തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ കയ്യാങ്കളിയില്‍ രണ്ട് കൗണ്‍സിലര്‍മാര്‍ അറസ്റ്റില്‍. സിപിഐ കൗണ്‍സിലര്‍ എംജെ ഡിക്‌സണ്‍, കോണ്‍ഗ്രസ് കൗണ്‍സിലര്‍ സി സി വിജയന്‍ എന്നിവരാണ് അറസ്റ്റിലായത്. ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്റെ പരാതിയിലാണ് ഡിക്‌സണെ അറസ്റ്റ് ചെയ്തത്. ഇടതുപക്ഷത്തിന്റെ പരാതിയിലാണ് സി സി വിജയനെ അറസ്റ്റ് ചെയ്തത്.

കയ്യാങ്കളിയില്‍ പരിക്കേറ്റ നഗരസഭ കൗണ്‍സിലര്‍മാരും ചെയര്‍പേഴ്‌സണും ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പണക്കിഴി വിവാദകാലത്തു കുത്തിപ്പൊളിച്ച നഗരസഭാധ്യക്ഷയുടെ ചേംബറിന്റെ പൂട്ടും ഗ്ലാസും നന്നാക്കിയതിന്റെ പണിക്കൂലിയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. ചെയര്‍പേഴ്‌സണ്‍ അജിത, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരായ ഉണ്ണി കാക്കനാട്, ലാലി ജോഫിന്‍, പ്രതിപക്ഷത്തുനിന്നു മുന്‍ അധ്യക്ഷ ഉഷ പ്രവീണ്‍, കൗണ്‍സിലര്‍മാരായ അജുന ഹാഷിം, സുമ മോഹന്‍ എന്നിവരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അധ്യക്ഷയുടെ ചേംബര്‍ നന്നാക്കിയതിനു 8,000 രൂപ ചെലവായ വിഷയം ചര്‍ച്ചക്കെടുത്തപ്പോഴായിരുന്നു സംഘര്‍ഷം. വിഡിയോ ദൃശ്യം കൈവശമുണ്ടെന്നും കുത്തിപ്പൊളിച്ചവരില്‍ നിന്നു പണം ഈടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. 4 കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിപക്ഷത്തിനു പിന്തുണയുമായി എഴുന്നേറ്റതോടെ രംഗം വഷളായി. ലീഗ് അംഗങ്ങളും ഇതിനോടു യോജിച്ചതോടെ ഭൂരിപക്ഷം ഭരണപക്ഷത്തിനെതിരായി.

അജണ്ട പാസാക്കിയെന്ന് അധ്യക്ഷ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷം അധ്യക്ഷവേദിക്കു നേരെ പാഞ്ഞടുത്തു. ഇതിനെ പ്രതിരോധിക്കാന്‍ ഭരണപക്ഷവും വേദിക്കരികിലെത്തി. അജണ്ടകള്‍ പാസായെന്നും യോഗം അവസാനിച്ചെന്നും പറഞ്ഞ് അധ്യക്ഷ അജിത വേദിയില്‍ നിന്നിറങ്ങിയപ്പോള്‍ പ്രതിപക്ഷം തടഞ്ഞു. ഭരണപക്ഷം ഇതിനെ നേരിട്ടതോടെ സംഘര്‍ഷം മുറുകി. അധ്യക്ഷയ്ക്കു നേരെയും കയ്യേറ്റ ശ്രമമുണ്ടായി. പിടിവലിയില്‍ പ്രതിപക്ഷത്തെ അജുന ഹാഷിമിന്റെ സാരി കീറി. കൈയ്ക്കു പരിക്കേറ്റു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക