കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി ജോ ജോസഫിന്റേത് എന്ന തരത്തിൽ ഒരു അശ്ലീല വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒട്ടേറെ ആളുകൾ ഈ വീഡിയോ ഏറ്റെടുത്ത് പ്രചരിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നലെ സിപിഎം നേതാക്കൾ മാധ്യമങ്ങളെ കണ്ട് ഇതിനു പിന്നിൽ യുഡിഎഫ് സൈബർ കൂട്ടങ്ങൾ ആണെന്ന് ആരോപണമുന്നയിച്ചിരുന്നു. പ്രമുഖ യുഡിഎഫ് നേതാക്കളുടെ ചിത്രങ്ങൾ വെച്ചുള്ള അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരം വ്യാജ വീഡിയോകൾ ഷെയർ ചെയ്യുന്നതെന്ന കാര്യവും നേതാക്കൾ ചൂണ്ടിക്കാട്ടി.

എന്നാൽ ഈ അശ്ലീല വീഡിയോയ്ക്ക് പിന്നിൽ സിപിഎമ്മിലെ തന്നെ ഒരു വിഭാഗം ആണെന്ന തരത്തിലുള്ള സംശയവും ഉയരുന്നുണ്ട്. മണ്ഡലത്തിലെ സ്ഥാനാർഥിയെ സംബന്ധിച്ച് ഇടതു നേതാക്കൾക്കിടയിൽ തർക്കം രൂക്ഷമായിരുന്നു. വ്യവസായമന്ത്രി പി രാജീവും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജും തമ്മിലുള്ള തർക്കവും അതിനെ തുടർന്ന് രണ്ടു കൂട്ടരെയും പിണക്കാതെയുള്ള പ്രഖ്യാപനവുമാണ് സ്ഥാനാർഥിയുടെ കാര്യത്തിൽ കണ്ടത്. എന്നാൽ നേതൃത്വം വിചാരിച്ചതിനപ്പുറം പാർട്ടി പാരമ്പര്യമില്ലാത്ത സ്ഥാനാർഥിയെ ഉൾക്കൊള്ളുവാൻ ഒരുകൂട്ടം സൈബർ സഖാക്കൾ തയ്യാറായിരുന്നില്ല. ഇവർ നിയന്ത്രിക്കുന്ന കേന്ദ്രങ്ങളാണ് ഈ വീഡിയോയ്ക്ക് പിന്നിലെന്ന ആക്ഷേപമാണ് യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തിരഞ്ഞെടുപ്പ് കഴിഞ്ഞു തനിക്കും കുട്ടികൾക്കും ഇവിടെ ജീവിക്കേണ്ടത് ആണെന്ന് ഓർമ്മ വേണം എന്ന പ്രതികരണവുമായി ഇടതു സ്ഥാനാർഥിയുടെ ഭാര്യ രംഗത്തുവന്നിരുന്നു. അശ്ലീല വീഡിയോ പ്രചരണം ചൂണ്ടിക്കാട്ടി ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതിയും നൽകിയിട്ടുണ്ട്. എന്നാൽ വിജയം സുനിശ്ചിതമായ തൃക്കാക്കരയിൽ തങ്ങൾ ഇത്തരമൊരു വിഷയം ചർച്ച ചെയ്യേണ്ടതില്ല, ഇതിനു പിന്നിൽ ഇടതുപക്ഷത്തെ ഉൾപ്പാർട്ടി പ്രശ്നങ്ങൾ ആണെന്ന് നിലപാടിലാണ് യുഡിഎഫ് കേന്ദ്രങ്ങൾ. ഏതായാലും പ്രചാരണം അവസാനഘട്ടത്തിൽ എത്തിയപ്പോഴേക്കും വ്യക്തിപരമായ ആക്ഷേപങ്ങൾ ആണ് വികസനത്തിനപ്പുറം മണ്ഡലത്തിൽ ചർച്ചയാകുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക