ലക്‌നൗ: രാജ്യത്ത് കോവിഡ് ഒമിക്രോണ്‍ വകഭേദം കൂടുതല്‍ പേരിലേക്ക് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും പ്രധാനമന്ത്രിയോടുമാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ തിരഞ്ഞെടുപ്പ് നടത്താനിരിക്കേയാണ് കോടതിയുടെ നിര്‍ദേശം.

ഒന്ന്, രണ്ട് മാസത്തിനുള്ളില്‍ രാജ്യത്ത് കോവിഡ് കുതിച്ചുയരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഈ നിര്‍ദേശം വച്ചത്. ‘ആളുകള്‍ ജീവനോടെയുണ്ടെങ്കിലേ ലോകം നിലനില്‍ക്കൂവെന്ന് കോടതി പറഞ്ഞു. കോടതിയില്‍ ആളുകള്‍ തിങ്ങിനില്‍ക്കുകയാണ്. യു.പി പോലെയൊരു സംസ്ഥാനത്ത് റാലികളും യോഗങ്ങളും കോവിഡ് മാനദണ്ഡം പാലിച്ച്‌ നടത്താന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുക എന്നതാണ് ഉചിതം. ജീവനോടെയുണ്ടെങ്കില്‍ റാലികളും യോഗങ്ങളും പിന്നീട് നടത്താമെന്നും ജസ്റ്റീസ് ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇത്രയേറെ ജനസാന്ദ്രതയുള്ള രാജ്യത്ത് സൗജന്യ വാക്‌സിനേഷന് മുന്‍കൈയെടുത്ത സര്‍ക്കാരിനെ അഭിനന്ദിച്ച കോടതി, മഹാമാരിയുടെ ഈ സാഹചര്യം കൂടി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. ഭരണഘടനയുടെ 21ാം അനുഛേദം അനുസരിച്ച്‌ എല്ലാവര്‍ക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കോടതി നിര്‍ദേശത്തിന്റെ കൂടി പശ്ചാത്തലത്തില്‍ യു.പിയില്‍ നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 11 മുതല്‍ രാവിലെ 5 വരെയാണ് കര്‍ഫ്യൂ. വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണം 200 ആയി ചുരുക്കി.

അലഹബാദ് ഹൈക്കോടതിയുടെ നിര്‍ദേശം കൂടി പരിഗണിച്ച്‌ മധ്യപ്രദേശിലെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. പഞ്ചാബില്‍ നിലവില്‍ കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഒന്നുമില്ലെങ്കിലും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി പറഞ്ഞു. രാജ്യത്തെ കോവിഡ് ഒമിക്രോണ്‍ കേസുകള്‍ 358 ആയി. ആന്ധ്രാപ്രദേശില്‍ രണ്ട് പേര്‍ക്ക്കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗികള്‍ നാലായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക