ഇടുക്കി: കാനഡയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാന്‍ കാത്തിരിക്കുയായിരുന്നു ആഷിഫ. സര്‍ട്ടിഫിക്കറ്റുകളെല്ലാം റെഡിയായിരുന്നു. എന്നാല്‍ ഇനി ആഷിഫയ്ക്ക് ആ ജോലി കിട്ടണമെങ്കില്‍ അവരുടെ കാര്‍ മോഷ്ടിച്ചവര്‍ കനിയണം. കഴിഞ്ഞ മാസം 22നാണ് ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയില്‍ നിന്ന് ഇവരുടെ കാര്‍ മോഷണം പോയത്. അതോടെ കാറിലുണ്ടായിരുന്ന ആഷിഫയുടെ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റുകളടക്കമുള്ള രേഖകളും നഷ്ടപ്പെടുകയായിരുന്നു.

തൊടുപുഴ മങ്ങാട്ടുകവല കണിയാംപറമ്ബില്‍ ജിബു കെ.ജലാലും ഭാര്യ ആഷിഫയുമാണ് കള്ളന്മാരുടെ സഹായത്തിനായി കാത്തിരിക്കുന്നത്. കാനഡയിലേക്ക് നഴ്‌സിങ് ജോലിക്ക് പോകാന്‍ കാത്തിരിക്കുന്ന ഭാര്യയുടെ എക്‌സ്പീരിയന്‍സ് രേഖകളും തന്റെ ആധാര്‍ കാര്‍ഡുമെല്ലാം സ്‌കാന്‍ ചെയ്ത് ഏജന്‍സിക്ക് നല്‍കാന്‍ പോയശേഷം തിരിച്ചെത്തിയതായിരുന്നു ജിബു. മങ്ങാട്ടുകവലയിലെ വീടിനു തൊട്ടടുത്ത ഫ്ളാറ്റിന്റെ പാര്‍ക്കിങ് ഏരിയയിലിട്ട കാറില്‍നിന്ന് രേഖകളെടുക്കാന്‍ മറന്നു. പിറ്റേന്ന് രാവിലെ ചെന്നപ്പോള്‍ അവിടെ കാറില്ലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ അന്ന് വെളുപ്പിന് രണ്ടുപേര്‍ ചേര്‍ന്ന് കാര്‍ കടത്തിക്കൊണ്ടുപോകുന്നതായി കണ്ടു. ഇതോടെ കുടുംബത്തിന്റെ വിദേശയാത്രയും പ്രതിസന്ധിയിലായി. മുന്‍പ് സൗദിയില്‍ ജോലി ചെയ്തതിന്റെ സര്‍ട്ടിഫിക്കറ്റുകളാണ് വാഹനത്തിലുണ്ടായിരുന്നത്. കോവിഡ് പശ്ചാത്തലത്തില്‍ സൗദിയില്‍നിന്ന് വീണ്ടുമത് ലഭിക്കുക എളുപ്പമല്ല. സംഭവം നടന്നിട്ട് മൂന്നാഴ്ചയാകുമ്ബോഴും പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണമില്ലെന്നാണ് കുടുംബം പറയുന്നത്.

തൊടുപുഴ പോലീസ് സ്റ്റേഷനിലും ഡിവൈഎസ്പിക്കും പരാതി നല്‍കിയെങ്കിലും തൊടുപുഴ നഗരത്തിലെ പോലീസിന്റെ സി.സി.ടി.വി.കള്‍ പ്രവര്‍ത്തനരഹിതമായതിനാല്‍ കൂടുതല്‍ തെളിവുകളും ലഭിച്ചിട്ടില്ല. അന്വേഷണം ഊര്‍ജിതമാക്കുന്നതിന് ഇടുക്കി എസ്പിക്കും സംസ്ഥാന പോലീസ് മേധാവിക്കും ജിബു പരാതി നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക