ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്ബത്തിക ആരോപണം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ ഇപിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പി ജയരാജനാണ് ആരോപണം ഉന്നയിച്ചത്. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരിലാണ് സാമ്ബത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജന്റെ ഭാര്യയും മകനും ഡയറക്ടര്‍മാരായ കമ്ബനിയാണ് റിസോര്‍ട്ടിന്റെ നടത്തിപ്പുകാര്‍ എന്ന് ആരോപണം.

ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്ന് പി.ജയരാജന്‍ പറഞ്ഞു. റിസോര്‍ട്ട് തുടങ്ങുന്ന സമയത്ത് പ്രശ്നം ചൂണ്ടിക്കാണിച്ചപ്പോള്‍ ഡയറക്ടര്‍ ബോര്‍‍ഡില്‍ മാറ്റം വരുത്തി. ഗുരുതരമായ ആരോപണത്തില്‍ അന്വേഷണവും നടപടിയും വേണമെന്ന് പി.ജയരാജന്‍ ആവശ്യപ്പെട്ടു. അരോപണം ഉയര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ ഇ.പി പങ്കെടുത്തിരുന്നില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എം.വി ഗോവിന്ദന്‍ തള്ളിയില്ല. ആരോപണം എഴുതി നല്‍കാന്‍ പി ജയരാജന് നിര്‍ദ്ദേശം നല്‍കി. പരാതി രേഖാമൂലം കിട്ടിയാല്‍ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയില്‍ വ്യക്തമാക്കി. ഏറെ നാളായി സിപിഎം അണികള്‍ക്കിടയില്‍ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കപ്പെടുന്ന സംഭവമാണിത്. സിപിഎം ശക്തികേന്ദ്രമായ മൊറാഴയില്‍ വെള്ളിക്കീലെന്ന സ്ഥലത്ത് പാലോക്കുന്നിന് മുകളില്‍, കുന്ന് ഇടിച്ച്‌ നിരത്തിയാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇവിടെ റിസോര്‍ട്ട് പണി തുടങ്ങിയത്.

വലിയ കര്‍ഷക പോരാട്ടം നടന്ന സ്ഥലമാണ്. ഇവിടെയാണ് ആയുര്‍വേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂര്‍ നഗരസഭയില്‍ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധര്‍മ്മശാലയില്‍ ഇവര്‍ക്ക് നേരത്തെ ഓഫീസുണ്ടായിരുന്നു. മൂന്ന് വര്‍ഷം മുന്‍പ് ഇവിടെ റിസോര്‍ട്ട് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനം പൂര്‍ണ തോതില്‍ ആയിട്ടില്ല.

മമ്ബറം ദിവാകരന്‍ റിസോര്‍ട്ട് ഉദ്ഘാടനത്തില്‍ പങ്കെടുത്തത് കോണ്‍ഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്ട്രീയ നേതാക്കളെയും സ്വാധീനിച്ച്‌ പരാതികളില്ലാത്ത വിധത്തില്‍ മുന്നോട്ട് പോവുമ്ബോഴാണ് ഇപ്പോള്‍ പി ജയരാജന്‍ തന്നെ രംഗത്ത് വന്നിരിക്കുന്നത്. ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്ടര്‍ബോര്‍ഡില്‍ അംഗമാണ്. സിപിഎമ്മിന് പ്രാദേശിക തലത്തില്‍ ഇപി അനധികൃത സ്വത്ത് സമ്ബാദനം നടത്തുന്നു, പാര്‍ട്ടിക്ക് അനഭിമതരായ ആളുകളുമായി ചങ്ങാത്തം സ്ഥാപിക്കുന്നു തുടങ്ങിയ ആരോപണം ഉയര്‍ന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക