തിരുവനന്തപുരം: പാര്‍ട്ടി രൂപീകരണത്തിനു നേതൃത്വം കൊടുത്തവരില്‍ ഒരാളായ വി എസ്.അച്യുതാനന്ദന്‍ പങ്കെടുക്കാത്ത ആദ്യ സമ്മേളനമായി എറണാകുളത്തെ പാര്‍ട്ടി സമ്മേളനം മാറും. സിപിഎമ്മില്‍ എല്ലാ അര്‍ത്ഥത്തിലും അഴിച്ചു പണിയും ഉണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയന്റെ മൂന്ന് വിശ്വസ്തര്‍ ഇത്തവണ സമിതിയില്‍ നിന്ന് പുറത്താകും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എം.എം.മണിയും കെ.ജെ.തോമസും സംസ്ഥാന സമിതി അംഗമായ കോലിയക്കോട് കൃഷ്ണന്‍ നായരും പ്രായത്തിന്റെ പേരില്‍ സംസ്ഥാന നേതൃത്വത്തില്‍ നിന്ന് മാറ്റപ്പെടും.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരനും വൈക്കം വിശ്വനും 75 പിന്നിട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദനും പുറത്തേക്ക് പോകും. കെ.പി.സഹദേവന്‍, പി.പി.വാസുദേവന്‍, സി.പി.നാരായണന്‍ എന്നിവരും പ്രായത്തിന്റെ പേരില്‍ ഒഴിവാക്കപ്പെടുന്നവരുടെ പട്ടികയിലുണ്ട്. പിണറായിയും പ്രായം 75 കഴിഞ്ഞവരുടെ പട്ടികയിലാണ്. എന്നാല്‍ പിണറായിക്ക് ഇളവ് നല്‍കും. തനിക്ക് ശേഷം കോടിയേരി ബാലകൃഷ്ണനാകും പാര്‍ട്ടിയെ നയിക്കുകയെന്ന സന്ദേശം പിണറായി നല്‍കി കഴിഞ്ഞു. സിപിഎമ്മിന്റെ പുതിയ സംസ്ഥാന സമിതി മന്ദിരത്തിന്റെ തറക്കല്ലിടലില്‍ താനിട്ട ശേഷം കോടിയേരിയെ കൊണ്ട് കല്ലു വയ്‌പ്പിച്ച്‌ പിണറായി നല്‍കിയ സൂചന ഇതാണ്. എസ് രാമചന്ദ്രന്‍ പിള്ളയെന്ന സിപിഎമ്മിലെ മുതിര്‍ന്ന സഖാവ് കണ്ടു നില്‍ക്കുമ്ബോഴാണ് ഇത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഭാഗീയത അവസാനിച്ചെന്ന് നേതൃത്വം പറയുമ്ബോഴും പ്രാദേശിക തലത്തില്‍ പ്രശ്‌നങ്ങളുണ്ട്. ആലപ്പുഴയിലേയും പാലക്കാട്ടെയും പ്രാദേശിക പ്രശ്‌നങ്ങള്‍ ആശയത്തിന്റെ പേരിലല്ല അധികാരത്തിന്റെ പേരിലാണെന്ന് പാര്‍ട്ടി തിരിച്ചറിയുന്നു. സംസ്ഥാന സമ്മേളനം നടക്കുന്ന എറണാകുളം ജില്ലയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ അടക്കം അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഇതൊന്നും പ്രതിഫലിക്കില്ല. കോടിയേരി വീണ്ടും പാര്‍ട്ടി സെക്രട്ടറിയാകും. പിണറായിക്ക് താല്‍പ്പര്യമുള്ളവര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റിലും എത്തും. മകളുടെ ഭര്‍ത്താവ് കൂടിയായ മന്ത്രി മുഹമ്മദ് റിയാസിനെ പാര്‍ട്ടി സെക്രട്ടറിയേറ്റിലേക്ക് എത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനും സാധ്യത ഏറെയാണ്.

പ്രായാധിക്യമുള്ളതു കൊണ്ടു തന്നെ പിണറായിക്ക് അടുത്ത സമ്മേളനത്തോടെ പിന്നണിയിലേക്ക് നീങ്ങേണ്ടി വരും. അതുകൊണ്ട് തന്നെ ഇത്തവണ കരുതലോടെയാകും ഓരോ തീരുമാനവും. തുടര്‍ ഭരണത്തോടെ പാര്‍ട്ടിയില്‍ പിണറായി വിജയന്‍ കൂടുതല്‍ കരുത്തനായി. പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂട്ടിയിണക്കുന്ന കണ്ണിയായി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒപ്പമുണ്ട്. പിണറായിക്കു ശേഷം നേതൃത്വത്തില്‍ ആര് എന്ന ചോദ്യത്തിന് കോടിയേരിയിലേക്കാണ് ഉത്തരം നീളുന്നത്. കോടിയേരി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു തുടരാനാണ് എല്ലാ സാധ്യതയും. അതിനിടെ കോടിയേരിയെ ആഭ്യന്തര മന്ത്രിയാക്കി റിയാസിനെ പാര്‍ട്ടി സെക്രട്ടറിയാക്കുമെന്ന ചര്‍ച്ചയും സജീവം. എല്ലാത്തിലും അന്തിമ തീരുമാനം പിണറായിയുടേതാകും.

കോടിയേരി സര്‍ക്കാരിന്റെ ഭാഗമാകുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്നാണ് പാര്‍ട്ടി നേതൃത്വത്തിന്റെ പ്രതികരണം. മന്ത്രിസ്ഥാനത്തേക്കു പുതുമുഖങ്ങളെ കൊണ്ടുവന്നതുപോലെ സംസ്ഥാന നേതൃത്വത്തിലേക്കു കൂടുതല്‍ ചെറുപ്പക്കാരും വനിതകളുമെത്തും. എല്ലാ കമ്മിറ്റികളിലും 10% വനിതാ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. 40 വയസ്സില്‍ താഴെയുള്ള ഒരാളെങ്കിലും കമ്മിറ്റികളില്‍ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്. കേന്ദ്ര, സംസ്ഥാന കമ്മിറ്റികളില്‍ വലിയ മാറ്റത്തിനാണ് സാധ്യത. പിബിയില്‍ പിണറായി വിജയനും എസ്.രാമചന്ദ്രന്‍ പിള്ളയുമാണ് കേരളത്തില്‍നിന്ന് 75 എന്ന പ്രായ പരിധിക്കു പുറത്തുള്ളവര്‍.

മുഖ്യമന്ത്രി കൂടിയായ പിണറായിക്കു കേന്ദ്ര നേതൃത്വം ഇളവ് നല്‍കുമെന്നുറപ്പാണ്. 83 വയസ്സ് പിന്നിട്ട എസ്.രാമചന്ദ്രന്‍ പിള്ളയെ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് പ്രത്യേക പരിഗണന നല്‍കിയാണ് പിബിയില്‍ തുടരാന്‍ അനുവദിച്ചത്. ഇത്തവണ പിബിയില്‍നിന്ന് ഒഴിവാക്കുന്ന ഇദ്ദേഹത്തെ കേന്ദ്ര കമ്മിറ്റിയിലോ സംസ്ഥാന കമ്മിറ്റിയിലോ ക്ഷണിതാവാക്കിയേക്കും. ഇതോടെ എംഎ ബേബിക്ക് മലയാളി എന്ന നിലയില്‍ പോളിറ്റ് ബ്യൂറോയില്‍ കൂടുതല്‍ പരിഗണനയും വരും.

ജി.സുധാകരന് സംസ്ഥാന കമ്മിറ്റിയില്‍ തുടരാന്‍ പ്രത്യേക ഇളവു നല്‍കിയേക്കും. പ്രായമായവര്‍ ഒഴിയുന്നതോടെ യുവാക്കള്‍ക്കു നേതൃത്വത്തിലേക്കു വഴി തെളിയും. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷനായതോടെ എ.എ.റഹിം സംസ്ഥാന സമിതിയിലെത്തും. റഹിമിനെ കേന്ദ്ര കമ്മറ്റിയിലേക്കും പരിഗണിച്ചേക്കും,

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക