ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കോണ്‍ഗ്രസിന്‍റെ സ്വാധീന മേഖലകള്‍ പിന്നിട്ട് വെല്ലുവിളികളുടെ ഘട്ടത്തിലേക്ക്. 18ന് ആന്ധ്രപ്രദേശിലേക്കും തുടര്‍ന്ന് തെലങ്കാനയിലേക്കും പദയാത്ര എത്തുമ്ബോള്‍ ജനപിന്തുണ എത്രത്തോളം ലഭിക്കുമെന്ന് ഉറ്റുനോക്കുകയാണ് പാര്‍ട്ടി.

ഒരിക്കല്‍ ശക്തികേന്ദ്രമായിരുന്ന ആന്ധ്രപ്രദേശില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കിട്ടിയത് രണ്ടു ശതമാനം വോട്ടാണ്. ജഗന്‍ റെഡി നയിക്കുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസിനു മുന്നില്‍ കോണ്‍ഗ്രസ് നാമാവശേഷമായി. അവിടേക്കാണ് 18ന് രാഹുലും സംഘവും എത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട്, കേരളം, കര്‍ണാടക എന്നിവിടങ്ങളില്‍ കിട്ടിയത് വന്‍സ്വീകാര്യതയാണെങ്കില്‍, ആന്ധ്രയിലെ മൂന്നു ദിവസത്തെ പര്യടനത്തിനിടയില്‍ സ്വീകരണ പരിപാടി സംഘടിപ്പിക്കുന്നതും ആളുകളെ എത്തിക്കുന്നതിനും സംവിധാനം തന്നെ ഇല്ലാത്ത സ്ഥിതിയാണ്. തെലങ്കാന രാഷ്ട്രസമിതി നയിക്കുന്ന തെലങ്കാനയിലും സ്ഥിതി മോശം. രണ്ടിടത്തും ഭരണകക്ഷിയുടെ സമീപനം തണുപ്പനാണ്.

ഭാരത് ജോഡോ യാത്ര തുടങ്ങുമ്ബോള്‍ സമാന ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളെയും സംഘടനകളെയും അണിചേരാന്‍ കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. അതേസമയം, ബന്ധം പുതുക്കി സഖ്യങ്ങള്‍ക്ക് ഉണര്‍വുപകരുക യാത്രയുടെ ലക്ഷ്യമല്ലെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നുണ്ട്. എങ്കിലും സഹകരണം പ്രതീക്ഷിക്കുന്നുമുണ്ട്.

തമിഴ്നാട്ടില്‍ യാത്ര തുടങ്ങുമ്ബോള്‍ സഖ്യകക്ഷിയായ ഡി.എം.കെയുടെ നേതാവും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന്‍ സോണിയ ഗാന്ധിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് പങ്കെടുത്തത്. കേരളത്തിലേക്ക് കടന്നപ്പോള്‍ മുസ്ലിം ലീഗ്, ആര്‍.എസ്.പി, സി.എം.പി പ്രവര്‍ത്തകരും നേതാക്കളും സഹകരിച്ചു. കര്‍ണാടകത്തില്‍ ജനതദള്‍-യുവും യാത്രയില്‍ അണിനിരന്നു.

കഴിഞ്ഞ മാസം ഏഴിന് തുടങ്ങി ഇതുവരെയുള്ള യാത്രക്കിടയില്‍ രാഹുല്‍ ഗാന്ധി വിവിധ സംഘങ്ങളെ കണ്ടു. മഹാരാഷ്ട്രയില്‍ പ്രവേശിക്കുമ്ബോള്‍ സ്വീകരിക്കാന്‍ എന്‍.സി.പി നേതാവ് ശരത്പവാറും മകള്‍ സുപ്രിയ സുലെയും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. അതേസമയം, ആന്ധ്രയിലും തെലങ്കാനയിലും വ്യത്യസ്തമാണ് സ്ഥിതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക