്രമായി തോന്നാമെങ്കിലും പലരും അവരെ അതിനു പ്രേരിപ്പിച്ച സാഹചര്യങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നില്ല. അവരുടെ ത്യാഗം മനസ്സിലാക്കിയവര്‍ക്ക് അവരെ പരിഹസിക്കാനോ വിമര്‍ശിക്കാനോ സാധിക്കുകയുമില്ല. അതിലുപരി അക്രോമെഗാലി എന്ന രോഗത്തോട് ഇന്നും പൊരുതുന്ന നിരവധി രോഗികള്‍ക്ക് ഒരു വലിയ പ്രചോദനമാണ് മേരി ആന്‍ ബെവന്‍ എന്ന പേര്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക