തിരുവനന്തപുരം: മാലിന്യം വിറ്റ് വന്‍ ലാഭം നേടി ക്ലീന്‍ കേരള കമ്ബനി ലിമിറ്റഡ്. വെറും 20 മാസത്തിനുള്ളില്‍ അഞ്ച് കോടി രൂപയാണ് കമ്ബനി ലാഭമുണ്ടാക്കിയിരിക്കുന്നത്. മാലിന്യം ശേഖരിച്ച്‌ അവ ഉണക്കി സംസ്‌കരിക്കുന്നതിനും വില്‍ക്കുന്നതിനുമായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ സ്ഥാപനമാണ് ക്ലീന്‍ കേരള ലിമിറ്റഡ്. സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്ത സംരഭമായ ഈ സ്ഥാപനം 2021 ജനുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

2021 ജനുവരി മുതല്‍ 2022 ഓഗസ്റ്റ് വരെ സംസ്ഥാനത്തുടനീളം 7,382 ടണ്‍ മാലിന്യമാണ് ശേഖരിച്ചത്. ഹരിത കര്‍മ സേന വോളന്റിയര്‍മാര്‍ വഴിയായിരുന്നു ശേഖരണം. ഇക്കാലയളവില്‍ പുനരുപയോഗിക്കനാവാത്ത 49,672 ടണ്‍ നിര്‍ജ്ജീവ വസ്തുക്കളും കമ്ബനി ശേഖരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്ലാസ്റ്റിക്, ഗ്ലാസ്, ഇ-വേസ്റ്റ് തുടങ്ങി ഉണങ്ങിയതും പുനരുപയോഗിക്കാവുന്നതുമായ മാലിന്യങ്ങള്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കമ്ബനികള്‍ക്ക് വില്പ്പന നടത്തിയാണ് അഞ്ച് കോടി രൂപയുടെ ലാഭമുണ്ടാക്കിയതെന്ന് എംഡി സുരേഷ് കുമാര്‍ പറഞ്ഞു. 20 മാസത്തിനുള്ളില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനായി സികെസിഎല്‍ ഹരിത കര്‍മ സേനയ്ക്ക് 4.5 കോടി രൂപ നല്‍കിയതായും അദ്ദേഹം വ്യക്തമാക്കി.

സ്ഥാപനത്തിന്റെ ഓഹരിയില്‍ സംസ്ഥാന സര്‍ക്കാരിന് 26 ശതമാനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 74 ശതമാനവുമാണ് വീതിച്ച്‌ നല്‍കിയിട്ടുള്ളത്. ജില്ലാതലത്തില്‍ മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള സൗകര്യം, സംസ്‌കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍, സര്‍ക്കാര്‍ ഓഫീസ് സമുച്ചയങ്ങളില്‍ മെറ്റീരിയല്‍ ശേഖരണ സൗകര്യങ്ങള്‍, ഗ്ലാസ് വേസ്റ്റ് സോര്‍ട്ടിംഗ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുകയാണ് തുടര്‍ന്നുള്ള ലക്ഷ്യമെന്നും കമ്ബനി അറിയിച്ചു.

ഇതിനായി പതിനാല് ജില്ലകളിലും ആവശ്യമായ സ്ഥലം കണ്ടെത്തി വരികയാണ്. പത്തനംതിട്ടയിലും ആലപ്പുഴയിലും ഇന്റഗ്രേറ്റഡ് റീസൈക്ലിംഗ് യൂണിറ്റിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. തൃശുരിലെ പ്ലാന്റ് നിര്‍മാണം പൂര്‍ത്തിയായി രണ്ട് മാസത്തിനുള്ളില്‍ ഉദ്ഘാടനം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അനുബന്ധ വൃത്തങ്ങള്‍ അറിയിച്ചു.

സംസ്ഥാനത്തുടനീളം മാലിന്യ പുനരുപയോഗ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് റീബില്‍ഡ് കേരള പദ്ധതി പ്രകാരം 53.5 കോടി രൂപ കമ്ബനിക്ക് ലഭിച്ചു. 1,972 ടണ്‍ ഇ-മാലിന്യങ്ങള്‍ ശേഖരിച്ച്‌ പുനരുപയോഗ, സംസ്‌കരണ യൂണിറ്റുകള്‍ക്ക് വിറ്റു. ഏകദേശം 583.05 ടണ്‍ ഗ്ലാസ് മാലിന്യങ്ങളും 42 ടണ്‍ മാലിന്യ തുണികളും ശേഖരിച്ച്‌ സംസ്‌കരിച്ചു. കൂടാതെ, സംസ്‌കരിച്ച്‌ വിറ്റതില്‍ നിന്നും 2,872 ടണ്‍ ഷ്രെഡ്ഡ്, പോളിമറൈസ്ഡ് പ്ലാസ്റ്റിക് എന്നിവ രാജ്യത്തുടനീളം 5,142.92 കിലോമീറ്റര്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചതായും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക