ഇന്ത്യയില്‍ ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കണമെന്ന് നിര്‍ദേശിക്കുന്ന സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ പാര്‍ലമെന്റില്‍ അനുമതി തേടിയത് നാലുമക്കളുള്ള ബിജെപി എംപി. രണ്ടില്‍ കൂടുതല്‍ മക്കളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുതെന്നടക്കമുള്ള ആവശ്യങ്ങള്‍ മുന്നോട്ടുവെയ്ക്കുന്ന ബില്‍ അവതരിപ്പിക്കാനാണ് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപി രവി കിഷന്‍ അനുമതി തേടിയിരിക്കുന്നത്. അതേസമയം, ഗൊരഖ്പൂരില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായ രവി കിഷന് മൂന്ന് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും അടക്കം നാലു കുട്ടികളാണുള്ളത്.

രവി കിഷനൊപ്പം മറ്റൊരു ബിജെപി എംപിയായ രാകേഷ് സിന്‍ഹയും ബില്ലിന് അവതരണാനുമതി തേടിയിട്ടുണ്ട്. ഇതിനുപുറമെ രാജ്യസഭയില്‍ രാജസ്ഥാനില്‍ നിന്നുള്ള കിരോഡി ലാല്‍ മീണയും ബില്ലിന് അവതരണാനുമതി തേടിയിട്ടുണ്ട്. ഇതോടെ നറുക്കെടുപ്പിലൂടെയായിരിക്കും ഇനി ബില്ലിന്‍റെ അവതരണാനുമതി തീരുമാനിക്കുക. സിവില്‍കോഡ് സംബന്ധിച്ച സ്വകാര്യ ബില്‍ അവതരിപ്പിക്കാനും ബിജെപി അംഗങ്ങള്‍ അനുമതി തേടിയിട്ടുണ്ട്. ഈ മാസം 24ന് നടക്കുന്ന നറുക്കെടുപ്പിലാണ് രണ്ട് ബില്ലുകളും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുന്‍പ് യുപിയില്‍ ജനസംഖ്യാനിയന്ത്രണം സംബന്ധിച്ച കരടുബില്ലിന്റെ ഭാഗമായി സര്‍ക്കാരിന്റെ സഹായപദ്ധതികളില്‍ നിന്ന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ ഒഴിവാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ ജോലിക്ക് അപേക്ഷിക്കുന്നതില്‍ നിന്നും രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ വിലക്കണമെന്നായിരുന്നു ബില്ലിലെ നിര്‍ദേശം.

യുപി സംസ്ഥാന നിയമകാര്യകമ്മീഷന്‍ ചെയര്‍മാര്‍ ജസ്റ്റിസ് എ എന്‍ മിത്തലാണ് ബില്ലിന്റെ കരട് രൂപം മുന്നുദിവസം മുന്‍പ് പുറത്തുവിട്ടത്. റേഷന്‍ കാര്‍ഡുകള്‍ നാലുപേര്‍ക്കായി പരിമിതപ്പെടുത്തുന്നതായിരുന്നു ബില്‍. നികുതിദായകരുടെ പണം രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് നല്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നാണ് ഇത് സംബന്ധിച്ച്‌ ജസ്റ്റിസ് മിത്തല്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ഘടകക്ഷികളില്‍ നിന്നടക്കം കടുത്ത വിമര്‍ശനമാണ് ഈ തീരുമാനമുണ്ടാക്കിയത്.

ഒരു നിയമം വഴി ജനസംഖ്യാനിയന്ത്രണം ഉറപ്പാക്കാനാവില്ലെന്നും ചൈനയെ ഉദാഹരണമാക്കിയെടുത്താന്‍ ഇത് മനസിലാക്കാമെന്നുമായിരുന്നു എന്‍ഡിഎ നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ പ്രതികരിച്ചത്. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുകയും അതിനനുസരിച്ച്‌ ജനസംഖ്യയെക്കുറിച്ച്‌ അവബോധമുണ്ടാകുകയും ചെയ്താല്‍ മാത്രമാണ് ജനനനിരക്ക് നിയന്ത്രിക്കാനാവുകയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക