ആലപ്പുഴ: വിമര്‍ശനം ശക്തമായതോടെ കൊലപാതക കേസ് പ്രതിയെ ഭാരവാഹി പട്ടികയില്‍ നിന്നും ഒഴിവാക്കി ഡിവൈഎഫ്‌ഐ. അജു വധക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട ആന്റണിയെയാണ് ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത്. ആന്റണിക്കു പകരം, പ്രേംകുമാറിനെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈകിട്ട് ചേര്‍ന്ന മേഖലാ കമ്മിറ്റിയിലാണ് ഇത് സംബന്ധിച്ച്‌ തീരുമാനമുണ്ടായത്. ഭാരവാഹിത്വം വിവാദമായതിനെ തുടര്‍ന്ന് സിപിഐഎം- ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് അടിയന്തര നടപടി കൈക്കൊണ്ടത്.

ജില്ലാ ഐക്യ ഭാരതം മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റായാണ് ആന്റണിയെ തിരഞ്ഞെടുത്തത്. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാളെ, പരോളില്‍ കഴിയവെ സംഘടന ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഡിവൈഎഫ്‌ഐ നടപടി. ആലപ്പുഴയിലെ സിപിഐ പ്രവര്‍ത്തകനായിരുന്ന അജു എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആന്റണി എന്ന ആന്റപ്പന്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സിപിഐ പ്രവര്‍ത്തകനായിരുന്ന അജുവിനെ കൊലപ്പെടുത്തിയ കേസില്‍ ആന്റണി ഉള്‍പ്പടെ ഏഴു പ്രതികളാണ് ഉണ്ടായിരുന്നത്. എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷയാണ് ആലപ്പുഴ ജില്ലാ കോടതി വിധിച്ചത്. എഐവൈഎഫ് പ്രവര്‍ത്തകനും സ്വകാര്യ ബാങ്കിലെ അസിസ്റ്റന്റ് മാനേജരായിരുന്നു അജു.

ശിക്ഷിക്കപ്പെട്ടതിന് ജയിലില്‍ കഴിയുകയായിരുന്ന ആന്റണി, കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അനുവദിച്ച ഇളവിന്റെ അടിസ്ഥാനത്തില്‍ പരോളില്‍ ഇറങ്ങുകയായിരുന്നു. പിന്നാലെയാണ്, കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ ഭാരവാഹിയാക്കിയത്. 2008 നവംബര്‍ 16നു രാത്രി പതിനൊന്നരയോടെ തോപ്പുവെളി ശ്രീരാമക്ഷേത്ര മൈതാനത്ത് വച്ചായിരുന്നു കൊലപാതകം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക