കോഴിക്കോട്: പുതുപുത്തന്‍ ഹെല്‍മെറ്റിന്റെ ചിന്‍ സ്ട്രാപ്പ് ആദ്യ ഇടലില്‍ തന്നെ കയ്യില്‍, മുമ്ബിലേക്ക് തൂക്കം കൂടുതല്‍, കനം കുറഞ്ഞ കമ്ബികൊണ്ടാണ് മുഖ കവചം – ഇത് ഏതെങ്കിലും ഇരുചക്രവാഹനത്തിന് വേണ്ടി തയ്യാറാക്കിയ ഹെല്‍മെറ്റല്ല, കോഴിക്കോട് ന​ഗരത്തിലെ ഒരു പൊലീസുകാരന് കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് തല സുരക്ഷിതമാക്കാന്‍ ലഭിച്ച ഹെല്‍മെറ്റിന്റെ അവസ്ഥയാണ്.

ഫോട്ടോ സഹിതമാണ് ഈ ഹെല്‍മെറ്റിന്റെ വിശേഷം ഉമേഷ് വള്ളിക്കുന്ന് എന്ന പൊലീസുകാരന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു പൊലീസുകാരന് കിട്ടിയ ഹെല്‍മെറ്റും സമാന അവസ്ഥയില്‍ ചിന്‍ സ്ട്രാപ്പ് കയ്യില്‍പോന്ന നിലയില്‍ തന്നെയായിരുന്നുവെന്നും ഉമേഷ് കുറിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്നലെ L&O ഡ്യൂട്ടിക്ക് കോഴിക്കോട് DHQ ആസ്ഥാനത്ത് നിന്ന് ഷീല്‍ഡും ലാത്തിയും ഹെല്‍മെറ്റുമൊക്കെയായി ഉച്ചയ്ക്ക് പുറപ്പെട്ടു. കിട്ടിയത് പുതു പുത്തന്‍ ഹെല്‍മറ്റായിരുന്നു. വൈകുന്നേരം ഡ്യൂട്ടി തുടങ്ങിയപ്പോള്‍ തലയില്‍ വച്ചപ്പോഴാണ് പണി കിട്ടിയതറിഞ്ഞത്. വിചിത്രമായ നിര്‍മ്മിതി കാരണം മുന്നോട്ടു തൂക്കം കൂടുതലാണ്. കുറച്ചു നേരമല്ലേ, സഹിക്കാം എന്ന് കരുതി ചിന്‍സ്ട്രാപ്പ് ഇട്ടപ്പോള്‍ അത് കയ്യില്‍ പോരുന്നു! അതോടെ സംഗതി തലയില്‍ നില്‍ക്കാതായി. കയ്യിലെടുത്ത് വിശദമായി നോക്കിയപ്പോഴാണ് കനം കുറഞ്ഞ ചവറ് കമ്ബികൊണ്ടാണ് മുഖ കവചം ഒപ്പിച്ചിട്ടുള്ളത്! ഒരു കല്ലെങ്ങാനും വന്നു വീണാല്‍ കമ്ബി പൊട്ടി മുഖത്ത് കുത്തിക്കേറുമെന്ന് ഉറപ്പ്. പുതു പുത്തന്‍ സാധനമാണെങ്കിലും തുരുമ്ബ് പിടിച്ചിരിക്കുന്നു പലയിടത്തും!
ഇതേ ടൈപ്പ് പുത്തന്‍ ഹെല്‍മെറ്റ് കിട്ടിയ സുഹൃത്തിനടുത്തു പോയി നോക്കി. പുള്ളിയും ഒരു കയ്യില്‍ ഹെല്‍മെറ്റും മറുകയ്യില്‍ ചിന്‍സ്ട്രാപ്പും പിടിച്ച്‌ നില്‍ക്കുകയാണ്!
പോലീസിലെ 18 കൊല്ലത്തെ സര്‍വ്വീസിനിടയിലോ പുറത്തോ ഇതുപോലൊരു ലൊടുക്ക ഹെല്‍മെറ്റ് കണ്ടിട്ടില്ല. ISI മാര്‍ക്ക് പോയിട്ട് ഏതു കമ്ബനിയുടേതാണെന്ന് വരെ പിടിയില്ല!
തല്‍ക്കാലം ഡിപ്പാര്‍ട്ട്മെന്റ് ഹെല്‍മെറ്റ് അടുത്തുള്ള കടയിലേല്‍പ്പിച്ച്‌, അവരുടെ ബൈക്കിന്റെ ഹെല്‍മെറ്റ് കടം വാങ്ങി ഡ്യൂട്ടിയെടുത്തു.
എന്തായാലും ഡിപ്പാര്‍ട്ട്മെന്റിലെ താഴേക്കിടയിലുള്ളവരുടെ തല പണയം വെച്ച്‌ പുട്ടടിക്കാന്‍ ഉളുപ്പില്ലാത്ത ആസ്ഥാന പര്‍ച്ചേസ് ടീമിലെ മേലാളന്മാര്‍ക്ക് നല്ല നമസ്കാരം. വാഴ്ക വളമുടന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക