തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് പിന്തുണയേറുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഭിന്നസ്വരം ഉയര്‍ന്നത് എന്നതും ശ്രദ്ധേയമായി.

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം സ്വീകരിക്കുന്നത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശശി തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും. ഈ ആശങ്ക കാരണമാണ് കേരളത്തിലെ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തരൂരിന് പരസ്യ പിന്തുണയുമായി ശബരിയും ഹൈബിയും

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശശി തരൂരിന് കഴിയും എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്റെ നിലപാട്. അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ മുന്നേറ്റങ്ങളെ ചെറുത്ത് തോല്‍പിക്കാനും കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും ശശി തരൂരിന് കഴിയും എന്നും കെ എസ് ശബരീനാഥന്‍ വ്യക്തമാക്കുന്നു.

ശബരീനാഥന് പിന്നാലെ ഹൈബി ഈഡന്റെ പിന്തുണയും ശശി തരൂരിനുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടം കൊണ്ടുവരാന്‍ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് സാധിച്ചു എന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ശശി തരൂരിന്റെ ലോകവിവരം, ഭാഷാജ്ഞാനം, ലോകനേതാക്കള്‍ക്കിടയിലുള്ള സ്വീകാര്യത എന്നിവ കോണ്‍ഗ്രസിന് ഗുണപരമാകും എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

യൂത്ത് കോൺഗ്രസ് പ്രത്യേകിച്ച് ആരെയും പിന്തുണയ്ക്കുന്നില്ല; നിലപാടുകൾ വ്യക്തിപരം – ഷാഫി പറമ്പിൽ.

അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച്‌ പുറത്ത് വരുന്ന നിലപാടുകള്‍ തീര്‍ത്തും വ്യക്തിപരം മാത്രമാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്ബില്‍ പറയുന്നത്. ശശി തരൂരിനെ എതിര്‍ക്കുന്നതോ അനുകൂലിക്കുന്നതോ സംഘടനാ നിലപാടല്ല എന്നും കോണ്‍ഗ്രസിലെ തന്നെ രണ്ട് നേതാക്കള്‍ തമ്മിലുള്ള മത്സരമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതിനാല്‍ ആരെയും പുകഴ്ത്തുന്നതും ഇകഴ്ത്തുന്നതും നല്ലതല്ല എന്ന അഭിപ്രായമാണ് ഷാഫി പറമ്ബില്‍ പ്രകടിപ്പിക്കുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വത്തിലെത്തണം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ളവര്‍ പരസ്യമായി പറഞ്ഞിരുന്നു. നേരത്തെ ശശി തരൂരിന് അനുകൂലമായ നിലപാടായിരുന്നു സുധാകരന്‍ സ്വീകരിച്ചിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക