പാലക്കാട് : പാലക്കാട് നടന്നത് ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ ആകില്ലെന്ന ബിജെപി നിലപാടിലെ ചര്‍ച്ചകള്‍ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരളത്തിലേക്ക്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തില്‍ എത്തും. സംസ്ഥാനത്തെ ക്രമസമാധാന നില അദ്ദേഹം വിലയിരുത്തും. ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായും ആശയ വിനിമയം നടത്തും. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന് മുന്നിലുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആഭ്യന്തരമന്ത്രിയുടെ വരവ്. ബിജെപി നേതൃത്വവുമായും കേന്ദ്ര ആഭ്യന്തര മന്ത്രി ചര്‍ച്ച നടത്തും.

കേരളത്തില്‍ ഇനി അമിത് ഷായുടെ സജീവ ശ്രദ്ധയുണ്ടാകുമെന്നാണ് സൂചന. രാഷ്ട്രീയമായി ബിജെപിയെ വളര്‍ത്താന്‍ വേണ്ടി കൂടിയാണ് ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള തന്ത്രങ്ങളും അമിത് ഷാ ഒരുക്കും. ക്രൈസ്തവ വിഭാഗങ്ങളുമായും ചര്‍ച്ചയുണ്ടാകും. ലൗ ജിഹാദ് വിഷയവും സജീവമായി ചര്‍ച്ചയാക്കും. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഇതെല്ലാം ആയുധമാക്കാനാകും ശ്രമിക്കുക. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തെ ഗൗരവമുള്ള വിഷയമായി കണക്കാക്കും. എന്നാല്‍ ഇതിനെല്ലാം പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടിനും എസ് ഡി പി ഐയ്ക്കും എതിരായ ബിജെപി ഗൂഢാലോചനയാണെന്ന് എസ് ഡി പി ഐയും പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുബൈറിനെ കൊന്നതിലുള്ള പ്രതികാരമായിരുന്നു ശ്രീനിവാസന്റെ കൊല. എന്നാല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ സുബൈറിനെ വകരുത്തിയത് എങ്കിലും അതിന് പ്രാദേശിക ഗൂഢാലോചന സ്വഭാവമാണുള്ളതെന്നാണ് കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ പാലക്കാട്ടെ തിരിച്ചടി കൊല അങ്ങനെ അല്ല. നിരപരാധിയെയാണ് വകവരുത്തിയത്. ഇത് ഗുരുതര സാഹചര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തുന്നു. പാവങ്ങളെ ബോംബ് സ്‌ഫോടനത്തിലൂടെ തീവ്രവാദികള്‍ കൊല്ലുന്നതിന്റെ മറ്റൊരു മോഡലാണ് ശ്രീനിവാസനെ കൊന്നതെന്നാണ് വിലയിരുത്തല്‍.

രാജ്യത്തിന്റെ പലഭാഗങ്ങളിലായി പോപ്പുലര്‍ഫ്രണ്ട് നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമെന്ന നിലയിലാണ് ശ്രീനിവാസന്റെ മരണത്തെയും കാണുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ രാഷ്ട്രീയ നിലപാടാണ് പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുക എന്നാതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വിമര്‍ശിച്ചു. ഈ സാഹചര്യത്തിലാണ് അമിത് ഷാ കേരളത്തിലേക്ക് എത്തുന്നത്. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ ഗവര്‍ണ്ണറുമായി ആഭ്യന്തരമന്ത്രി ചര്‍ച്ച നടത്തിയേക്കും. ഇതെല്ലാം മനസ്സിലാക്കിയാണ് സുരേന്ദ്രന്റെ ഇന്നത്തെ പ്രസ്താവന.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് മതഭീകര സംഘടനയായ പോപ്പുലര്‍ഫ്രണ്ട്. കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ട്. സഞ്ജിത്തിന്റെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിപ്പിച്ചപ്പോള്‍ സര്‍ക്കാര്‍ എതിര്‍ത്തു. വാദം കേള്‍ക്കുമ്ബോള്‍ പ്രതികളുടെ വാദം കൂടി കേള്‍ക്കണം എന്നായിരുന്നു അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞത്. എന്ത് വിചിത്രമായ വാദമാണ് ഇത്. പോപ്പുലര്‍ ഫ്രണ്ടിനോട് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ സഹായിക്കുന്നുണ്. ഇതാണ് അവര്‍ക്ക് അരുംകൊലകള്‍ ചെയ്ത് കൂട്ടാന്‍ ഊര്‍ജ്ജം നല്‍കുന്നത്. ഭീകരാവാദ കേസുകള്‍ അന്വേഷിക്കുന്നകാര്യത്തില്‍ കേരള പൊലീസ് വളരെ പിന്നിലാണ്. സര്‍ക്കാര്‍ പ്രതികളെ സഹായിക്കുന്ന നിലപാടാണ് കോടതിയില്‍ ഉള്‍പ്പെടെ നടക്കുന്നത്. പൊലീസിന്റെ കൈകളില്‍ വിലങ്ങ് വെച്ചിരിക്കുകയാണ്. ഇതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയരണമെന്നും സുരേന്ദ്രന്‍ പറയുന്നു.

വിഷയം കേന്ദ്രസര്‍ക്കാരുമായി നിരന്തം ചര്‍ച്ച ചെയ്യുകയാണ്. ഈ മാസം 29 ന് കേന്ദ്രആഭ്യന്തര മന്ത്രി കേരളത്തില്‍ എത്തും. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രതികളെ സര്‍ക്കാര്‍ സഹായിക്കുന്നു. മറ്റൊരു സംസ്ഥാനത്തും പോപ്പുലര്‍ ഫ്രണ്ടിന് രാഷ്ട്രീയ സഹായം ഇല്ലെന്നും സുരേന്ദ്ര കുറ്റപ്പെടുത്തുന്നു.

എസ്ഡിപിഐ രാജ്യത്തെ ഏറ്റവും വലിയ മതഭീകര സംഘടനയാണ്. രാജ്യത്തെ തകര്‍ക്കുന്ന സംഘടന. അത് മറക്കരുത്. സമാധാനത്തിന്റെ കൂടെയാണ് ബിജെപി. ഇന്നും ആത്മസംയമനത്തോടെയാണ് നില്‍ക്കുന്നത്. എന്നാല്‍ അത് ദുര്‍ബലതയാണെന്ന് കണക്കാക്കി ബിജെപിയെ തുടര്‍ച്ചയായി ആക്രമിക്കുകയാണ് പോപ്പുലര്‍ഫ്രണ്ട് എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തില്‍ പങ്കുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിന് മുറുപടിയും സുരേന്ദ്രന്‍ നല്‍കുന്നു. രാഷ്ട്രീയ കൊലപാതകങ്ങളില്‍ തനിക്ക് പങ്കുണ്ടെങ്കില്‍ എന്നെ അറസ്റ്റ് ചെയ്യട്ടെയെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ സംസ്ഥാനത്തുടനീളം യാത്ര ചെയ്യുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആരോപണം മറുപടി അര്‍ഹിക്കാത്തതാണ്. അവരുടെ കൈയിലല്ലേ ആഭ്യന്തരം എന്റെ മടിയിലല്ലല്ലോ.അങ്ങനെയെങ്കില്‍ എന്നെ അറസ്റ്റ് ചെയ്തോട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ ഗുരുതര ആരോപണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബു രംഗത്തു വന്നിരുന്നു. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ സന്ദര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്നാണ് സുരേഷ് ബാബുവിന്റെ ആരോപണം. ബിജെപി അധ്യക്ഷന്റെ സന്ദശനത്തിലും കൊലപാതകത്തിലെ നേതൃത്വത്തിന്റെ പങ്കിലും അന്വേഷണം വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു.

പോപുലര്‍ ഫ്രണ്ട് നേതാവ് സുബൈറാണ് പാലക്കാട്ട് ആദ്യം കൊല്ലപ്പെട്ടത്. ഈ കൊലപാതകത്തിന് രണ്ടു ദിവസം മുമ്ബ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്‍ പാലക്കാട് വന്നിരുന്നു. ഇത് നേതൃത്വത്തിന്റെ പങ്കിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ബിജെപി നേതൃത്വമറിയാതെ അക്രമ സംഭവം ഉണ്ടാകില്ലെന്നുമാണ് സിപിഎം ആരോപിക്കുന്നത്. കൊലയാളി സംഘം മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ചില കേന്ദ്രങ്ങളില്‍ സംഘടിച്ചിരിക്കുന്നു. ആര്‍എസ്‌എസ്-എസ്ഡിപിഐ നേതൃത്വങ്ങളുടെ അറിവോടെയാണ് കൊലപാതകമുണ്ടായതെന്നും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക