സ്വന്തം ലേഖകൻ

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൊല്ലം: ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തു.

കൊല്ലം ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറാണ് ഇയാൾ. കേസിൽ അറസ്റ്റിലായ ഇയാളെ സർവീസിൽ നിന്ന് സസ്‌പെന്റ് ചെയ്തതായി ഗതാഗത മന്ത്രി ആന്റണി രാജുവാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.

അതേസമയം സംഭവത്തിൽ പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. വിസ്മയുടെ മരണത്തിന് പിന്നിൽ നേരിട്ടോ അല്ലാതെയോ ഉൾപ്പെട്ട എല്ലാവരെയും പ്രതിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിസ്മയയെ സ്ത്രീധനത്തിന്റെ പേരിൽ മർദ്ദിക്കാറുണ്ടായിരുന്നു എന്ന് ഭർത്താവ് കിരൺ കുമാർ സമ്മതിച്ചതായി പൊലീസ് വ്യക്തമാക്കി.വിസ്മയയുടെ വീട്ടുകാർ നൽകിയ കാറിനെച്ചൊല്ലിയായിരുന്നു വഴക്കുണ്ടായിരുന്നതെന്നും കിരൺ പൊലീസിനോട് സമ്മതിച്ചു.

അതേസമയം വിസ്മയ അയച്ച വാട്‌സ്ആപ്പിലെ ചിത്രങ്ങൾ നേരത്തെ മർദിച്ചതിന്റെ ആണെന്നും കിരൺ പൊലീസിന് മൊഴി നൽകി.വിസ്മയ മരിക്കുന്ന അന്ന് രാത്രി മർദിച്ചിരുന്നില്ല. എന്നാൽ പുലർച്ചെ രണ്ടു മണിക്ക് വഴക്കുണ്ടായി. ഇതേത്തുടർന്ന് വീട്ടിൽ പോകണമെന്ന് വിസ്മയ പറഞ്ഞെങ്കിലും നേരം പുലരട്ടെ എന്ന് താൻ പറഞ്ഞതായും കിരൺ പൊലീസിനോട് പറഞ്ഞു.വഴക്കിനെ തുടർന്ന് വിസ്മയ ടോയ്‌ലെറ്റിൽ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കിരൺ പൊലീസിനോട് പറഞ്ഞത്.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെ തുടർന്ന് താൻ കയറി നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും കിരൺ പൊലീസിനോട് പറഞ്ഞു.ഗാർഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

കിരണിന്റെ വീട്ടുകാരുടെ പങ്കും അന്വേഷിക്കുമെന്നും, അവരെയും ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.വിവാഹസമയത്ത് 100 പവൻ, ഒരേക്കർ 20 സെന്റ് ഭൂമി എന്നിവയ്ക്ക് പുറമേയാണ് 10 ലക്ഷത്തിലേറെ വിലമതിക്കുന്ന ടൊയോട്ട ടാരിസ് കാറും വിസ്മയയുടെ കുടുംബം നൽകിയത്. എന്നാൽ ഈ കാർ പോരെന്നും പകരം ലക്ഷ്വറി കാർ വേണമെന്നുമായിരുന്നു കിരണിന്റെ ആവശ്യം.

കാറിനെച്ചൊല്ലി വിസ്മയയുടെ വീട്ടിൽ വെച്ചും യുവതിയെയും സഹോദരനെയും കിരൺ മർദിച്ചിട്ടുണ്ട്.വാഹന വായ്പയിലൂടെ വാങ്ങിയ കാർ വിൽക്കാനാകില്ലെന്ന് അറിതോടെ മകളെ ശാരീരികമായി ഉപദ്രവിക്കാൻ തുടങ്ങിയെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക