തിരുവനന്തപുരം: ഇടതു മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണ്. കഴിവിന്റെ പരമാവധി ഉപയോഗിച്ച് നല്ല രീതിയിൽ മുന്നോട്ടുപോകും.

സിൽവർലൈനിന്റെ കാര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് എതിർപ്പില്ല. അങ്ങനെ വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. ഘടകകക്ഷികളുടെ വകുപ്പുകളിലും സമരം ചെയ്യാൻ സംഘടനകൾക്ക് അവകാശമുണ്ടെന്നും ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇടതുമുന്നണി നേതൃത്വത്തില്‍ ഇ.പി.ജയരാജനെ കാത്തിരിക്കുന്നത് മുന്നണിയെ ഐക്യത്തോടെ നയിക്കാനുള്ള നിർണായക ദൗത്യമാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പിന്നാലെ സിപിഎമ്മിലെ കണ്ണൂര്‍ ബ്രിഗേഡില്‍ നിന്നൊരാള്‍ ഇടതുമുന്നണിയുടെ തലപ്പത്തെത്തുന്നു എന്നതും ഇ.പി. ജയരാജന്‍റെ സ്ഥാനലബ്ധിയുടെ പ്രത്യേകതയാണ്. പാര്‍ട്ടിക്കുവേണ്ടി ഇടംവലം നോക്കാതെ പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ജയരാജന്റെ ശൈലി. അക്കാര്യത്തില്‍ മാധ്യമങ്ങളോടും ഭേദമില്ല.

എസ്എഫ്ഐ വഴി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഇപിയുടേത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്‍റുമായി. എം.വി.രാഘവനായിരുന്നു രാഷ്ട്രീയഗുരു. പിന്നീട് എംവിആറിനെതിരെ വി.എസ്.അച്യുതാനന്ദൻ പിണറായി വിജയനെ നിയോഗിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ വലംകയ്യായി. മലപ്പുറത്ത് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയപ്പോള്‍ കളംനിറഞ്ഞ് കളിച്ചവരില്‍ പ്രധാനിയായി. തൃശൂര്‍ ജില്ല പിണറായിക്കായി പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടാമനായി ശോഭിക്കുമ്പോള്‍ ബന്ധുനിയമന വിവാദത്തില്‍ തട്ടി വീണു. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ വ്യവസായ മന്ത്രിസ്ഥാനത്ത് പൂര്‍വാധികം കരുത്തനായി മടങ്ങിയെത്തി. 2011ലും 2016ലും മട്ടന്നൂരില്‍നിന്ന് വിജയിച്ച ഇപിക്ക് പാര്‍ട്ടി നിശ്ചയിച്ച രണ്ടു ടേം നിബന്ധനയില്‍ തട്ടി ഇത്തവണ മത്സരിക്കാനായില്ല. പിണക്കം പരസ്യമാക്കിയ ജയരാജനെ മുഖ്യമന്ത്രിയും കോടിയേരിയും അനുനയിപ്പിച്ച് വീണ്ടും തലസ്ഥാനത്തെത്തിച്ചു. എ.വിജയരാഘവന്‍ പിബിയില്‍ എത്തിയപ്പോഴേ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഇപിക്കെന്ന് തെളിഞ്ഞുവന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക