തിരുവനന്തപുരം: കനത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ വീണ്ടും കടമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഓണച്ചെലവുകള്‍ക്കായി 3,000 കോടി രൂപ കൂടി കടമെടുക്കാനാണ് നിലവില്‍ തീരുമാനമായത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ബോണസും ക്ഷേമപെന്‍ഷന്‍കാര്‍ക്ക് 2 മാസത്തെ പെന്‍ഷനും നല്‍കാനാണ് ഇത്രയും വലിയൊരു തുക വീണ്ടും സര്‍ക്കാര്‍ വായ്പയെടുക്കുന്നത്. കടമെടുപ്പു ലേലം 29ന് റിസര്‍വ് ബാങ്കില്‍ നടക്കും.

ശമ്ബളം, പെന്‍ഷന്‍, മറ്റു സാധാരണ ചെലവുകള്‍ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരുമെന്നാണ് നിഗമനം. പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ എല്ലാ ചൊവ്വാഴ്ചയും റിസര്‍വ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ബോണസ്,ഉത്സവബത്ത,അഡ്വാന്‍സ് തുടങ്ങിവയാണ് അടുത്ത മാസം ധനവകുപ്പിനുള്ള അധിക ചെലവ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് മാസത്തെ ക്ഷേമ പെന്‍ഷനും സെപ്റ്റംബര്‍ ആദ്യം വിതരണം ചെയ്യാനാണ് തീരുമാനം. 3,200 രൂപ വെച്ച്‌ 52 ലക്ഷത്തോളം പേര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ 1,800 കോടി രൂപയോളം വേണ്ടി വരും. ഇതുംകൂടെ വരുമ്ബോള്‍ ഇത്തവണ 8,000 കോടി രൂപയെങ്കിലും ഖജനാവില്‍ വേണം. 1000 കോടി രൂപ കടമെടുത്താല്‍ ഓണച്ചെലവ് നടന്നുപോകുമെന്നായിരുന്നു ആദ്യ നിലപാട്. പിന്നീട് കൂടുതല്‍ വേണമെന്ന് തിരിച്ചറിഞ്ഞു. ഇതോടെയാണ് മൂവായിരം കോടികൂടി കടമെടുക്കുന്നത്.

കെഎസ്‌ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എന്തു നടപടി കൈക്കൊള്ളണമെന്ന് ധനവകുപ്പ് തീരുമാനിച്ചിട്ടില്ല. വിധി പഠിച്ച ശേഷമാകും തീരുമാനമെന്ന് ധനവകുപ്പ് വൃത്തങ്ങള്‍ വ്യക്തമാക്കി. ബജറ്റില്‍ പ്രഖ്യാപിച്ച്‌ ധനബില്‍ പാസാക്കിയാണ് ധനവകുപ്പ് മറ്റു വകുപ്പുകള്‍ക്കു പണം നല്‍കുന്നത്. ഇതില്‍നിന്നു വിഭിന്നമായി വകുപ്പുകള്‍ക്കു പണം നല്‍കുന്ന കാര്യത്തില്‍ കോടതി ഇടപെടുന്നതില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്. എന്നാല്‍, വിധിക്കെതിരെ അപ്പീല്‍ പോകുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. തിരിച്ചടി ഭയന്നാണ് ഇത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാമ്ബത്തിക പ്രതിസന്ധി രൂക്ഷമായതിനാല്‍ ബോണസ് കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ നല്‍കാന്‍ കഴിയാത്തസ്ഥിതിയാണ്. കഴിഞ്ഞവര്‍ഷം നാലായിരം രൂപയാണ് ബോണസ് നല്‍കിയത്. അതിന് അര്‍ഹതയില്ലാത്തവര്‍ക്ക് 2750 രൂപ ഉത്സവബത്തയും നല്‍കിയിരുന്നു. 15,000 രൂപയാണ് തിരിച്ചടയ്‌ക്കേണ്ട ഉത്സവ അഡ്വാന്‍സായി നല്‍കിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങള്‍.

കടമെടുപ്പിന് കേന്ദ്രം പരിധി നിശ്ചയിച്ചതിനാല്‍ ഇക്കാര്യത്തില്‍ പിശുക്ക് കാണിക്കാതെ ധനവകുപ്പിന് മുന്നോട്ട് പോകാനാകില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബോണസ് തുക എത്ര നല്‍കണമെന്ന് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. കെ.എസ്.ആര്‍.ടി.സിയാണ് സര്‍ക്കാരിന് മുന്നിലെ വലിയ പ്രതിസന്ധി.ധനവകുപ്പില്‍ നിന്ന് കൂടുതല്‍ തുക അടിയന്തരമായി നല്‍കേണ്ടി വരും.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ പണമില്ലാത്തതിനാല്‍ ഇതും ബജറ്റില്‍ നിന്ന് തന്നെ നല്‍കേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം നീക്കിവെക്കണമെന്നതും സര്‍ക്കാരിന് വെല്ലിവിളിയാണ്. അതേസമയം ഇത്തവണ ഡിസംബര്‍വരെ 17,936 കോടി രൂപ വായ്പ എടുക്കാനാണ് സംസ്ഥാനത്തിന് കേന്ദ്രം അനുമതി നല്‍കിയിട്ടുള്ളത്.

വികസന പദ്ധതികള്‍ക്ക് കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനായി പെന്‍ഷന്‍ കമ്ബനിയും എടുക്കുന്ന കടവും ഈ പരിധിക്കകത്തു വരും. അതിനാല്‍ പരമാവധി തുക മറ്റു മാര്‍ഗങ്ങളിലൂടെ മിച്ചം വച്ചതിനുശേഷം അവശേഷിക്കുന്നതു മാത്രം വായ്പയെടുത്താല്‍ മതിയെന്നാണ് ധനവകുപ്പിന്റെ തീരുമാനം. ഗുരുതരമായ സാമ്ബത്തിക പ്രതിസന്ധിയെയാണ് സംസ്ഥാന സര്‍ക്കാര്‍ അഭിമുഖീകരിക്കാന്‍ പോകുന്നത്. വരാനിരിക്കുന്ന വര്‍ഷങ്ങള്‍ വെല്ലുവിളികള്‍ നിറഞ്ഞതായിരിക്കുമെന്നാണു സൂചന. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നതാണ് ഒരു കാരണം. കടമെടുക്കുന്നതിനും കൂടുതല്‍ നിയന്ത്രണം വരും. ഇപ്പോള്‍ത്തന്നെ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും അതിന് അനുകൂലമല്ല. ആഭ്യന്തര നികുതി സമാഹരണ സാധ്യതകള്‍ക്കും വെല്ലുവിളികളും പരിമിതികളുമുണ്ട്.

ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെലവുകളെക്കുറിച്ച്‌ കൂടുതല്‍ യുക്തിസഹമായി ചിന്തിക്കുകയാണു വേണ്ടതെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ഓണക്കാലത്ത് പാവങ്ങള്‍ക്ക് കിറ്റ് നല്‍കുമ്ബോള്‍ മുഖ്യമന്ത്രി 30 ലക്ഷത്തിന്റെ കിയാ കാറാണ് സ്വന്തമാക്കിയത്. ഇത്തരം കാറു വാങ്ങലും മറ്റും പ്രതിസന്ധി കൂട്ടുന്നു. മന്ത്രിമാര്‍ക്ക് പുതിയ കാര്‍ വാങ്ങുന്നതും കടമെടുത്താണ്. കേന്ദ്ര സര്‍ക്കാര്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതല്‍ ഉദാരമായ സമീപനമാണ് കേരളത്തോടു കാണിച്ചതെന്നതാണ് വസ്തുത. എന്നാല്‍ അതനുസരിച്ച്‌ നമ്മുടെ നികുതി വരുമാനം ഉയര്‍ത്താന്‍ നമുക്ക് കഴിഞ്ഞില്ലെന്നു മാത്രമല്ല റവന്യു ചെലവ് നിയന്ത്രണമില്ലാതെ വര്‍ധിക്കുകയായിരുന്നു. ഈ നിലപാടുമായി ഇനിയും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക