കൊടുവള്ളി (കോഴിക്കോട്): കിഴക്കോത്ത് എളേറ്റില്‍ വട്ടോളിയില്‍ മൊബൈല്‍ ഫോണ്‍ കവര്‍ച്ചക്കെത്തിയ സംഘം ബിഹാര്‍ സ്വദേശി അലി അക്ബറിനെ ബൈക്കില്‍ വലിച്ചിഴച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് മോഷ്ടാക്കളെ കൊടുവള്ളി പൊലീസ് പിടികൂടി. കാക്കൂര്‍ രമല്ലൂര്‍ സ്വദേശികളായ മഞ്ഞളാം കണ്ടി മീത്തല്‍ ഷംനാസ് (23), കുന്നുമ്മല്‍താഴം സനു കൃഷണ (18) എന്നിവരെയാണ് വെളളിയാഴ്ച വൈകീട്ട് കാക്കൂരില്നിന്ന് പിടികൂടിയത്. ഷംനാസ് നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണ്.
ബുധനാഴ്ച വൈകീട്ട് ആറരയോടെ എളേറ്റില്‍ ഇയ്യാട് റോഡിലായിരുന്നു സംഭവം.
ബൈക്കിലെത്തിയ മോഷ്ടാക്കള്‍ റോഡരികില്‍ നില്‍ക്കുകയായിരുന്ന അലി അക്ബറിനോട് ഫോണ്‍ വിളിക്കാനായി മൊബൈല്‍ ആവശ്യപ്പെട്ടു. ബൈക്കില്‍ പിന്നിലുണ്ടായിരുന്നയാള്‍ ഫോണില്‍ സംസാരിക്കുന്നതായി നടിക്കുകയും ഉടനെ ബൈക്ക് മുന്നോട്ടെടുക്കുകയുമായിരുന്നു. ഈ സമയം ബൈക്കില്‍ പിടിച്ചു നില്‍ക്കുകയായിരുന്ന അലി അക്ബറിനെ റോഡിലൂടെ 200 മീറ്ററോളം വലിച്ചിഴച്ചാണ് സംഘം രക്ഷപ്പെട്ടത്.
റോഡില്‍ വീണ അലി അക്ബര്‍ വീണ്ടും ബൈക്കിനെ പിന്തുടര്ന്നു. ഇതിനിടെ ബൈക്കിെന്റ പിന്നിലുണ്ടായിരുന്നയാളും റോഡിലേക്ക് തെറിച്ചു വീണു. അലി അക്ബര്‍ ഇയാളെ പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. ഇതിനിടെ ഇയാളുടെ മൊബൈല്‍ ഫോണ്‍ റോഡിലേക്ക് തെറിച്ചു വീണു. ഇത് നാട്ടുകാര്‍ കൊടുവള്ളി പൊലീസിന് കൈമാറി.
തുടര്‍ന്നാണ് പ്രതികള്‍ ഇന്നലെ പൊലീസ് പിടിയിലാവുന്നത്. ഇവര്‍ക്ക് മറ്റ് മോഷണ കേസുകളില്‍ ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ. അഭിലാഷ്, എ.എസ്.ഐ. സജീവന്, എസ്.പി.ഒമാരായ റഷീദ്, റഹിം നെരോത്ത്, ജയരാജന്, റഫിഖ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.