കൊച്ചി: തൃക്കാക്കര ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനം ഇന്ന് വിധിയെഴുതും. ഒരുമാസത്തെ തകര്‍പ്പന്‍ പ്രചാരണത്തിന് ഒടുവില്‍, മണ്ഡലം ഇന്ന്ധ പോളിങ് ബൂത്തിലേക്ക്. രണ്ടാം പിണറായി സര്‍ക്കാര്‍ നേരിടുന്ന ആദ്യ ഉപതിരഞ്ഞെടുപ്പാണിത്. ജൂണ്‍ മൂന്നിനാണു വോട്ടെണ്ണല്‍. വോട്ടെണ്ണല്‍ കേന്ദ്രമായ മഹാരാജാസ് കോളേജില്‍ തിങ്കളാഴ്ച പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. മണ്ഡലത്തിലാകെ 239 പോളിങ് ബൂത്തുകളാണ് സജീകരിച്ചിരിക്കുന്നത്.

നിയമസഭയില്‍ നൂറ് സീറ്റ് തികയ്ക്കുക എന്നതാണ് ഇടതുമുന്നണിയുടെ ലക്ഷ്യമെങ്കില്‍, ഉറച്ച കോട്ടയായ മണ്ഡലത്തില്‍ പിടി തോമസിന്റെ പിന്തുടര്‍ച്ച ഉറപ്പാക്കാനാണ് യുഡിഎഫ് ശ്രമം. പിസി ജോര്‍ജിനെ രംഗത്തിറക്കിയാണ് എന്‍ഡിഎ അവസാന റൗണ്ടിലെ പ്രചാരണം കൊഴുപ്പിച്ചത്. തൃക്കാക്കരയില്‍ ഇനി താമരക്കാലമാണെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചത്. തൃക്കാക്കരയില്‍ യു ഡി എഫ് കോട്ട തകരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പോളിങ് തുടങ്ങുമ്ബോള്‍ കോട്ടയ്ക്ക് ഇളക്കം തട്ടുമെന്നും. പോളിങ്ങ് തീരുമ്ബോഴേക്കും കോട്ട തകരുമെന്നും എല്‍ ഡി എഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമ തോമസ് (യുഡിഎഫ്), ഡോ. ജോ ജോസഫ് (എല്‍ഡിഎഫ്), എ.എന്‍.രാധാകൃഷ്ണന്‍ (എന്‍ഡിഎ) എന്നിവര്‍ ഏറ്റുമുട്ടുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തില്‍ വികസന ചര്‍ച്ചകള്‍ക്കായിരുന്നു മുന്‍തൂക്കമെങ്കില്‍ പിന്നീട് അന്തരീക്ഷമാകെ രാഷ്ട്രീയ വാക്പോരിന്റെ കനലുകളെരിഞ്ഞു. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള വികസന പദ്ധതികള്‍ മുന്നോട്ടുവച്ച്‌ പ്രചാരണത്തിനു തുടക്കമിട്ട എല്‍ഡിഎഫ്, അപകടം മണത്ത് അല്‍പം വഴി മാറി. സില്‍വര്‍ലൈന്‍ വിരുദ്ധ വികാരം സജീവമാക്കി നിര്‍ത്തിയും സ്വന്തം വികസന ചരിത്രം ഓര്‍മിപ്പിച്ചുമായിരുന്നു യുഡിഎഫിന്റെ ബദല്‍ പ്രചാരണം. ആലപ്പുഴയിലെ വിദ്വേഷ മുദ്രാവാക്യം അടക്കം രാഷ്ട്രീയ ആയുധങ്ങളായി മാറി.

പോരിന്റെ മൂര്‍ധന്യത്തില്‍ വിദ്വേഷ രാഷ്ട്രീയം പുറത്തുവന്നതും സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാജ വിഡിയോ പ്രചാരണം നടന്നതും പതിവില്ലാത്ത കാഴ്ചകളായി. വിഡിയോ പ്രചരിപ്പിച്ചവരില്‍ ചിലരെ പിടികൂടിയെങ്കിലും അതിനു തുടക്കമിട്ടവരെ കണ്ടെത്താത്തതും ചര്‍ച്ചയായി. പി.സി.ജോര്‍ജിന്റെ പ്രസംഗങ്ങളും അറസ്റ്റും നാടകമെന്നു യുഡിഎഫ് ആക്ഷേപിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഉറച്ച നിലപാടിന്റെ തെളിവായി വ്യാഖ്യാനിക്കാനാണ് എല്‍ഡിഎഫ് ശ്രമിച്ചത്. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ചുള്ള കള്ളക്കളിയെന്നാണ് അറസ്റ്റിനെ എന്‍ഡിഎ വിശേഷിപ്പിച്ചത്.

മന്ത്രിമാരുടെ നേതൃത്വത്തില്‍ സമുദായ അടിസ്ഥാനത്തില്‍ വീടുകയറി പ്രചാരണം നടത്തുന്നുവെന്ന ആരോപണം യുഡിഎഫ് ഉയര്‍ത്തി. മന്ത്രിമാര്‍ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്ത് വോട്ടു നേടാന്‍ ശ്രമിക്കുന്നുവെന്നും ആരോപണമുയര്‍ന്നു. പരാജയഭീതിയില്‍നിന്നാണ് ഇത്തരം ആക്ഷേപങ്ങളെന്നു ഭരണപക്ഷം തിരിച്ചടിച്ചു.

പി.ടി.തോമസിന്റെ വിയോഗത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭാര്യ ഉമയ്ക്കു സീറ്റ് നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ്. യുഡിഎഫിനു കിട്ടാറുള്ള വോട്ടുകള്‍ ചിതറിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനെ നയിക്കുന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും അനായാസം കീഴടങ്ങില്ലെന്ന മുന്നറിയിപ്പാണ് എന്‍ഡിഎയുടേത്.

വിധി നിര്‍ണയിക്കുക 1,96805 വോട്ടര്‍മാര്‍

1,96805 വോട്ടര്‍മാരാണ് വിധി നിര്‍ണയിക്കുക. 3633 പേര്‍ നവാഗത വോട്ടര്‍മാരാണ്. 95274 പുരുഷന്മാരും 1,01530 സ്ത്രീകളും ഒരു ട്രാന്‍സ്ജന്‍ഡര്‍ വോട്ടറുമാണ് മണ്ഡലത്തിലുള്ളത്. മെയ് 31 ന് രാവിലെ 7 മുതല്‍ വൈകുന്നേരം 6 വരെയാണ് വോട്ടിങ് സമയം. 3 മുന്നണി സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആകെ 8 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ഡലത്തില്‍ പ്രശ്ന ബാധിത ബൂത്തുകളോ പ്രശ്ന സാധ്യതാ ബൂത്തുകളോയില്ല. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും ബൂത്തുകള്‍ ഒരുക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ 22 വാര്‍ഡുകളും തൃക്കാക്കര നഗരസഭയും ഉള്‍ക്കൊള്ളുന്നതാണ് മണ്ഡലം.

ആറു തപാല്‍ വോട്ടുകള്‍, 83 സര്‍വീസ് വോട്ടുകള്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി ഇത്തവണ അനുവദിച്ചത് ആറു തപാല്‍ വോട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് തപാല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച വോട്ടുകളില്‍ ഒന്നും ഇത് വരെ തിരികെ ലഭിച്ചിട്ടില്ല.

സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇലക്‌ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ് (ഇ. ടി. പി. ബി ) അഥവാ സര്‍വീസ് വോട്ടുകള്‍ അനുവദിക്കുന്നത്. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സര്‍വീസ് വോട്ടുകളാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് വോട്ടുകള്‍ തിരികെ ലഭിച്ചു.

വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.

ജില്ലാ കളക്ടറുടെ അറിയിപ്പ്

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രീ പോള്‍ സര്‍വെകള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയ വിവരം നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ച്‌ വാട്‌സാപ്പ് തുടങ്ങിയ മാര്‍ഗങ്ങളിലൂടെ സര്‍വെ നടത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പൊലീസിന് ഇതു സംബന്ധിച്ച വിവരം കൈമാറിയിട്ടുണ്ട്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക