തിരുവനന്തപുരം: രണ്ടു മാസം മുൻപാണ് കേരള പൊലീസിന്റെ സൈബർ സെൽ വിഭാഗത്തിന് ഒരു തട്ടിപ്പിനെക്കുറിച്ചുള്ള പരാതി ലഭിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസത്തിനായി ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്ത് ഓൺലൈനിൽ ഉള്ളവർക്ക് പോപ് അപ് രീതിയിൽ ചിത്രങ്ങളോടൊപ്പം അശ്ലീല ചുവയുള്ള സന്ദേശങ്ങൾ ലഭിക്കും. അതിൽ ക്ലിക്ക് ചെയ്യുന്നവർ എത്തുന്നത് അശ്ലീല സൈറ്റുകളിലേക്കാണ്. തട്ടിപ്പുകാർ‌ പെൺകുട്ടികളെന്ന പേരിൽ ചാറ്റ് നടത്തി നഗ്നചിത്രങ്ങൾ അയക്കും. ചാറ്റു ചെയ്തവർക്കു തൊട്ടുപിന്നാലെ പൊലീസിൽ നിന്നാണെന്ന് അറിയിച്ച് വാട്സാപ് കോൾ എത്തും.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്ന ചിത്രമാണ് കണ്ടതെന്നും കേസെടുക്കുമെന്നും ഭീഷണിപ്പെടുത്തും. കേസെടുക്കാതിരിക്കാൻ പണം ആവശ്യപ്പെടും. മണി വാലറ്റിലേക്കാണ് പണം കൈമാറേണ്ടത്. തിരുവനന്തപുരം സ്വദേശിയായ യുവാവിന് 10 ലക്ഷമാണ് നഷ്ടപ്പെട്ടത്. പരാതികൾ വീണ്ടും ലഭിച്ചതോടെ സൈബർ സെൽ ഡിവൈഎസ്പി ശ്യാമിന്റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു. ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിൽ സംഘം എത്തിയത് രാജസ്ഥാനിൽ. അവിടെ ഒരു മൃഗ ഡോക്ടറാണ് തട്ടിപ്പുകാരിലേക്കുള്ള വഴികാട്ടിയായത്. കസ്റ്റഡിയിലായ പ്രതികളിലൊരാളുടെ കല്യാണം കഴിഞ്ഞ് ഒരു ദിവസം പിന്നിടുന്നതേ ഉണ്ടായിരുന്നുള്ളൂ. പ്രായമാകട്ടെ 19ഉം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സമൂഹ മാധ്യമങ്ങളിലെ പെൺകുട്ടികളുടെ ഫോട്ടോകൾ സ്ക്രീൻ ഷോട്ടെടുക്കുകയാണ് സംഘം ആദ്യം ചെയ്യുന്നത്. പിന്നീട് പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് നഗ്ന ഫോട്ടോകൾ സൃഷ്ടിച്ച് അശ്ലീല സൈറ്റുകളിൽ അപ്‌ലോഡ് ചെയ്യും. ഇത് ഉപയോഗിച്ചാണ് യുവാക്കളെ കുരുക്കി പണം തട്ടുന്നത്. തട്ടിപ്പുകാർ ഓൺലൈൻ വാലറ്റുകളാണ് ഉപയോഗിക്കുന്നത്. വാലറ്റ് എടുക്കാനായി നൽകിയിരിക്കുന്ന നമ്പരുകൾ രാജസ്ഥാനിലെ ഒരു ജില്ലയിലെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുടേതാണെന്ന് അന്വേഷണത്തിൽ മനസിലായി.

ബാങ്കുവഴി പണമിടപാട് നടത്താത്തതിനാൽ തട്ടിപ്പുകാരെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. വാട്സാപ് കോൾ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഫലപ്രദമായില്ല. തട്ടിപ്പിലൂടെ മണി വാലറ്റിലെത്തിയ പണം പ്രത്യേക രീതിയിലാണ് സംഘം ചെലവാക്കിയിരുന്നത്. ഡിടിഎച്ച്, മൊബൈൽ ഫോൺ റീ ചാർജ് ചെയ്യുന്ന കടകളുടെ ഉടമസ്ഥരെ സംഘം സമീപിക്കും. കമ്മിഷൻ അടിസ്ഥാനത്തിൽ ഒരു കൂട്ടം ആളുകള്‍ക്ക് റീ ചാർജ് ചെയ്യാമെന്ന് അറിയിക്കും. 100 രൂപയ്ക്ക് റീചാർജ് ചെയ്താൽ 10 രൂപ കടയുടമയ്ക്കു നൽകും.

വാലറ്റിലൂടെ റീ ചാർജ് ചെയ്തു നൽകിയശേഷം പണം കടയുടമകളിൽനിന്ന് നേരിട്ടു ശേഖരിക്കും. വാലറ്റിലെ ഇടപാടുകൾ പരിശോധിക്കുന്ന സൈബർ പൊലീസ് മൊബൈൽ നമ്പർ പിന്തുടർന്ന് എത്തുന്നത് റീചാർജ് ചെയ്ത ആളുകളുടെ അടുത്താകും. അവർക്കു തട്ടിപ്പിനെക്കുറിച്ച് യാതൊരു അറിവും ഉണ്ടാകില്ല. ലഭിക്കുന്ന പണം ആഡംബരങ്ങൾക്കായാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരുന്നത്. ഹോട്ടലുകളിൽ റൂം എടുക്കുമ്പോഴും വിമാനയാത്ര നടത്തുമ്പോഴും മണി വാലറ്റിൽനിന്നാണ് പണം നൽകിയിരുന്നത്. ടോൾ ഗേറ്റിൽ ഫാസ്റ്റ് ടാഗ് വിൽക്കുന്ന ആളുകളെ സമീപിച്ച് വാലറ്റിലൂടെ റീ ചാർജ് ചെയ്തും സംഘം സുരക്ഷിതമായി പണം കൈമാറിയിരുന്നു.

മണി വാലറ്റിലൂടെ ലഭിച്ച പണം വിനിയോഗിച്ച രീതികൾ നോക്കിയ സൈബർ സംഘം രാജസ്ഥാനിലെ ഉദയപൂർ, ദുൻഗാർപൂർ, ബൻസ്വാര ജില്ലകളിലാണ് തട്ടിപ്പുകാരുടെ സാന്നിധ്യമെന്നു കണ്ടെത്തി. വാലറ്റിലൂടെ മൊബൈൽ റീ ചാർജ് നടത്തിയ ആളുകളോട് ചോദിച്ച് കടകളുടെ വിലാസം മനസിലാക്കി. ഒരു കടക്കാരനു തട്ടിപ്പു സംഘത്തിലെ ആളുടെ വ്യക്തി വിവരങ്ങൾ അറിയാമായിരുന്നു.മണി വാലറ്റിലെ രണ്ട് പണമിടപാടിനുശേഷം തട്ടിപ്പുകാരിലൊരാൾ ഭാര്യയുടെ അക്കൗണ്ടിലേക്കു പണം അയച്ചതും സംഘത്തെക്കുറിച്ച് സൂചന നൽകി. ഇവർ ഫാസ്റ്റ് ടാഗ് റീ ചാർജ് ചെയ്യുന്ന ഉദയ്പൂരിലെ ടോൾ പ്ലാസയിലൂടെ ഒരു വണ്ടി സ്ഥിരമായി കടന്നു പോകുന്നുണ്ടെന്ന വിവരം ലഭിച്ചു. വണ്ടിയുടെ സർവീസ് വിവരം എടുത്തപ്പോൾ അതിൽ മൊബൈൽ നമ്പർ ഉണ്ടായിരുന്നു. തട്ടിപ്പു സംഘത്തിന്റെ കാറാണിതെന്ന് അന്വേഷണത്തിൽ മനസിലായി. തട്ടിപ്പുകാർ ദുൻഗർപൂർ ജില്ലയിലെ തലോറ, ഇൻഡോറ, ഡോളി എന്നീ ഗ്രാമങ്ങളിലുണ്ടെന്നു തുടർ അന്വേഷണത്തിൽ മനസിലായി.

ഗ്രാമത്തിൽ പുറമേ നിന്നുള്ളവർക്കു കടക്കാൻ പ്രയാസമാണ്. ജോഥ്‌പൂരിലെ മലയാളി കമ്മിഷണർ ജോസ് മോഹൻ ഐപിഎസ് സഹായത്തിനെത്തി. അദ്ദേഹം ഒരു പൊലീസ് സംഘത്തെ കേരള പൊലീസിനൊപ്പം അയച്ചു. സംഘത്തിലെ പൊലീസുകാരന്റെ അനുജൻ സ്ഥലത്തെ വെറ്ററിനറി ഡോക്ടറാണ്. നാട്ടുകാരെ കുറിച്ചുള്ള വിവരങ്ങളെല്ലാം അറിയാവുന്ന ഡോക്ടറാണ് തട്ടിപ്പു സംഘത്തിലെ വല്ലഭിന്റെ (23) വീടിനെക്കുറിച്ച് സൂചന നൽകിയത്. വല്ലഭിനെ കസ്റ്റഡിയിലെടുത്തപ്പോൾ സംഘത്തിലെ മറ്റുള്ളവരുടെ വിവരം ലഭിച്ചു. രാവിലെ ഏഴു മണിക്കു തട്ടിപ്പു സംഘത്തിലുള്ളവർ വീട്ടിൽ നിന്നിറങ്ങും. ഒഴിഞ്ഞ പറമ്പിലും തുറസ്സായ സ്ഥലങ്ങളിലും ഇരുന്ന് ലാപ്ടോപ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മടങ്ങിയെത്തുമ്പോൾ രാത്രി 12 മണി കഴിയും. വീട്ടിലിരുന്ന് തട്ടിപ്പ് നടത്തില്ല. പുലർച്ചെ രണ്ടരയ്ക്ക് കേരള പൊലീസും രാജസ്ഥാൻ സ്പെഷൽ പൊലീസും ഗ്രാമത്തിലെത്തി.

രാജസ്ഥാൻ പൊലീസ് ടെറസു വഴി വീടിനുള്ളിലേക്ക് ഇറങ്ങി മുൻവാതിൽ തുറന്ന് കേരള പൊലീസിനെ വീട്ടിനുള്ളിൽ എത്തിച്ചു. സംഘത്തിലെ അശോകും (26) നിലേഷും (19) പൊലീസ് പിടിയിലായി. തലേദിവസമായിരുന്നു നിലേഷിന്റെ കല്യാണം. അറസ്റ്റിലായ പ്രതികളെ ദുൻഗാർപൂർ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് വാങ്ങി തിരുവനന്തപുരത്തെത്തിച്ച് സിജെഎം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഘത്തിലെ പ്രധാനിയെ പിടികൂടാനുണ്ട്. സൈബർ സെൽ എഎസ്ഐ സുനിൽ കുമാർ, വി.ഷിബു, സിവിൽ പൊലീസ് ഓഫിസർ വിപിൻ ഭാസ്കർ എന്നിവരാണ് രാജസ്ഥാനിൽ പോയ സംഘത്തിലുണ്ടായിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക