യൂത്ത് കോണ്‍ഗ്രസ് നേതാവ് പ്രതിയായ പോക്‌സോ കേസില്‍ മാത്യു കുഴല്‍നാടന്‍ ഹാജരായെന്ന് തെളിയിക്കുമോയെന്ന രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജിർ രംഗത്ത് വന്നതോടുകൂടി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും, ചാനൽ ചർച്ചകളിലെ കോൺഗ്രസ് പ്രതിനിധിയുമായ രാഹുൽ മാങ്കൂട്ടം പ്രതിസന്ധിയിലായിരിക്കുകയാണ്. കഴിഞ്ഞദിവസം ഒരു ചാനല്‍ ചര്‍ച്ചയിലാണ് രാഹുല്‍ ഷാജറിനോട് വെല്ലുവിളി നടത്തിയത്. കുഴല്‍നാടന്‍ പ്രതിക്കുവേണ്ടി ഹാജരായിയെന്ന് തെളിയിച്ചാല്‍ അദ്ദേഹം എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുമെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം. അതേദിവസം തന്നെ ഷാജര്‍ മറ്റൊരു ചാനല്‍ ചര്‍ച്ചയില്‍ മാത്യു കുഴല്‍നാടന്‍ ഷാനിന് വേണ്ടി ഹാജരായ രേഖകള്‍ കാണിച്ചുകൊടുക്കുകയായിരുന്നു.

ഇതിന്റെ രേഖകള്‍ ഷാജര്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. തുടര്‍ന്ന് പറഞ്ഞത് ഇങ്ങനെ: “യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് രാവിലെ ന്യൂസ് 18 ചാനലില്‍ വെച്ച് ഒരു വെല്ലുവിളി നടത്തി. അതിനുള്ള മറുപടി അല്‍പം മുന്നെ തെളിവ് സഹിതം ഏഷ്യാനെറ്റ് ന്യൂസില്‍ വെച്ച് നല്‍കിയിട്ടുണ്ട്. ഉടന്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍, MLA സ്ഥാനം രാജിവെക്കാന്‍ മാത്യു കുഴല്‍നാടനോട് ആവശ്യപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു”.
(ജൂണ്‍ 15ന് എറണാകുളം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ അപേക്ഷയുടെ കോപ്പി കമന്റില്‍ നല്‍കുന്നു. സെഷന്‍സ് കോടതിയില്‍ നില്‍ക്കില്ലെന്ന് ബോധ്യപ്പെട്ടതിനാല്‍ പിന്‍വലിച്ച് പിന്നീട് പോക്‌സൊ സ്‌പെഷ്യല്‍ കോടതിയില്‍ നല്‍കുകയായിരുന്നു. ഈ ഘട്ടത്തില്‍ DYFl പ്രതിഷേധം ഉയര്‍ന്നതിന്റെ ഭാഗമായി കേസ്സ് മുന്‍ ഡിജിപി ആസിഫലിയെ ഏല്‍പിച്ച് മാത്യു കുഴല്‍ നാടന്‍ തടിതപ്പുക ആയിരുന്നു.)

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്ക്‌പോരും തുടരുകയാണ്. മാത്യു കുഴല്‍നാടനോട് രാജിവയ്ക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടോ? വാക്ക് പാലിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നുമാണ് ഡി വൈ എഫ് ഐ പ്രൊഫൈലുകൾ ആവശ്യം ഉയർത്തുന്നത്. എന്നാൽ ഇപ്പോഴും തൻറെ ഭാഗത്ത് നിലപാടാണ് രാഹുൽ മാങ്കൂട്ടം സ്വീകരിച്ചിരിക്കുന്നത്. നിലവിൽ കേസിൽ ഷാൻ മുഹമ്മദിന് വേണ്ടി ഹാജരായി ഇരിക്കുന്നത് മറ്റൊരു അഭിഭാഷകനാണ്. അതുകൊണ്ടു തന്നെ ഇത് ഉയർത്തിക്കാട്ടിയാണ് രാഹുൽ പ്രതിരോധം ഉയർത്തുന്നത്. എന്നാൽ അണികളെ സംരക്ഷിക്കുമെന്ന മാത്യു കുഴൽനാടൻറെ നിലപാടിന് വിരുദ്ധമായ പ്രസ്താവന യൂത്ത് കോൺഗ്രസ് നേതാവിൽ നിന്ന് ഉയർന്നത് പ്രവർത്തകരിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്.

രാമനാട്ടുകര സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിരോധത്തിലായിരുന്ന ഡിവൈഎഫ്ഐ വീണുകിട്ടിയ അവസരം ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ ഇതിൽ നിന്ന് വേർപെട്ട് സ്വർണ്ണക്കടത്ത് കൊട്ടേഷൻ വിഷയങ്ങളിലേക്കും, തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും എതിരെ ഉയർന്ന വധഭീഷണിയിലേക്കും രാഷ്ട്രീയ ചർച്ചകൾ എത്തിക്കാനുള്ള തീവ്രമായ ശ്രമങ്ങൾ കോൺഗ്രസ് സൈബർ പേജുകൾ നടത്തുന്നു. ഇരു വിഭാഗങ്ങളും പരസ്പരം വിവാദ വിഷയങ്ങൾ ഉന്നയിച്ചു പോരടിക്കുമ്പോഴും രാഹുൽ മാങ്കൂട്ടം സ്വീകരിച്ച നിലപാട് പുതിയ ഏതെങ്കിലും ഉൾപ്പാർട്ടി നീക്കത്തിന് ഭാഗമാണോ എന്നും അണികളിൽ ഒരുവിഭാഗം സംശയിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ വിഷയം കൂടുതൽ ചർച്ചയായാൽ മാത്യു കുഴൽനാടന് യൂത്ത് കോൺഗ്രസും, കോൺഗ്രസും എത്തരത്തിലുള്ള പിന്തുണയാണ് നൽകുന്നത് എന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീമിൻറെ പ്രതികരണം:

ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്തെത്തി. അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, ഷാനിനെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണമെന്ന് റഹീം ആവശ്യപ്പെട്ടു.

എഎ റഹീം പറഞ്ഞത്: ”എറണാകുളത്തെ യൂത്ത് കോണ്‍ഗ്രസിന്റെ നേതാക്കളാണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതികള്‍. രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസിന്റെ എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി ഷാന്‍ മുഹമ്മദാണ്. ഇയാള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വേണ്ടി നിയമസഹായം നല്‍കുന്നത് മാത്യു കുഴല്‍നാടന്‍ എംഎല്‍എയാണ്. പോക്‌സോ കേസ് പ്രതിയ്ക്കാണ് എംഎല്‍എ നിയമസഹായം നല്‍കുന്നതെന്ന് ഓര്‍ക്കണം. അല്‍പ്പമെങ്കിലും നീതി ബോധം മാത്യു കുഴല്‍നാടനില്‍ അവശേഷിക്കുന്നുണ്ടെങ്കില്‍, പ്രതിയെ നിയമത്തിന്റെ മുന്നില്‍ ഹാജരാക്കാന്‍ തയ്യാറാവണം. പ്രതി എവിടെയുണ്ടെന്ന് വക്കീലിന് അറിയാമല്ലോ.

”തനിക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോണിയാ ഗാന്ധി അടക്കമുള്ള നേതാക്കള്‍ക്ക് പെണ്‍കുട്ടി കത്ത് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഈ നിമിഷം വരെ ഷാന്‍ മുഹമ്മദിനെ യൂത്ത് കോണ്‍ഗ്രസ് പുറത്താക്കിയിട്ടില്ല. പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നതാണോ സാര്‍ ക്രിയാത്മകരാഷ്ട്രീയം, ഇതാണ് വിഡി സതീശനോട് ഡിവൈഎഫ്‌ഐയ്ക്ക് ചോദിക്കാനുള്ളത്. പ്രതിക്ക് വേണ്ടി എംഎല്‍എ വക്കാലത്ത് പരസ്യമായി പ്രഖ്യാപിക്കുന്നു. ഗൗരവവിഷയമാണ്. ഇതാണ് ഇവരുടെ രീതിയെന്ന് ജനങ്ങളോട് ഡിവൈഎഫ്‌ഐ പറയും. പ്രതിക്ക് വേണ്ടി പരസ്യപ്രചരണം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസുകാര്‍. ഷാനിലെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ എറണാകുളത്ത് ശക്തമായ പ്രതിഷേധം നടത്തും. ”

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക