കേരളത്തില്‍ ആടു വളര്‍ത്തല്‍ ഫാമുകള്‍ ധാരാളമുണ്ട്. അല്‍പ്പം ശ്രദ്ധിച്ചാല്‍ മികച്ച വരുമാനം നേടാം എന്ന തിരിച്ചറിവാണ് പലരേയും ആട് വളര്‍ത്തലിലേക്ക് അടുപ്പിക്കുന്നത്. കേരളത്തിന്റെ തനത് ജനുസ്സായ മലബാറി (മാംസത്തിനും പാലിനും), അട്ടപ്പാടി ബ്ലാക്ക് (മാംസത്തിനുവേണ്ടി മാത്രവും) പരിപാലിച്ചു വരികയാണ്. കേരള കന്നുകാലി വികസന ബോര്‍ഡ് കേരളത്തിലെ ആടുകളുടെ വംശവര്‍ധനയ്ക്കുവേണ്ടി ശാസ്ത്രീയമായരീതിയില്‍ മലബാറി, അട്ടപ്പാടി ബോയ്ര് എന്നീ ശുദ്ധയിനം ആട്ടിന്‍കുട്ടികളെയും ഉത്പാദിപ്പിക്കുന്നുണ്ട്. അതിന്റെ ബീജം കര്‍ഷകരുടെ കൈവശമുള്ള പെണ്‍ ആട്ടിന്‍കുട്ടികളില്‍ കുത്തിവയ്ക്കുന്നതിനാല്‍ ഗുണമേന്മയുള്ള വംശവര്‍ധന ഉണ്ടാവുന്നു. മനുഷ്യശരീരത്തില്‍ ആവശ്യമുള്ള നല്ല കൊളസ്‌ട്രോള്‍ ആടിന്റെ മാംസത്തില്‍നിന്ന് ലഭ്യമാണ്.

ആട്ടിന്‍പാലിലുള്ള ചെറിയ അളവിലുള്ള കൊഴുപ്പ് കുട്ടികളുടെ ദഹനശക്തി വേഗത്തിലാക്കുന്നു. ആടിന്റെ പാല്‍ കഴിച്ച്‌ പത്തോ ഇരുപതോ മിനിറ്റിനുള്ളില്‍ ദഹനം നടക്കുന്നു. അതേസമയം, പശുവിന്റെ പാല്‍ മനുഷ്യശരീരത്തില്‍ പ്രയോജനപ്പെടണമെങ്കില്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍വരെ സമയം എടുക്കും. ലോകത്തില്‍ 120 ഇനം ആടുകള്‍ ഉണ്ടെങ്കിലും ഭാരതത്തില്‍ ഏകദേശം 21 ഇനങ്ങളാണ് ഉള്ളത്. കൂടുതല്‍ ഇനങ്ങള്‍ ഉത്തരഭാരതത്തിലാണ്. എന്നാല്‍ സിറോയി, ജമുനാപ്യാരി, ബീറ്റല്‍, കൊറോലി, തോത്താപുരി, പാര്‍ബാത്സാരി, ബാര്‍ബറി എന്നീയിനത്തില്‍പ്പെട്ട ആടുകളെയാണ് ദക്ഷിണ ഭാരതത്തിലുള്ള കര്‍ഷകര്‍ വളര്‍ത്താന്‍ ആഗ്രഹിക്കുന്നത്. ഇത്തരം ആടുകളില്‍നിന്ന് പാല്‍ ധാരാളം ലഭിക്കുമെന്നതാണ് പ്രത്യേകത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുറഞ്ഞ മുതല്‍മുടക്കും പരിപാലനച്ചെലവും മുതല്‍ വിപണിയിലെ വന്‍ ഡിമാന്‍ഡും ഉയര്‍ന്ന വിലയും വരെ അനുകൂല ഘടകങ്ങള്‍. പരിതസ്ഥിതികളോട് വേഗം ഇണങ്ങിച്ചേരാനുള്ള കഴിവുള്ളതുകൊണ്ടും ഇടത്തരം കര്‍ഷകരുടെ സാമ്ബത്തിക പരിമിതികള്‍ക്ക് അനുയോജ്യമായതുകൊണ്ടും സ്വര്‍ണം പോലെ എപ്പോള്‍ വേണമെങ്കിലും പണമാക്കിമാറ്റാന്‍ കഴിയുമെന്നതുകൊണ്ടും നമ്മുടെ നാട്ടില്‍ ആടു വളര്‍ത്തലിനു നല്ല പ്രചാരമുണ്ട്. കുറഞ്ഞ മുതല്‍മുടക്ക്, പരിമിതമായ പാര്‍പ്പിട സൗകര്യം, കുറഞ്ഞ അളവിലുള്ള തീറ്റ, വേഗത്തില്‍ ലഭിക്കുന്ന ആദായം, ഇടയ്ക്കിടെയുള്ള പ്രസവം, ഒരു പ്രസവത്തില്‍തന്നെ ഒന്നിലധികം കുട്ടികള്‍, പോഷകമൂല്യമുള്ള പാല്‍ എന്നിവ ആടുവളര്‍ത്തലിന്റെ അനുകൂല ഘടകങ്ങളാണ്, ആട്ടിറച്ചിക്കുള്ള സ്ഥിരമായ ആവശ്യവും ഉയര്‍ന്ന വിലയും ആടുവളര്‍ത്തലിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.

ആടു ജനുസ്സുകള്‍

ആടുകളെ പ്രധാനമായും ഇന്ത്യന്‍ ജനുസുകള്‍ എന്നും വിദേശ ജനുസുകള്‍ എന്നും തിരിക്കാം. ജമുനാപാരി, ബീറ്റല്‍, ബാര്‍ബാറി, മലബാറി, അട്ടപ്പാടി ബ്ലാക്ക് എന്നിവ ഇന്ത്യന്‍ ജനുസുകള്‍ക്കും സാനന്‍, ആല്‍പൈന്‍, ആഗ്ലോറൂബിയന്‍, ടോഗന്‍ബര്‍ഗ്, അങ്കോറ എന്നിവ വിദേശ ജനുസുകള്‍ക്കും ഉദാഹരണങ്ങളാണ്.

വളര്‍ത്തല്‍ രീതികള്‍

കെട്ടിയിട്ടു വളര്‍ത്തല്‍: ഒന്നോ രണ്ടോ ആടുകളെ വളര്‍ത്തുന്നവര്‍ക്കേ ഈ രീതി സാധ്യമാവുകയുള്ളൂ. കാര്‍ഷികവിളകള്‍ നശിപ്പിക്കാതിരിക്കാന്‍ ഈ രീതി ഏറെ ഫലപ്രദമാണ്.‌ വ്യാപനം: പകല്‍സമയം മുഴുവനും ആടുകളെ പറ്റമായി മേയാന്‍ വിട്ട് രാത്രിയില്‍ മാത്രം ഏതെങ്കിലുമൊരു സ്ഥലത്ത് പാര്‍പ്പിക്കുന്നു.

തീവ്രം: തീറ്റയും വെള്ളവും കൂട്ടിനുള്ളില്‍ തന്നെ ലഭ്യമാക്കി മുഴുവന്‍ സമയവും ആടുകളെ കൂട്ടില്‍ നിര്‍ത്തി വളര്‍ത്തുന്നു.

മധ്യവര്‍ത്തി: കൂട്ടിനുള്ളില്‍ ആടുകള്‍ക്കു തീറ്റ, വെള്ളം എന്നിവ ലഭ്യമാക്കുന്നതോടൊപ്പം ദിവസേന പകല്‍സമയത്ത് അവയെ ഏതാനും മണിക്കൂര്‍ പുറത്ത് മേയാനും അനുവദിക്കുന്നു.

ആട്ടിന്‍കൂട്

പ്രകൃതിയുടെ പ്രതികൂലാവസ്ഥയില്‍നിന്നു രക്ഷ നല്‍കുന്ന രീതിയില്‍ ആയിരിക്കണം കൂട് ഒരുക്കേണ്ടത്. ലളിതമായ സൗകര്യം മതി. അതതു പ്രദേശത്തു കിട്ടുന്ന കമുക്, മുള, പന, പുല്ല്, ഓല മുതലായ വസ്തുക്കള്‍ ഉപയോഗിച്ച്‌ ചെലവു കുറഞ്ഞ രീതിയില്‍ കൂടു പണിയാം. തറയില്‍നിന്ന് രണ്ടടിയെങ്കിലും ഉയരത്തില്‍ തട്ട് തയാറാക്കണം. ആട്ടിന്‍കുട്ടികളുടെ കാല് ഇടയില്‍ പോകാത്ത രീതിയിലും എന്നാല്‍ കാഷ്ഠം താഴെ പോകുന്ന രീതിയിലും (ഏകദേശം 2 സെ.മീ.) അകലം വേണം തട്ട് തയാറാക്കാന്‍. ആട് ഒന്നിന് ഒരു ചതുരശ്ര മീറ്റര്‍ സ്ഥലം.

തീറ്റക്രമം

പ്ലാവ്, മുരിങ്ങ, വേങ്ങ തുടങ്ങിയവയുടെ ഇലകളും തീറ്റപ്പുല്ല് (ഗിനി, പാര, സിഒ- 3), വാഴയില എന്നിവയും നല്‍കാം. ഇവ ഉയരത്തില്‍ കെട്ടിയിട്ടു നല്‍കുന്നതാണ് നല്ലത്. ഇതിനു പുറമേ കാലിത്തീറ്റയോ പട്ടികയില്‍ പറയുന്ന തീറ്റമിശ്രിതമോ നിശ്ചിതഅളവില്‍ നല്‍കണം.

ആട്ടിന്‍കുട്ടി ജനിച്ച്‌ മുപ്പതു മിനിറ്റിനകം കന്നിപ്പാല്‍ നല്‍കണം. മുപ്പതു ദിവസം വരെ അമ്മയുടെ പാല്‍ മാത്രം നല്‍കിയാല്‍ മതി. ഒരു മാസം പ്രായമാകുമ്ബോള്‍ ഉയര്‍ന്ന മാംസ്യവും ഊര്‍ജവും അടങ്ങിയ സ്റ്റാര്‍ട്ടര്‍ 50 ഗ്രാം വീതം നല്‍കാം. ഇതിന്റെ അളവ് ക്രമേണ കൂട്ടി (മാസം 50 ഗ്രാം വീതം) 56 മാസം പ്രായമാകുമ്ബോഴേക്കും ഏകദേശം 300 ഗ്രാം തീറ്റ ലഭിക്കുന്ന രീതിയില്‍ നല്‍കാം. ആട്ടിന്‍കുട്ടികള്‍ക്കു രണ്ടു മാസം മുതല്‍ പുല്ലും ഇലകളും നല്‍കാം.

ആടുകള്‍ക്ക് അവയുടെ ശരീര തൂക്കത്തിന്റെ 5-7% എന്ന തോതില്‍ ഈര്‍പ്പരഹിത അടിസ്ഥാനത്തില്‍ (Dry matter) ഭക്ഷണം കഴിക്കാനുള്ള കഴിവുണ്ട്. പ്രായപൂര്‍ത്തിയായ ഒരു ആടിന് ദിനംപ്രതി 3-5 കിലോ പച്ചപ്പുല്ലോ, 2-3 കിലോ പച്ചിലയോ പരുഷാഹാരമായി നല്‍കണം.

പ്രായപൂര്‍ത്തിയായ ആടുകളുടെ തീറ്റക്രമം വിഭാഗം ശരീരഖര പരുഷ

തൂക്കം ആഹാരം ആഹാരം

വളരുന്ന കിലോ ഗ്രാം കിലോ

ആടുകള്‍ 15-20 300-400 1-2

മുതിര്‍ന്ന ആടുകള്‍ 25-35 200-300 2-4

പ്രജനനത്തിനുള്ള മുട്ടനാടുകള്‍ 35-50 300-500 3-5

കറവയുള്ള ആടുകള്‍ക്ക് സംരക്ഷണ റേഷനു പുറമേ ഓരോ ലീറ്റര്‍ പാലിനും 400 ഗ്രാം ഖരാഹാരം നല്‍കണം. ഗര്‍ഭിണിയായ

ആടുകള്‍ക്ക് പ്രസവത്തിനു രണ്ടു മാസം മുമ്ബുതൊട്ട് 100-200 ഗ്രാം ഖരാഹാരം കൂടുതല്‍ ആയി നല്‍കണം. ദിവസവും രണ്ടു നേരമായി കൊടുക്കുന്നതാണ് നല്ലത്. കറവയും ചെനയുമില്ലാത്തവയ്ക്ക് നാലു കിലോ പ്ലാവില മാത്രം നല്‍കിയാല്‍ മതി. തീറ്റമിശ്രിതം, അരിഞ്ഞ പുല്ല്, ഇലകള്‍ എന്നിവ ചേര്‍ത്ത് ഗുളിക Pellet) രൂപത്തില്‍ നല്‍കുന്ന Complete ration അഥവാ Total ration പ്രചാരത്തില്‍ വരുന്നുണ്ട്.

പരിചരണം

  • ആട്ടിന്‍‌കുട്ടി ജനിച്ചു കഴിഞ്ഞാല്‍ ഉടനെതന്നെ മുഖം തുടച്ച്‌ മൂക്കു പിഴിഞ്ഞ്, ശ്വസനം സുഗമമാക്കുക. കന്നിപ്പാല്‍ 30 മിനിറ്റിനകം നല്‍കുക. പൊക്കിള്‍ക്കൊടിയില്‍ ടിങ്ചര്‍‌ അയഡിന്‍‌ പുരട്ടുക.
  • ആട്ടിന്‍കുട്ടികള്‍ക്ക് ആദ്യ വിരമരുന്ന് നാലാഴ്ച പ്രായത്തിലും തുടര്‍ന്ന് ആറു മാസം വരെ മാസംതോറും നല്‍കണം.
  • ആട്ടിന്‍കുട്ടികള്‍ക്കുണ്ടാകുന്ന ടെറ്റനസ് ഒഴിവാക്കുവാന്‍ ചെനയുള്ള ആടുകള്‍ക്ക് ചെനയുടെ 4-ാം മാസത്തിലും 5-ാം മാസത്തിലും ടെറ്റനസ് ടോക്സോയിഡ് (TT) നല്‍കുക.
  • ബാഹ്യപരാദങ്ങള്‍ക്കെതിരെ (പേന്‍‌, ചെള്ള്, വട്ടന്‍) മൂന്നു മാസത്തിലൊരിക്കല്‍ മരുന്നു ചെയ്യുക.
  • കുളമ്ബുരോഗം, ആന്ത്രാക്സ്, കുരലടപ്പന്‍ (HS), ആടുവസന്ത (PPR) എന്നിവയ്ക്കെതിരെ യഥാസമയം പ്രതിരോധ കുത്തിവയ്പ് എടുക്കുക.
  • ആടുകളുടെ തീറ്റക്രമത്തില്‍ പ്രത്യേകമായ ശ്രദ്ധ വേണം. കഞ്ഞി, പൊറോട്ട, പായസം, പഴുത്ത ചക്ക എന്നിവ നല്‍കുന്നത് അസിഡോസിസ് എന്ന രോഗവും മരണവും ഉണ്ടാക്കിയേക്കാം.
  • പ്രസവിച്ച ആടുകളുടെയും പ്രസവിക്കാറായി നില്‍ക്കുന്നവയുടെയും അകിടിനു പ്രത്യേക ശ്രദ്ധ നല്‍കുക. അകിടില്‍ അമിതമായ ചൂടോ തണുപ്പോ അനുഭവപ്പെടുക, അകിടിന്റെ നിറം മാറുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിദഗ്ധ ചികിത്സ തേടുക.
  • ദ്രവരൂപത്തിലുള്ള മരുന്നുകള്‍ കഴിവതും നിര്‍ബന്ധിച്ച്‌ കൊടുക്കാതിരിക്കുക. ഇവ ശ്വാസകോശത്തിലെത്തി ന്യൂമോണിയ ഉണ്ടാകുവാനുള്ള സാധ്യത ആടുകളില്‍ വളരെ കൂടുതല്‍ ആണ്.
  • പുതിയ ആടുകളെ വാങ്ങുമ്ബോള്‍ 15 ദിവസമെങ്കിലും മാറ്റി പാര്‍പ്പിച്ച്‌ രോഗവിമുക്തി ഉറപ്പാക്കി മറ്റുള്ളവയോടൊപ്പം പാര്‍പ്പിക്കുക.
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക