തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് നിരപരാധി എന്ന് സൂചിപ്പിക്കുന്ന മുന്‍ ഡിജിപി ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വിവാദമായിരിക്കുകയാണ്. സ്വന്തം യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ കുറിച്ച്‌ വലിയ ചര്‍ച്ചയാണ് നടക്കുന്നത്‌
അതിനിടെ, ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്സ്‌ആപ് ചാറ്റ് പുറത്തുവന്നു. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇത് പുറത്തു വിട്ടത്.

ചാറ്റ് ഇങ്ങനെ:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

23.05.2021

ദിലീപ്: mam.. gdftn. hope you are fine.. am dilieep..actor cald you..when free plz give me a ring.

ശ്രീലേഖ: എന്റെ യുട്യൂബ് ചാനലാണ്. സമയം കിട്ടുമ്ബോള്‍ കണ്ട് നോക്കു.

it was nice talking to you.ദിലീപ്: ok… sure mam…

samsarikyan pattiyappo enikyum valya santhoshayi mam. god bless

01.07.2021
ശ്രീലേഖ: ഇതെന്റെ youtube ചാനല്‍ ആണ്. സമയം കിട്ടുമ്ബോള്‍ കണ്ട് നോക്കൂplease share subscribe too. ഞാന്‍ ഒറ്റക്ക്, ആരുടെയും സഹായമില്ലാതെ ചെയ്യുന്നതാണ്.

ദിലീപ്: okk mam..

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന് അറിഞ്ഞോ അറിയാതെയോ പങ്കുണ്ടെന്നു കരുതുന്നില്ലെന്നാണ് ആര്‍. ശ്രീലേഖ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ദിലീപിനെതിരെ അന്വേഷണസംഘം വ്യാജ തെളിവുണ്ടാക്കിയെന്നും പ്രതി പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം പൊലീസ് വ്യാജമായി ഉണ്ടാക്കിയതാണെന്നും ശ്രീലേഖ പറഞ്ഞു. ‘സസ്‌നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം. ദിലീപിന്റെ പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് കേസില്‍ പറയുമെന്ന് തനിക്ക് തോന്നിയിരുന്നുവെന്ന് ശ്രീലേഖ വെളിപ്പെടുത്തുന്നു. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ കണ്ടതിന് തെളിവോ രേഖയോ ഇല്ലെന്നും കേസ് നിലനില്‍ക്കില്ല എന്ന ഘട്ടം വന്നപ്പോള്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളുമായി എത്തിയ ബാലചന്ദ്രകുമാറിനെപ്പോലുള്ള സാക്ഷികളെക്കൊണ്ട് മാധ്യമങ്ങളുടെ സഹായത്താല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നും ശ്രീലേഖ പറയുന്നു.

”കേസിലെ ആറു പ്രതികള്‍ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകള്‍ ശിക്ഷിക്കപ്പെടാതെ പുറത്തു ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ചു വര്‍ഷമായി വിചാരണത്തടവുകാരനായ പള്‍സര്‍ സുനിക്ക് ശിക്ഷയില്‍ ഇളവ് ലഭിച്ചാല്‍ എന്തു ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവര്‍ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസില്‍ പങ്കുണ്ടെന്നു പറഞ്ഞ് അയാളെ കേസിലേക്കു വലിച്ചിഴയ്ക്കാനും അതില്‍ കുടുക്കാനും തെളിവുകള്‍ നിരത്താനും ശ്രമിക്കുമ്ബോള്‍ പൊലീസ് അപഹാസ്യരാവുകയാണ്.” ശ്രീലേഖ പറഞ്ഞു.

കേസില്‍ പൊലീസിനു സംഭവിച്ച വീഴ്ചകളടക്കം വിശദീകരിച്ചാണ് ശ്രീലേഖയുടെ തുറന്നുപറച്ചില്‍. അഭിമുഖത്തില്‍ നിന്നുള്ള പ്രസക്ത ഭാഗങ്ങള്‍ :

”നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍നിന്നു പള്‍സര്‍ സുനി ഒരു കത്ത് എഴുതിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. സുനിയല്ല സഹതടവുകാരന്‍ വിപിന്‍ ലാല്‍ ആണ് കത്തെഴുതിയതെന്ന് പള്‍സര്‍ സുനി തന്നെ പറഞ്ഞിട്ടുണ്ട്. ആ കത്തില്‍ പല കാര്യങ്ങളും ദിലീപിനെ അഭിസംബോധന ചെയ്ത് എഴുതിയിട്ടുണ്ട്. കാശ് തരാമെന്ന് പറഞ്ഞല്ലോ, അഞ്ച് തവണയായി തന്നാമതി എന്നൊക്കെയാണ് കത്തില്‍ ഉണ്ടായിരുന്നത്. അത്യാവശ്യമായി 300 രൂപ മണിഓര്‍ഡര്‍ ആയി അയച്ചു തരണമെന്നാണ് കത്തില്‍ പറഞ്ഞത്.

അന്ന് പടര്‍ന്ന കഥ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് പള്‍സര്‍ സുനിക്കു നല്‍കിയതെന്നും സമയം ഒത്തുവന്നപ്പോള്‍ അയാള്‍ കുറ്റം ചെയ്‌തെന്നും അതിന് അയാള്‍ക്ക് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്നുമാണ്. ആ പതിനായിരം അയാളുടെ കയ്യില്‍ വന്നെന്നതിനു തെളിവില്ല. പകരം അയാളുടെ അമ്മയുടെ പേരില്‍ കുടുംബശ്രീയില്‍നിന്നു വന്ന പതിനായിരം രൂപ ഇതാണെന്നുമൊക്കെയായിരുന്നു പ്രചാരണം. എന്തിന് അമ്മയ്ക്കു പണം നല്‍കി, സുനിക്ക് എത്ര പണം കിട്ടി എന്നതിനൊന്നും ഉത്തരമില്ല. ഇതെല്ലാം കുഴഞ്ഞ് മറിഞ്ഞാണു കിടക്കുന്നത്.

എന്നാല്‍ ഒന്നരക്കോടിക്ക് ക്വട്ടേഷന്‍ വാങ്ങിയ ആള്‍ 300 രൂപയുടെ മണിയോര്‍ഡര്‍ ചോദിച്ചുവെന്നതൊക്കെ അപഹാസ്യമായിട്ടാണ് തോന്നുന്നത്. മാത്രമല്ല കത്തെഴുതിയത് പൊലീസുകാര്‍ നിര്‍ബന്ധിച്ചിട്ടാണെന്നും കത്തില്‍ പറഞ്ഞ നടന്മാര്‍ക്ക് പങ്കില്ലെന്നും വിപിന്‍ ലാല്‍ പറയുന്ന വിഡിയോ പുറത്തുവന്നിരുന്നു. ഇയാള്‍ ഇക്കാര്യം പറയാന്‍ ശ്രമിക്കുമ്ബോള്‍ പൊലീസുകാര്‍ ഇയാളെ തടയുന്നതൊക്കെയാണ് മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടത്.

നടി ആക്രമിക്കപ്പെട്ട സംഭവം അപലപിക്കാന്‍ വിളിച്ച്‌ ചേര്‍ത്ത നടീനടന്മാരുടെ യോഗത്തിലാണ് ഇതിന് പിന്നിലൊരു ഗൂഢാലോചന ഉണ്ടെന്ന ആരോപണം ഉയര്‍ന്നതും പിന്നാലെ കേസില്‍ ദിലീപിന്റെ പേര് മാധ്യമങ്ങളിലൂടെ വരുന്നതും. മാധ്യമങ്ങളെ സ്വാധീനിച്ചു കഴിഞ്ഞാല്‍, പ്രത്യേകിച്ച്‌ വിശ്വാസത്യയുള്ള പത്രങ്ങളിലെ മാധ്യമപ്രവര്‍ത്തകരെ, അവരെ വിശ്വസിപ്പിക്കുന്ന രീതിയില്‍ കഥകള്‍ പറഞ്ഞ് കൊടുത്താല്‍ അവര്‍ ഇത് എഴുതാന്‍ തുടങ്ങും. അങ്ങനെയൊരു പ്രവണത ഈ അടുത്ത് മാധ്യമങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ട്. അത് ഒരിക്കല്‍ നടന്നാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല. ഇതൊക്കെ പല കേസുകളിലും ഉണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് വിശ്വസിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല. അയാള്‍ അങ്ങനെ ചെയ്യുമോയെന്ന ആശങ്ക ഉണ്ടായിരുന്നു. അയാളുടെ വ്യക്തിജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പെട്ടെന്നുള്ള ഉയര്‍ച്ചയില്‍ പലര്‍ക്കും അസൂയ ഉണ്ടായിരുന്നു. അയാള്‍ ചെയ്തിരുന്ന പല കാര്യങ്ങളിലും അന്ന് വളരെ ശക്തരായ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. അത്തരമൊരു സാഹചര്യത്തില്‍ ദിലീപിന്റെ പേര് ഇങ്ങനെ പറയുമെന്ന് എനിക്ക് തോന്നിയിരുന്നു.

ദിലീപാണു ചെയ്യിച്ചതെന്ന് കരുതാനാകില്ലെന്ന് അന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നു. പള്‍സര്‍ സുനി നാല് മാസം മൗനത്തിലാകുക, പിന്നീട് ദിലീപിന്റെ പേര് പറയുക, ജയിലിലെ ഓഫിസില്‍നിന്നു പേപ്പര്‍ കൈക്കലാക്കി കത്തെഴുതുക, കത്തെഴുതിയ ആള്‍ തന്നെഎഴുതിച്ചതാണെന്നു പറയുക, പൊലീസുകാരന്‍ ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ നല്‍കുക ഇത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഉണ്ടാകുമ്ബോള്‍ സ്വാഭാവികമായും എനിക്ക് സംശയം ഉണ്ട്.

മാധ്യമങ്ങളിലെ വാര്‍ത്തകളെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തിനൊടുവിലാണ് ദിലീപിനെ ചോദ്യം ചെയ്തത്. ആദ്യ ചോദ്യം ചെയ്യലില്‍ ഒന്നും കിട്ടാതിരുന്നതോടെ അയാളെ വിട്ടയച്ചു, അതു വിവാദമായി. മാധ്യമങ്ങളുടെ സമ്മര്‍ദത്തിന് വഴി പല അറസ്റ്റുകളും ഉണ്ടായ സാഹചര്യം നേരത്തേ ഉണ്ടായിട്ടുണ്ട്. ദിലീപിനെ പോലെ വളരെ സ്വാധീനമുള്ള, പണമുള്ള ഒരാളെ വെറുതേ പൊലീസ് അറസ്റ്റ് ചെയ്ത് 85 ദിവസം ജയിലില്‍ ഇടുമോയെന്നൊക്കെ പലരും ചോദിക്കും. എന്നാല്‍ എതിരാളി ശക്തനാണെങ്കില്‍ തീര്‍ച്ചയായും ചെയ്യും എന്നാണ് എനിക്കു ബോധ്യമായത്. രണ്ടാമത്തെ പ്രാവശ്യം ദിലീപിനെ ചോദ്യം ചെയ്തതിനു ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോള്‍ ഞാനും കരുതിയിരുന്നു അയാള്‍ക്ക് എന്തെങ്കിലും പങ്ക് കാണും, അതാണ് അറസ്റ്റ് ചെയ്തതെന്ന്.

പിന്നീട് ദിലീപിന് ജയിലില്‍ വിഐപി പരിഗണന ലഭിക്കുന്നുവെന്ന വിവാദം ഉണ്ടായിരുന്നു. എസി റൂം, പ്രത്യേക ഭക്ഷണം, പട്ടുമെത്ത തുടങ്ങിയ വാര്‍ത്തകളൊക്കെ വന്നിരുന്നു. അന്ന് ഞാന്‍ പഴി കേട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ ജയിലില്‍ പോയി പരിശോധിച്ചപ്പോഴാണ് ദിലീപ് ജയിലില്‍ നിലത്തു കിടക്കുന്നത് കണ്ടത്. അയാളെ എഴുന്നേല്‍പിക്കാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ നിലത്തു വീഴുകയായിരുന്നു. സംസാരിക്കാനും സാധിക്കുമായിരുന്നില്ല.

ശിക്ഷാ തടവുകാരനും വിചാരണത്തടവുകാരനും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. വിചാരണത്തടവുകാരന് പ്രത്യേക സെല്ല് അനുവദിക്കാറുണ്ട്. ഹിമവല്‍ ഭദ്രാനന്ദയെ ഒറ്റയ്‌ക്കൊരു സെല്ലിലായിരുന്നു നേരത്തേ കാക്കനാട് ജയിലില്‍ പാര്‍പ്പിച്ചിരുന്നത്. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ, പുറത്ത് നല്ല സൗകര്യത്തില്‍ ജീവിച്ചവര്‍ ജയിലിലേക്ക് വരുമ്ബോള്‍ പെട്ടെന്നു ഷോക്ക് ആവരുതെന്നു കരുതി ഒറ്റയ്ക്ക് സെല്‍ ലഭിച്ചാല്‍ പാര്‍പ്പിക്കാറുണ്ട്.

ദിലീപ് കിടന്ന ആലുവ സബ് ജയിലില്‍ പക്ഷേ അത്തരമൊരു സംവിധാനം ഇല്ല. അയാള്‍ നാലഞ്ചു വിചാരണത്തടവുകാര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ദിലീപിനെ സംബന്ധിച്ച്‌ പെട്ടെന്നുണ്ടായ മെന്റല്‍ ഷോക്ക്, ഭക്ഷണം കഴിക്കാത്ത സാഹചര്യം, കൂടാതെ ഇയര്‍ ബാലന്‍സ് പ്രശ്‌നങ്ങളും കാരണം അയാള്‍ക്ക് എഴുന്നേറ്റു നില്‍ക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ദിലീപിനെ പരിശോധിച്ച ഡോക്ടര്‍ അയാള്‍ സിക്ക് ആണെന്നു പറഞ്ഞ് മരുന്നുകള്‍ എഴുതിത്ത്ത്ത്ത്തന്നു. എന്നാല്‍ അതൊന്നും ജയിലിലെ സാഹചര്യത്തില്‍ കൊടുക്കാന്‍ കഴിഞ്ഞില്ല. അയാളുടെ സ്ഥിതി കണ്ട് രണ്ടു പായയും കമ്ബിളിപ്പുതപ്പും തലയണയും നല്ല ഭക്ഷണവും കൊടുക്കാന്‍ ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ജയിലില്‍ കിടന്ന പലര്‍ക്കും ഞാന്‍ അങ്ങനെ കൊടുത്തിട്ടുണ്ട്.

ദിലീപിന് സൗകര്യങ്ങളെല്ലാം നല്‍കിയ ശേഷം തിരിച്ചു വന്ന് ഇക്കാര്യങ്ങള്‍ എല്ലാം ഞാന്‍ ഡിജിപിയെയും മുഖ്യമന്ത്രിയെയും അറിയിച്ചിരുന്നു. പിന്നാലെയാണ് ഈ അറസ്റ്റില്‍ എന്തൊക്കെയോ അസ്വാഭാവികത ഉണ്ടെന്ന സംശയം പ്രകടിപ്പിച്ചത്. ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ കൈമാറിയ പൊലീസുകാരനെ കുറിച്ച്‌ പറഞ്ഞിട്ടും അത് അന്വേഷിച്ചില്ല. തന്നെക്കൊണ്ട് പൊലീസ് കത്ത് നിര്‍ബന്ധിച്ച്‌ എഴുതിപ്പിക്കുകയാണെന്നു വിപിന്‍ ലാല്‍ പറഞ്ഞിട്ടും അതും പൊലീസ് അന്വേഷിച്ചില്ലെന്നൊക്കെയുള്ള സംശയങ്ങള്‍ എനിക്കുണ്ടായിരുന്നു.ഇതൊക്കെ ഞാന്‍ ചോദിച്ചിരുന്നു.

ആ സമയം ദിലീപിനെതിരായ തെളിവായി എനിക്ക് കാണിച്ചു തന്നത് ദിലീപിനൊപ്പം ഷൂട്ടിങ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണ്. ദിലീപും വേറൊരാളും നില്‍ക്കുമ്ബോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം. അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പൊലീസുകാരന്‍ കാണിച്ചത്. ഇതു കണ്ടാല്‍ത്തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്നു ഞാന്‍ വെറുതേ പറഞ്ഞു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു, ”ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണ്.” അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വലിയ ഷോക്കായിരുന്നു.

ഇരുവരുടേയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ടുതന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നതും തെളിവായി കണക്കാക്കാനേ സാധിക്കില്ല.”ശ്രീലേഖ പറഞ്ഞു.

പള്‍സര്‍ സുനി ചിത്രങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും കരിയര്‍ തകര്‍ച്ചയും മാനഹാനിയും ഭയന്നാണ് സംഭവം പുറത്തുപറയാതെ പണം കൊടുത്ത് സെറ്റില്‍ ചെയ്തതെന്നും ചില നടിമാര്‍ തന്നോടു പറഞ്ഞിട്ടുണ്ടെന്നും ശ്രീലേഖ പറഞ്ഞു. ജയിലില്‍ കിടക്കുകയായിരുന്ന സുനിക്ക് ഫോണ്‍ എത്തിച്ച്‌ നല്‍കിയത് ഒരു പൊലീസുകാരനാണെന്ന് സംശയിക്കുന്നതായും ശ്രീലേഖ പറയുന്നു.

”2017 ഫെബ്രുവരിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോള്‍ ഞാന്‍ ജയില്‍ ഡിജിപിയായിരുന്നു. എല്ലാവരും ഒരുപോലെ ഞെട്ടിയ സംഭവമായിരുന്നു അത്. കേസിന്റെ വിവരങ്ങള്‍ പതിയെ പുറത്തുവരാന്‍ തുടങ്ങിയപ്പോള്‍ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. കേസില്‍ അറസ്റ്റിലായ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് ആദ്യമായി കുറ്റം ചെയ്തവര്‍. ബാക്കിയെല്ലാവരും മുന്‍ കേസുകളില്‍ പ്രതികളാണ്.

വളരെ മോശമായ പശ്ചാത്തലം ഉള്ളയാളാണ് പള്‍സര്‍ സുനി. 12 വര്‍ഷത്തോളം എറണാകുളത്ത് പ്രവര്‍ത്തിച്ചയാളാണ് ഞാന്‍. അതുകൊണ്ടുതന്നെ സിനിമാ മേഖലയില്‍ നിന്നുള്ള പലരും പല കാര്യങ്ങള്‍ക്കായി എന്റെയടുത്ത് വന്നിട്ടുണ്ട്. വളരെ അടുപ്പം ഉണ്ടായിരുന്ന നടിമാര്‍ പള്‍സര്‍ സുനിയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. പലതും പറഞ്ഞ് അടുത്ത് കൂടി വിശ്വാസം പിടിച്ചുപറ്റി ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പിടിച്ച്‌ ബ്ലാക്ക്‌മെയില്‍ ചെയ്യുന്ന ആളാണെന്ന് അവര്‍ പറഞ്ഞതാണ്. ആ നടിമാരോട് എന്തുകൊണ്ടാണ് ഇത് പറയാതിരുന്നതെന്നും കേസ് ആക്കി അകത്തിടാമല്ലോയെന്നും ഞാന്‍ ചോദിച്ചിരുന്നു. സ്വന്തം കരിയര്‍ നഷ്ടപ്പെടുന്നതു കൊണ്ടും ഈ കേസ് പുറത്തു വന്നാല്‍ കൂടുതല്‍ മാനഹാനി നേരിടേണ്ടി വരുമെന്ന പേടി കൊണ്ടും പൈസ കൊടുത്ത് സെറ്റില്‍ ചെയ്യുകയായിരുന്നുവെന്നാണ് അവര്‍ പറഞ്ഞത്.

പള്‍സര്‍ സുനി തങ്ങളെ ഉപദ്രവിച്ചതിനെക്കുറിച്ച്‌ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷവും നിരവധി നടിമാര്‍ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ചില നടിമാര്‍ അത് പറയാതെയും ഇരുന്നിട്ടുണ്ട്. പള്‍സര്‍ സുനിയാണ് നടിയെ ആക്രമിച്ചതെന്ന് അറിഞ്ഞപ്പോള്‍, ഇതൊക്കെ അറിയാവുന്നതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച്‌ അന്നും ഇന്നും അക്കാര്യത്തില്‍ ഒരു അദ്ഭുതവുമില്ല. കേസിന്റെ ആദ്യ ദിവസങ്ങളില്‍ത്തന്നെ ആദ്യ ആറു പ്രതികളില്‍ നാലു പേര്‍ അറസ്റ്റിലായിരുന്നു. പള്‍സര്‍ സുനിയും മറ്റൊരാളും ആദ്യം ഒളിവിലായിരുന്നു. ഈ രണ്ടു പേരെയും പിന്നെ അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് ചെയ്തത്. അവര്‍ കീഴടങ്ങുകയായിരുന്നു.

പള്‍സര്‍ സുനിയെ വലിച്ചിഴച്ച്‌ പൊലീസ് കൊണ്ടുപോയതൊക്കെ മാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. അന്ന് പൊലീസ് അന്വേഷണത്തില്‍ എനിക്ക് വിശ്വാസം ഉണ്ടായിരുന്നു. ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം തെളിയുകയും ഇവര്‍ അറസ്റ്റിലാവുകയും ചെയ്തു. രണ്ടാഴ്ചത്തോളം പൊലീസ് കസ്റ്റഡിയില്‍ ഇരുന്നതിന് ശേഷമാണ് പള്‍സര്‍ സുനി ജയിലില്‍ ആകുന്നത്. കോടതി വളപ്പില്‍നിന്നു പിടിച്ചു വലിച്ച്‌ ഫോഴ്‌സ് ഉപയോഗിച്ച്‌ പൊലീസ് കൊണ്ടു പോയി കസ്റ്റഡിയില്‍ വച്ച വ്യക്തി, അവനെക്കൊണ്ട് ഒരാള്‍ ചെയ്യിച്ചതാണെന്നുണ്ടെങ്കില്‍ കസ്റ്റഡിയില്‍ ഇരിക്കെത്തന്നെ അയാളുടെ പേരു പറയും. ക്വട്ടേഷന്‍ നല്‍കി തന്നെക്കൊണ്ട് ഒരാള്‍ ചെയ്യിച്ചതാണെന്ന് അയാള്‍ അന്നു തന്നെ സമ്മതിച്ചേനെ.

ഇത് നമ്മള്‍ ഒരുപാട് കേസില്‍ കണ്ടതാണ്. പക്ഷേ അപ്പോള്‍ അയാള്‍ പറഞ്ഞില്ല. ഇവന്മാര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതാണോയെന്ന് എനിക്ക് സംശയം ഉണ്ട്. കാരണം ഇവര്‍ ചെയ്ത മുന്‍കാല പ്രവൃത്തികളെല്ലാം കാശുണ്ടാക്കാന്‍ വേണ്ടിയായിരുന്നു. ഇവന്മാരെ ഇതിന് മുന്‍പ് ക്വട്ടേഷന് വേണ്ടി ആരും ഉപയോഗിച്ചിട്ടില്ല. ഇവര്‍ അറസ്റ്റിലായി മൂന്നു മാസങ്ങള്‍ക്കു ശേഷമാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നുള്ള മാധ്യമ വാര്‍ത്ത പുറത്തുവരുന്നത്. ആ വാര്‍ത്ത കണ്ടപ്പോള്‍ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അതിന് സാധ്യത ഉണ്ട്.

ജയിലില്‍ കിടന്ന് കൊണ്ട് പള്‍സര്‍ സുനി നടന്‍ ദിലീപിന്റെ സുഹൃത്തായ നാദിര്‍ഷയെ വിളിച്ചെന്നാണ് ആദ്യം വാര്‍ത്ത വന്നത്. ജയിലില്‍ കിടന്നുള്ള ഫോണ്‍ വിളി നടക്കില്ല. കാരണം അത്രയും മോണിറ്ററിങ് അവിടെ നടക്കുന്നതാണ്. മൂന്നു മാസം യാതൊരു പ്രശ്‌നവുമില്ലാതെ മുന്നോട്ടു പോകുമ്ബോഴാണ് ജയിലില്‍നിന്നു ഫോണ്‍ പോയി എന്ന വാര്‍ത്ത വരുന്നത്. ജയില്‍ മേധാവി എന്ന നിലയില്‍ ആ സംഭവം അന്വേഷിച്ചിരുന്നു. പള്‍സര്‍ സുനി വിചാരണത്തടവുകാരനാണ്. അയാള്‍ കോടതിയില്‍ പോയപ്പോഴാണ് ഫോണ്‍ കടത്തികൊണ്ടുവന്നതെന്നാണ് സഹതടവുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. സാധാരണ ഗതിയില്‍ വിചാരണത്തടവുകാരെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുമ്ബോള്‍ ജയിലിലെ പൊലീസ് ഉദ്യോഗസ്ഥര്‍ കൃത്യമായി ദേഹപരിശോധന ഉള്‍പ്പെടെ നടത്തിയാണ് കോടതിയിലേക്ക് അവരെ കൊണ്ടുപോകേണ്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറുന്നത്.

തിരിച്ചെത്തുമ്ബോഴും അതുപോലെ പരിശോധിക്കും. വസ്ത്രമഴിച്ചു വരെ പരിശോധന നടത്തും. സഹതടവുകാരന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത് പള്‍സര്‍ സുനി തിരിച്ച്‌ വരുമ്ബോള്‍ ചെരിപ്പിനുള്ളില്‍ ഒളിപ്പിച്ചാണ് ഫോണ്‍ കൊണ്ടുവന്നതെന്നാണ്. അതൊരിക്കലും വിശ്വസിക്കാന്‍ പറ്റില്ല. അവര്‍ പുറത്ത് ഉപയോഗിക്കുന്ന ചെരിപ്പല്ല അകത്ത് ഉപയോഗിക്കുന്നത്. എല്ലാ സെല്ലിലും വിഡിയോ ക്യാമറയുണ്ട്. ക്യാമറ പരിശോധിച്ചപ്പോള്‍ പള്‍സര്‍ സുനി കിടന്നു കൊണ്ട് ഫോണ്‍ ഉപയോഗിച്ചതായും ഫോണിന്റെ റിഫ്‌ളക്ഷന്‍ മതിലില്‍ പതിഞ്ഞതായും കണ്ടെത്തിയതിന്റെ വിഡിയോ റെക്കോര്‍ഡിങ്ങും ഉണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ ഉപയോഗിച്ച കാര്യം പ്രതികള്‍ സമ്മതിച്ചില്ല.

ആ നമ്ബര്‍ എവിടുന്നു കിട്ടി എന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പ്രതികളോട് ചോദിച്ചെങ്കിലും അവര്‍ പറയാന്‍ തയ്യാറായില്ല. ഇതു സംബന്ധിച്ച കൂടുതല്‍ പരിശോധനയില്‍ സുനിയെ കോടതിയില്‍ കൊണ്ടുപോയ, ജയിലിന് പുറത്തുള്ള പൊലീസുകാരന്‍ ഇവരെ തിരികെ എത്തിക്കാന്‍ നേരം ജയിലിന് ഉള്ളിലേക്ക് കടന്നതായും സുനിയുടെ ചെവിയില്‍ എന്തോ പറയുന്നതായുമുള്ള രംഗങ്ങളും ജയിലിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ആ പൊലീസുകാരനായിരിക്കും ഫോണ്‍ സുനിക്ക് കൈമാറിയതെന്നാണ് ഞങ്ങളുടെ നിഗമനം. ഫോണ്‍ ഉപയോഗിച്ചത് സംബന്ധിച്ച്‌ അന്വേഷണം നടത്തണമെന്ന് ഡിജിപിക്ക് കത്ത് നല്‍കിയെങ്കിലും യാതൊരു മറുപടിയും എനിക്ക് ലഭിച്ചിരുന്നില്ല.”ശ്രീലേഖ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക