റാഞ്ചി: ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് വന്‍ വിവാദത്തില്‍. ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വെച്ച്‌ യുവ ഗുസ്തി താരത്തിന്റെ മുഖത്തടിച്ചതാണ് വന്‍ വിവാദമായി മാറിയിരിക്കുന്നത്. റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് കൂടിയാണ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഇയാള്‍ ഗുസ്തി താരത്തിന്റെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. റാഞ്ചിയിലെ ഷഹീദ് ഗണ്‍പത് റായ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഗുസ്തി ചാമ്ബ്യന്‍ഷിപ്പിനെയാണ് വിവാദ സംഭവമുണ്ടായത്. അണ്ടര്‍ 15 ദേശീയ ചാമ്ബ്യന്‍ഷിപ്പാണിത്. തുടരെ യുവ താരത്തെ മുഖത്തടിക്കുന്നതാണ് ബ്രിജ് ഭൂഷണെ വിവാദത്തിലാക്കിയിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയാണ് അദ്ദേഹം. അടി കിട്ടുന്ന ഗുസ്തി താരത്തിന് പതിനഞ്ച് വയസ്സിന് മുകളില്‍ പ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്ക് പ്രായകൂടുതല്‍ ഉണ്ടെന്ന് കണ്ടതോടെ ടൂര്‍ണമെന്റില്‍ നിന്ന് തന്നെ അയോഗ്യനാക്കപ്പെട്ടു. ഇതോടെ മത്സരിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. ഇതിന് പിന്നാലെ ഇയാള്‍ സ്റ്റേജിലേക്ക് പോവുകയും, ഇവിടെയുള്ള മുഖ്യാതിഥികളോടും ജഡ്ജുമാരോടും തന്നെ മത്സരിക്കാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. എന്നാല്‍ ഇത് കണ്ട് രോഷം പൂണ്ടാണ് ബ്രിജ് ഭൂഷണ്‍ ഈ താരത്തെ തല്ലിയത്. രണ്ട് തവണ മുഖത്ത് ആഞ്ഞടിക്കുന്നുണ്ട് ബിജെപി എംപി. തുടര്‍ന്ന് കൂടെയുള്ളവരാണ് ഇയാളെ പിടിച്ച്‌ മാറ്റിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം താന്‍ ചെയ്തതില്‍ യാതൊരു പശ്ചാത്താപവും തോന്നുന്നില്ലെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ഈ താരത്തെ പ്രായത്തട്ടിപ്പിനെ തുടര്‍ന്ന് കുറ്റക്കാരനായി കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ടൂര്‍ണമെന്റില്‍ ഇയാള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ പയ്യന്‍ സ്റ്റേഝിലേക്ക് വന്ന് ഞങ്ങള്‍ അവനെ മത്സരിപ്പിക്കണമെന്ന് പറയുകയാണ്. അവനെ കുറ്റക്കാരനായി കണ്ടെത്തിയതൊന്നും വിഷയമല്ലാത്ത രീതിയിലാണ് പെരുമാറ്റം. അവനെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാനാവില്ലെന്ന് മര്യാദയ്ക്ക് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ താരം സ്റ്റേജില്‍ നിന്ന് പോകാന്‍ തയ്യാറായില്ല. ഇതിനോടകം തന്നെ അഞ്ച് പേരെ പ്രായ തട്ടിപ്പിന്റെ പേരില്‍ കുറ്റക്കാരായി കണ്ട് വിലക്കിയിരുന്നു. അവരെല്ലാം യുപിയില്‍ നിന്നുള്ളവരാണെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

ഇത് യുപിയാണോ മറ്റേതെങ്കിലും സംസ്ഥാനമാണോ എന്നതല്ല വിഷയം. പ്രായം മറച്ച്‌ വെച്ച്‌ മത്സരിക്കാന്‍ വന്നാല്‍ ആ താരം ദില്ലിയില്‍ നിന്നോ ഹരിയാനയില്‍ നിന്നോ ഉള്ളതാണെങ്കില്‍ പോലും ഞാന്‍ അനുവദിക്കില്ല. ഓരോ സംസ്ഥാനം നോക്കിയാണ് ഞാന്‍ കാര്യങ്ങള്‍ ചെയ്യുന്നതെങ്കില്‍ ഈ രാജ്യത്ത് ഗുസ്തി എന്ന മത്സരം വളര്‍ത്താനാവില്ല. വിലക്ക് ലഭിച്ച താരം അഭിമാനത്തിന് ക്ഷതമേറ്റത് പോലെയാണ് സ്‌റ്റേജിലേക്ക് എത്തിയത്. റെസ്ലിംഗ് അസോസിയേഷന്‍ പ്രസിഡന്റ് തന്നെ അവന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ ആര് പറഞ്ഞിട്ടും അവന്‍ കേള്‍ക്കാന്‍ തയ്യാറാവുന്നില്ലായിരുന്നു. അതോടെയാണ് തനിക്ക് ദേഷ്യം വന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.

അതേസമയം റെസ്ലിംഗ് ഫെഡറേഷനും വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രായപരിധിക്ക് മുകളിലുള്ളത് കൊണ്ട് ആ താരത്തിനോട് ടൂര്‍ണമെന്റില്‍ പങ്കെടുക്കാനാവില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബ്രിജ് ഭൂഷണോട് മോശമായി പെരുമാറുകയായിരുന്നു ഈ താരം. യുപിയില്‍ നിന്ന് തന്നെയുള്ള താരമായത് കൊണ്ട് തന്നെ മത്സരിപ്പിക്കണമെന്നും, ഞാന്‍ നിങ്ങളുടെ അതേ സംസ്ഥാനത്ത് നിന്നാണ് വരുന്നതെന്ന് പറഞ്ഞാണ് മത്സരിക്കണമെന്ന് പറഞ്ഞത്. എന്നാല്‍ ഈ താരത്തെ മത്സരിച്ചാല്‍ മറ്റുള്ളവരെയും മത്സരിപ്പിക്കേണ്ടി വരുമെന്ന് പ്രസിഡന്റ് തന്നെ അവനെ അറിയിച്ചു. എന്നിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറി വിന്ദോ തോമര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക