തിരുവനന്തപുരം: അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള അധ്യക്ഷന്‍ സ്വാമി ദത്താത്രേയ സായ് സ്വരൂപ് നാഥിനുനേരെ ഉയര്‍ന്ന ലൈംഗിക പീഡനക്കേസ് ഹണിട്രാപ്പെന്ന് സംശയം. സ്വാമി ഡിജിപിക്കും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് സ്വാമിയെ വരാപ്പുഴയിലെ ഹോട്ടലില്‍വച്ച്‌ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തിരുന്നു. ഇതിലെ നാലുപ്രതികളില്‍ രണ്ടുപേരെ തോക്കുസഹിതം രണ്ടുദിവസത്തിനകം പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് മാര്‍ച്ച്‌ പത്തിന് സ്വാമിക്ക് എതിരെ ഒരു സ്ത്രീ തനിക്ക് ഫോണിലൂടെ സ്വാമി അശ്ളീല സന്ദേശമയച്ചുവെന്ന പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. താന്‍ നടത്തുന്ന കാറ്ററിങ് സ്ഥാപനവുമായി ബന്ധപ്പെട്ട് ബിസിനസ് നടത്താന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ ജനുവരിയില്‍ പരിചയപ്പെട്ട ഒരു സ്ത്രീയാണ് പരാതി നല്‍കിയതെന്നും ഇവര്‍ തന്നെ ആക്രമിച്ച സംഘത്തിലെ അംഗമാണെന്ന് അക്രമം നടക്കുന്നതിനിടെ അവര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായതെന്നുമാണ് സ്വാമി സ്വരൂപ്നാഥ് മറുനാടനോട് വിശദീകരിച്ചത്. തന്നെ മാത്രമല്ല, എറണാകുളത്തും പരിസരത്തുമായി നിരവധി പേരെ ഇവര്‍ ഇത്തരത്തില്‍ ഹണിട്രാപ്പില്‍ കുടുക്കാന്‍ ശ്രമിച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും പൊലീസ് അന്വേഷണം നടക്കുമ്ബോള്‍ ഇവരുടെ തട്ടിപ്പുകളെല്ലാം പുറത്തവരുമെന്നും പ്രതീക്ഷിക്കുന്നതായും സ്വാമി പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, സ്വാമിയെ ഹണിട്രാപ്പില്‍ കുടുക്കാന്‍ കുറേ നാളായി ശ്രമം തുടര്‍ന്നുവരികയായിരുന്നു എന്നും ഇതിന്റെ ഭാഗമായാണ് സ്വാമിയെ യുവതിവഴി ബന്ധപ്പെട്ട് വരാപ്പുഴയിലെത്തിച്ച ശേഷം അവിടെ വച്ച്‌ തോക്കുചൂണ്ടി പണം തട്ടിയെടുക്കുകയും മുദ്രപത്രങ്ങളിലും മറ്റും ഒപ്പിട്ടുവാങ്ങുകയും ചെയ്തതെന്നാണ് പൊലീസിന്റെയും പ്രാഥമിക നിഗമനം. സംഭവത്തില്‍ സ്വാമി പരാതി നല്‍കില്ലെന്നാണ് സംഘം കരുതിയതെങ്കിലും വരാപ്പുഴ പൊലീസില്‍ പരാതി എത്തിയതോടെ സ്വാമിയെ തോക്കുചൂണ്ടി ആക്രമിച്ച രണ്ടുപേര്‍ പിന്നാലെ അറസ്റ്റിലായി. മാര്‍ച്ച്‌ എട്ടിനായിരുന്നു സ്വാമിക്ക് നേരെ തോക്കുചൂണ്ടി ആക്രമണം ഉണ്ടായത്.

പ്രതികള്‍ അറസ്റ്റിലായതിന് പിന്നാലെ സ്വാമിയെ അതുവരെ ബിസിനസ് ആവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ബന്ധപ്പെട്ടിരുന്ന യുവതി തനിക്ക് സ്വാമി വാട്സ് ആപ്പില്‍ അശ്ളീല സന്ദേശങ്ങള്‍ അയച്ചു എന്ന പരാതിയുമായി എറണാകുളം സിറ്റി പൊലീസിനെ സമീപിക്കുകയായിരുന്നു. തന്നെ ഹണിട്രാപ്പില്‍ കുടുക്കാനും സംഘടനാ നേതൃത്വം തട്ടിയെടുക്കാനും വധിക്കാനുമായിരുന്നു ശ്രമമെന്ന് കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും സ്വാമി ദത്താത്രേയ പരാതി നല്‍കിയതോടെ ഇക്കാര്യങ്ങള്‍ വിശദമായി അന്വേഷിക്കുകയാണ് പൊലീസ്.

യുവതി ആദ്യം ബന്ധപ്പെടുന്നത് ജനുവരിയിലെന്ന് സ്വാമി

ഇക്കഴിഞ്ഞ ജനുവരി 27നാണ് ഒരു ബിസിനസ് ആവശ്യത്തിന് എന്ന വ്യാജേന യുവതി തന്നെ ഫോണില്‍ ബന്ധപ്പെടുന്നതെന്ന് സ്വാമി സായ് സ്വരൂപ് നാഥ് മറുനാടനോട് പറഞ്ഞു. സ്വാമി പറയുന്നത് ഇങ്ങനെ; കാറ്ററിംഗിന്റേയും ഡ്രൈഫ്രൂട്സിന്റെയും കോണ്‍ട്രാക്റ്റും വിതരണവും ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് എന്റെ നമ്ബര്‍ ഗൂഗിളില്‍ നിന്ന് കിട്ടിയെന്ന് പറഞ്ഞാണ് വിളിക്കുന്നത്. ശ്രീ എസ്ഡിഎസ്‌എസ് കാറ്ററിങ് സര്‍വീസ് എന്ന് പറഞ്ഞ് എനിക്ക് ഒരു സ്ഥാപനമുണ്ട്. ആ ബിസിനസില്‍ പങ്കാളിയാവാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞായിരുന്നു വിളിച്ചത്. പിന്നീട് സ്ഥാപനവുമായി എഗ്രിമെന്റുണ്ടാക്കാന്‍ എന്നും മറ്റും പറഞ്ഞ് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ പരിചയംപുതുക്കി നേരിട്ടുകാണാന്‍ എറണാകുളത്തെ ഒരു ഫ്ളാറ്റിലേക്കും മറ്റും ക്ഷണിച്ചു. പക്ഷേ, ഞാന്‍ പോയില്ല. പിന്നീട് തൃശൂരില്‍ അവരുടെ ഒരു ബന്ധുവീട് ഉണ്ടെന്നും അവിടെ വന്നാല്‍ കാണാമെന്നും പറഞ്ഞു. ഇത്തരത്തില്‍ പലയിടത്തും നേരിട്ടുവരാമോ എന്ന് ചോദിച്ചു വിളിച്ചിരുന്നു. ഇതിനിടെയില്‍ വാട്സാപ്പിലൂടെയും മറ്റും നിരന്തരം സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. നിരവധി നഗ്‌നസന്ദേശങ്ങള്‍ അയച്ചുതന്നിരുന്നുവെന്നും തന്നോടും ആവശ്യപ്പെട്ടിരുന്നെന്നും സ്വാമി പറയുന്നു. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ ഫോണിലുണ്ടെന്നും ഫോണ്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും അവരുടെ അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും സ്വാമി വ്യക്തമാക്കി.

ഇപ്പോള്‍ താന്‍ നഗ്‌ന സന്ദേശമയച്ചു എന്ന കേസ് നല്‍കിയ സ്ത്രീയുടെ ഫോണ്‍ പരിശോധിച്ചാല്‍ തന്നെ പൊലീസിന് അവര്‍ ഇത്തരത്തില്‍ ആരെയെല്ലാം പറ്റിച്ചുവെന്ന് വ്യക്തമാകുമെന്നും ഇത്തരത്തില്‍ ആരൊക്കെ ഇവരുടെ ഹണിട്രാപ്പില്‍ കുടുങ്ങിയെന്ന വിവരം പുറത്തുവരേണ്ടതുണ്ടെന്നും സ്വാമി പറയുന്നു. നേരിട്ടു വരണമെന്ന് നിരന്തരം ആവശ്യപ്പെടുന്നതിനിടെയാണ് ഞാന്‍ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് മാര്‍ച്ച്‌ എട്ടിന് വരാപ്പുഴയിലെത്തുന്നത്. അവിടെ ഹോട്ടല്‍ ഹോട്ടല്‍ ഗോപിക റീജന്‍സിയില്‍ മുറിയെടുത്തിരുന്നു. തന്നെ കാണാന്‍ ഒരു സ്ത്രീവരുമെന്നും അവര്‍ വന്നാല്‍ റസ്റ്റോറന്റില്‍ ഇരിക്കാന്‍ പറഞ്ഞ് വിവരം അറിയിക്കണമെന്നും ഹോട്ടല്‍ റിസപ്ഷനില്‍ പറഞ്ഞ് ഏല്‍പിച്ചിരുന്നു. ആ സമയത്തെല്ലാം അവര്‍ വാട്സ്‌ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചുകൊണ്ടിരുന്നു. ഏതു മുറിയിലാണെന്ന് ചോദിച്ചായിരുന്നു സന്ദേശം.

റൂം നമ്ബര്‍ അറിയിച്ച്‌ കുറച്ചുകഴിഞ്ഞപ്പോഴാണ് നാലുപേര്‍ തോക്കുമായി തന്റെ മുറിയിലേക്ക് പൊടുന്നനെ കയറിവരികയും തോക്കുചൂണ്ടിയും കത്തികാട്ടിയും ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 5000 രൂപയും പിന്നീട് എടിഎം കാര്‍ഡ് വാങ്ങി അതുമായി പുറത്തുപോയി 30000 രൂപയും തട്ടിയെടുത്തത്. ഇതിന് പുറമെ മുദ്രപത്രങ്ങളിലും ബ്ളാങ്ക് പേപ്പറിലുമെല്ലാം ഒപ്പിട്ടുവാങ്ങുകയും ചെയ്തു. അപ്പോഴാണ് താനുമായി ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് പരിചയപ്പെട്ട സ്ത്രീ ഇവരുടെ ആളാണെന്ന് മനസ്സിലാവുന്നത്. ഈ സ്ത്രീ അവരില്‍ ഒരാളുടെ പെങ്ങളാണെന്നും സംഭവത്തില്‍ പരാതിപ്പെട്ടാല്‍ തന്നെ പെണ്ണുകേസില്‍ കുടുക്കുമെന്നും അന്നുതന്നെ അവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ താന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ അന്നേ വ്യക്തമാക്കിയിരുന്നെന്നും സ്വാമി സ്വരൂപ്നാഥ് പറയുന്നു.

പരിചയ സന്ദേശങ്ങള്‍ വഴിവിട്ട സന്ദേശങ്ങളായി

ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് ബന്ധപ്പെട്ട് യുവതി ഇത്തരത്തില്‍ തന്നെ കുടുക്കാന്‍ നടക്കുന്നവരുടെ സംഘത്തില്‍ പെട്ടയാളായിരിക്കും എന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് സ്വാമി പറയുന്നു. ഇരുവരും തമ്മില്‍ നടന്ന ചാറ്റുകളുടെ എല്ലാം പൂര്‍ണവിവരം കയ്യിലുണ്ട്. എന്നെ പലയിടത്തേക്കും വരാന്‍ പറഞ്ഞതിന്റേയും മറ്റും വിവരങ്ങളെല്ലാം ഉണ്ട്. ഇതിനിടെ കറന്റ് ബില്ലടയ്ക്കാന്‍ കാശില്ലെന്നും അടിയന്തിരമായി സഹായിക്കാമോ എന്നും ചോദിച്ച്‌ 10000 രൂപ ഗൂഗിള്‍ പേ വഴി വാങ്ങുകയും ചെയ്തു. സ്വാമി പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക