കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളില്‍ വൈകാരിക കുറിപ്പുമായി ഇ.പി. ജയരാജന്‍. രോഗകാലത്തെ അതിജീവിച്ച്‌ അടിച്ചമര്‍ത്തപ്പെട്ടവരുടേയും നിരാലംബരായവരുടേയും ശബ്ദമായി അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ച വേളയിലാണ് മരണം കടന്നു വന്നതെന്ന് ജയരാജന്‍. വര്‍ഷങ്ങളായുള്ള പാര്‍ട്ടി ബന്ധവും അതിലുമേറെയുള്ള വ്യക്തിബന്ധവും അദ്ദേഹത്തിന്റെ വാക്കുകളില്‍ നിഴലിക്കുന്നു. പോസ്റ്റിലെ വാക്കുകളിലേക്ക്:

ഒരിക്കലും മരിക്കപ്പെടാത്ത ഓര്‍മ്മകളിലേക്ക് സഖാവ് കോടിയേരി വിടവാങ്ങിയിരിക്കുന്നു. തങ്ങളുടെ പ്രിയ സഖാവിന്റെ വിയോഗം ഏറെ വേദനയോടെയാണ് കേരളത്തിലെ പാര്‍ട്ടിയും സഖാക്കളും ഉള്‍ക്കൊണ്ടത്. കേരളത്തെയാകെ ദുഃഖത്തിലാഴ്ത്തിയാണ് ആ മടക്കം. സഖാവിന്റെ മരണ വാര്‍ത്ത പുറത്ത് വന്നതുമുതല്‍ നിലയ്ക്കാത്ത പ്രവാഹമായി ജനം കണ്ണൂരിലേക്ക് ഒഴുകി. സഖാക്കള്‍ നായനാര്‍ക്കും ചടയനും മധ്യേ പയ്യാമ്ബലത്ത് അടക്കം അവസാനിച്ചതിന് ശേഷവും ആ ജനമനസ്സുകള്‍ അവിടെ തന്നെയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ വേദനയോടെയാണ് ഞങ്ങളെല്ലാം കോടിയേരി സഖാവിന്റെ വിയോഗത്തോട് പൊരുത്തപ്പെടുന്നത്. രോഗകാലത്തെ അതിജീവിച്ച്‌ അടിച്ചമര്‍ത്തപ്പെട്ടവരുടേയും നിരാലംബരായവരുടേയും ശബ്ദമായി ഈ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ അദ്ദേഹം തിരിച്ചെത്തുമെന്ന് പ്രതീക്ഷിച്ചിടത്താണ് ഇത് സംഭവിച്ചത്. സഹോദര സ്ഥാനീയനാണ് സഖാവ് കോടിയേരി. ഈ വേദന ഒരിക്കലും വിട്ടുമാറില്ല. പകരം വെയ്ക്കാനായി മറ്റൊരാളുമില്ല. ഒരോ സമരകാലവും മനസ്സില്‍ മിന്നിമറയുകയാണ്. സഖാവ് കോടിയേരിക്കൊപ്പമുള്ള ഒരോ ഓര്‍മ്മകളും മനസ്സില്‍ തെളിഞ്ഞ് കിടക്കുന്നു.

ഈ നാടിന് സഖാവ് കോടിയേരി ആരായിരുന്നു എന്നതിന് ഇനിയൊരു ഉത്തരം വേണമെന്ന് തോന്നുന്നില്ല. തലശ്ശേരിയിലും കോടിയേരിയിലും കണ്ണൂരിലും പയ്യാമ്ബലത്തും നാം അത് കണ്ടു. നേരില്‍ കണ്ടതും അല്ലാത്തതുമായ ഒരോ മനുഷ്യനും കോടിയേരിയെ പറ്റി ഒരു ഓര്‍മ്മയെങ്കിലും പങ്കുവെയ്ക്കാനുണ്ടാകും. അതായിരുന്നു സഖാവ്. മനോഹരവും നൈര്‍മ്മല്യവും നിറഞ്ഞ ഒരു ഓര്‍മ്മയെങ്കിലും അവശേഷിപ്പിക്കാതെ കോടിയേരി മടങ്ങാറില്ല. പാര്‍ട്ടി തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കണിശത കാണിക്കുമ്ബോഴും വീഴ്ചകളില്‍ ശകാരിക്കുമ്ബോഴും വാത്സല്യത്തിനും സ്നേഹത്തിനും അദ്ദേഹം അളവ് വെച്ചിരുന്നില്ല.

അമ്ബതിലേറെ വര്‍ഷത്തെ സഹോദര തുല്യമായ ഏറ്റവും അടുത്ത സൗഹൃദമാണ് സഖാവ് കോടിയേരിയുമായുള്ളത്. വിദ്യാര്‍ത്ഥി യുവജന രംഗത്തെ പ്രവര്‍ത്തനങ്ങളിലെല്ലാം ഒരുമിച്ചായിരുന്നു. അദ്ദേഹത്തിന്റെ കുടുംബവുമായും വളരെ അടുത്ത ബന്ധമാണുള്ളത്. പാര്‍ട്ടിപരമായും വ്യക്തിപരമായും ഏറ്റവും അടുത്ത ഒരാളെയാണ് കോടിയേരിയുടെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്. സമരപോരാട്ടങ്ങളിലെല്ലാം എല്ലാകാലവും ഞങ്ങള്‍ ഒരുമിച്ചായിരുന്നു. വിദ്യാര്‍ത്ഥികളായിരിക്കെ കോളേജിലെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നടന്ന് തലശ്ശേരി പാര്‍ട്ടി ഓഫീസില്‍ വരും. അവിടെ ഒരുമിച്ച്‌ കിടന്നുറങ്ങി അതിരാവിലെ എണീറ്റ് അദ്ദേഹം കോടിയേരിയിലെ വീട്ടിലേക്കും ഞാന്‍ ഇരിണാവിലേക്കും മടങ്ങും. ഒരുപാട് കാലം ഇങ്ങനെയായിരുന്നു.

കലുഷിതമായിരുന്നു അന്നത്തെ സാഹചര്യങ്ങള്‍. ഏതു നിമിഷവും അക്രമിക്കപ്പെട്ടേക്കാം എന്നതായിരുന്നു അവസ്ഥ. അതിനെയെല്ലാം തരണം ചെയ്ത് സ്ഫുടം ചെയ്തെടുത്ത കരുത്തുമായാണ് കോടിയേരി സംഘടനാ തലത്തില്‍ ഉയര്‍ന്നു വന്നത്. യുവജന രംഗത്തേക്ക് എത്തിയപ്പോള്‍ രാത്രികള്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസിലായി. പലപ്പോഴും മാറാന്‍ വേറെ ഷര്‍ട്ടും മുണ്ടും ഒന്നും ഉണ്ടായിരുന്നില്ല. അടുത്ത ദിവസവും തലേന്നത്തെ മുഷിഞ്ഞ വസ്ത്രം തന്നെ അണിഞ്ഞ് പ്രവര്‍ത്തനത്തിന് ഇറങ്ങും.

മറക്കാനാകാത്ത ഒരു ഓര്‍മ്മയാണ് കണ്ണൂരില്‍ യുവജനോത്സവം നടക്കുന്ന സമയത്തേത്. സുകുമാര്‍ അഴീക്കോടായിരുന്നു യുവജനോത്സവം ഉദ്ഘാടനം ചെയ്തത്. കരുണാകരനാണ് അന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയ വിഷയങ്ങളാല്‍ പ്രക്ഷുബ്ദ്ധമായിരുന്ന കാലം. യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ കരുണാകരന്‍ വരുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ. പ്രതിഷേധം സംഘടിപ്പിച്ചു. യുവജനോത്സവം നടക്കുന്ന വേദിക്ക് പുറത്ത് സഖാക്കള്‍ പ്രതിഷേധവുമയി മുന്നേറി. വളരെ ഭീകരമായാണ് അന്ന് പോലീസ് യുവജന സഖാക്കളെ നേരിട്ടത്. ലാത്തിച്ചാര്‍ജില്‍ നിരവധി സഖാക്കള്‍ക്ക് പരിക്ക് പറ്റി. ലാത്തിച്ചാര്‍ജിന് പുറമെ ജനക്കൂട്ടത്തിന് നേരെ വെടിവെക്കാനും തുടങ്ങി. കണ്ണൂര്‍ മുനിസിപ്പല്‍ ഓഫീസിന് മുന്നിലുള്ള റോഡില്‍ കമഴ്ന്ന് കിടന്നാണ് പോലീസ് വെടിവെയ്ക്കുന്നത്.

ഈ സമയം ജില്ലാ കമ്മിറ്റി ഓഫീസില്‍ പാര്‍ട്ടിയുടെ യോഗം നടന്നുകൊണ്ടിരിക്കുകയായിരുന്നു. സഖാവ് കോടിയേരിയും ഞാനും ആ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. വെടിയൊച്ച കേട്ട് ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് ഓടി. അഴീക്കോടന്‍ മന്ദിരത്തില്‍ നിന്ന് ഓടി മൈതാനത്തിന് അപ്പുറം എത്തുമ്ബോള്‍ കാണുന്ന കാഴ്ച പോലീസ് ജനക്കൂട്ടത്തിന് നേരെ കമഴ്ന്ന് കിടന്ന് വെടിവെക്കുന്നതാണ്. സഖാവ് കോടിയേരിയും ഞാനും അലറിക്കൊണ്ട് പോലീസിന്റെ അടുത്തേക്ക് നീങ്ങി. പോലീസുകാരെല്ലാം ഒരു നിമിഷം ശങ്കിച്ചുപോയി. ഇത് കണ്ട് അപ്പുറത്ത് നില്‍ക്കുകയായിരുന്ന എസ്‌.പി. ജോര്‍ജ്ജ് ഓടിവന്നു. വെടിവെക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പോലീസുകാര്‍ കിടന്നിടത്ത് നിന്ന് എഴുന്നേറ്റ് മാറി.

പിന്നീട് എസ്‌.പി. ജോര്‍ജ്ജ് ഞങ്ങള്‍ക്ക് അരികിലേക്ക് വന്ന് പറഞ്ഞു “നിങ്ങള്‍ എന്താണീ കാണിച്ചത്. മഹാ വിഡ്ഢിത്തമായിപ്പോയി ഇത്. പോലീസുകാര്‍ തോക്കൊന്ന് തിരിച്ച്‌ വെടി വെച്ചിരുന്നെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമായിരുന്നില്ലേ.?” മേലില്‍ ഇത് ആവര്‍ത്തിക്കെരുതെന്നും എസ്‌.പി. ഞങ്ങളോട് പറഞ്ഞു. പക്ഷേ തന്റെ ജീവനേക്കള്‍ വലുതായിരുന്നു കോടിയേരിക്ക് മറ്റു സഖാക്കള്‍. ഇത്തരത്തില്‍ നിരവധി തീക്ഷ്ണമായ സംഭവങ്ങള്‍ കോടിയേരിയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

ഏത് ദുര്‍ഘടമായ സാഹചര്യത്തേയും മറികടന്ന് ലക്ഷ്യത്തിലെത്താന്‍ കോടിയേരിക്ക് കഴിയുമായിരുന്നു. അതിന് നിരവധി ഉദാഹരണങ്ങളുണ്ട്. പാനൂരില്‍ വലിയ രാഷ്ട്രീയ അക്രമങ്ങള്‍ നടക്കുന്ന കാലം. സിപിഐഎമ്മുകാരെ ആര്‍.എസ്‌.എസ്‌. വേട്ടയാടുന്ന സാഹചര്യം. ഒരോദിവസവും സഖാക്കള്‍ ആര്‍.എസ്‌.എസ്സിന്റെ കൊലക്കത്തിക്ക് ഇരയാകുന്ന വാര്‍ത്തകള്‍. പാനൂരിലേക്ക് ആര്‍ക്കും കടന്ന് ചെല്ലാന്‍ കഴിയാത്ത സാഹചര്യം. പാര്‍ട്ടി നേതാക്കള്‍ വരെ ആക്രമണത്തിന് ഇരയാക്കപ്പെടുന്നു.

പാനൂരിലേക്ക് പോകുന്ന നേതാക്കളെ ഉള്‍പ്പടെ പോലീസ് ഇടപെട്ട് മടക്കി അയക്കുന്നു. അടുത്തടുത്ത ദിവസങ്ങളിലായി രണ്ട് സഖാക്കളെ ആര്‍.എസ്‌.എസ്‌ ക്രിമിനലുകള്‍ വെട്ടിക്കൊലപ്പെടുത്തിയതറിഞ്ഞ് അന്ന് സംസ്ഥാന സെക്രട്ടറിയായിരുന്ന സഖാവ് പിണറായി വിജയനും സഖാവ് കൊടിയേരിയും പാനൂരിലേക്ക് പുറപ്പെട്ടു. അന്ന് ഞാന്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. ആര്‍.എസ്.എസ്സുകാര്‍ കൊലപ്പെടുത്തിയ സഖാവ് കുഞ്ഞിക്കണ്ണന്റെ സംസ്കാര ചടങ്ങ് കഴിഞ്ഞ് മടങ്ങുന്ന ഞങ്ങള്‍ക്ക് നേരെ ബോംബേറുണ്ടായി. അവിടേക്കാണ് സഖാവ് പിണറായിയും സഖാവ് കോടിയേരിയും ചെന്നെത്തി സഖാക്കള്‍ക്ക് സ്വാന്തനമേകുന്നത്. ആക്രമിക്കപ്പെടും എന്ന് ഉറപ്പുള്ളിടത്തുപോലും അതിനെയെല്ലാം അതിജീവിച്ച്‌ അദ്ദേഹം എത്തുമായിരുന്നു. ആ അനുഭവ സമ്ബത്താണ് സഖാവ് കോടിയേരി.

സംഘര്‍ഷഭരിതമായ രാഷ്ട്രീയ സാഹചര്യങ്ങളിലും സ്നേഹം പങ്കുവെയ്ക്കലുകള്‍ക്കും സൗമ്യമായ പെരുമാറ്റത്തിനും ഭംഗമുണ്ടായിരുന്നില്ല എന്നതാണ് സഖാവ് കോടിയേരിയെ വ്യത്യസ്ഥനാക്കുന്നത്. ട്രെയിനില്‍ വെച്ച്‌ എനിക്ക് വെടിയേറ്റതറിഞ്ഞ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് ഓടിയെത്തിയ സഖാവ് കോടിയേരിയേയും പിണറായിയെയും കുറിച്ച്‌ കൂടെയുള്ളവര്‍ പറഞ്ഞ് അറിഞ്ഞിട്ടുണ്ട്. ബോധമറ്റ് കിടന്ന സമയത്ത് ചികിത്സയുടെ ഒരോഘട്ടത്തിലും കൂടെ നിന്ന് സുഖവിവരങ്ങള്‍ തിരക്കി കുടുംബത്തിന് കരുത്ത് പകര്‍ന്നത് സഖാക്കളായിരുന്നു. അങ്ങനെ വലിയ മാനസിക പൊരുത്തമാണ് കോടിയേരിയുമായി ഉണ്ടായിരുന്നത്. ഒഴിവുസമയങ്ങളിലെല്ലാം പരസ്പരം തമാശകള്‍ പറഞ്ഞ് പല പഴയ കഥകളെല്ലാം ഓര്‍മ്മിച്ച്‌ പരസ്പരം സ്നേഹവും സാഹോദര്യവും പങ്കുവെയ്ക്കുമായിരുന്നു ഞങ്ങള്‍. അത്തരത്തില്‍ മാനസിക പൊരുത്തമുള്ള ഒരാളെ ഇനി കിട്ടുക എന്നത് പ്രയാസമാണ്.
ഇങ്ങനെയൊക്കെയുള്ള സൗഹൃദങ്ങള്‍ ബാക്കിയാക്കിയാണ് പ്രിയ സഖാവ് വിടപറഞ്ഞത്. വ്യക്തിപരമായ നഷ്ടം കൂടിയാണ് കോടിയേരിയുടെ ഈ മടക്കം. സഖാവിന്റെ വിയോഗവാര്‍ത്തയറിഞ്ഞതുമുതലുള്ള നീറ്റല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വ്യക്തിബന്ധങ്ങള്‍ക്ക് അത്രയേറെ പ്രാധാന്യം നല്‍കിയിട്ടുണ്ട് കോടിയേരി. ഒരോരുത്തരുടേയും ഓര്‍മ്മകുറിപ്പുകളും അത് നമുക്ക് മുന്നില്‍ വെളിവാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക