തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരിപാടികളില്‍ നിന്ന് കറുത്ത മാസ്‌ക് ഊരിച്ചതില്‍ ഡിജിപി അനില്‍കാന്ത് വിശദീകരണം തേടി. കറുത്ത മാസ്‌ക് നീക്കം ചെയ്യിച്ചതില്‍ നാല് ജില്ലാ എസ്പിമാരോടാണ് ഡിജിപി തേടിയത്. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, തൃശ്ശൂര്‍ എന്നീ ജില്ലകളിലെ എസ്പിമാരോടാണ് വിശദീകരണം തേടിയത്.
പൊലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഇന്നലെയാണ് കറുപ്പ് മാസ്‌കിനുള്ള അപ്രഖ്യാപിത നിരോധനം പിന്‍വലിച്ചത്. കറുത്ത മാസ്‌കിന് വിലക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ശനിയാഴ്ച തെന്നെ അറിയിച്ചിരുന്നു. എങ്കിലും ഇന്നലെ മലപ്പുറത്തും പോലീസ് കറുത്ത മാസ്‌ക് അഴിപ്പിച്ചിരുന്നു. പോലീസ് നടപടിയെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ ന്യായീകരിക്കുക കൂടി ചെയ്തതോടെ സംഭവം പാര്‍ട്ടി കേന്ദ്രങ്ങളില്‍ തന്നെ ഇത് വലിയ ചര്‍ച്ച ആയിരുന്നു.
അതേസമയം കറുത്ത മാസ്‌കിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്ന് വിശദീകരിച്ച് മുഖ്യമന്ത്രി തന്നെ രംഗത്തെത്തി. കറുത്ത വസ്ത്രത്തിനും മാസ്‌കിനും വിലക്കില്ലെന്നും ആരെയും വഴി തടയാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വഴി തടയുന്നു എന്ന് ഒരുകൂട്ടര്‍ വ്യാജപ്രചാരണം നടത്തുന്നു. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വ്യാജ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രതിപക്ഷ പ്രതിഷേധം രൂക്ഷമാകുന്നതിനിടയിലായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.
വഴി നടക്കാനുള്ള അവകാശം എല്ലാ അര്‍ത്ഥത്തിലും നേടിയെടുത്തതാണ് നമ്മുടെ നാട്. ഇവിടെ വഴി തടയുന്നുവെന്ന് ഒരു കൂട്ടര്‍ കൊടുമ്ബിരികൊണ്ട പ്രചരണം നടത്തുകയാണ്. ഈ നാട്ടില്‍ വഴി നടക്കാനുള്ള സാഹചര്യം ഒരു കൂട്ടര്‍ക്കും നിഷേധിക്കുന്ന സാഹചര്യം ഒരുകാരണവശാലുമുണ്ടാകില്ല. പഴയ ചിന്താഗതിയോടെ സമൂഹത്തില്‍ ഇടപെടുന്ന ചില ശക്തികള്‍ ചിലതൊക്കെ ആഗ്രഹിക്കുന്നുണ്ടാകാം. പക്ഷേ, പ്രബുദ്ധ കേരളം അതൊന്നും സമ്മതിക്കുന്നതല്ല.
ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ പറ്റില്ലെന്നാണ് കുറച്ചു ദിവസമായി കൊടുമ്ബിരിക്കൊണ്ട മറ്റൊരു പ്രചാരണം. കറുത്ത നിറത്തിലുള്ള മാസ്‌ക് പറ്റില്ല, കറുത്ത വസ്ത്രം പറ്റില്ല എന്നതാണ് പ്രചാരണം. കേരളത്തില്‍ ഏതൊരാള്‍ക്കും ഇഷ്ടമുള്ള നിറത്തിലുള്ള വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കാന്‍ വേണ്ടി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണ് ഇത്. ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന പ്രശ്നമേയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.