കോട്ടയം ( ഇളംകാട്) : ഇന്നലെ കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളംകാട് മ്ലാക്കരയിലും മൂപ്പന്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശം. മ്ലാക്കരയില്‍ കഴിഞ്ഞ ഒക്ടോബര്‍ 15നുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്ന പാലം കഴിഞ്ഞയാഴ്ച നാട്ടുകാര്‍ താല്‍ക്കാലികമായി പുനര്‍നിര്‍മ്മിച്ചിരുന്നു. ഈ പാലം ഇന്നലെ വീണ്ടുമുണ്ടായ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു.

എൻഡിആർഎഫ് രക്ഷാപ്രവർത്തനം

പാലം തകര്‍ന്നതോടെ മറുകരയില്‍ ഒറ്റപ്പെട്ടുപോയ 22 കുടുംബങ്ങളെ തോടിന്റെ മറുകരയില്‍ എത്തിച്ചത് ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു ടീം സ്ഥലത്തെത്തിയായിരുന്നു. മേഖലയില്‍ ഇന്നലെ രാത്രി വൈകിയും ശക്തമായിരുന്ന മഴ പുലര്‍ച്ചയോടെ ശമിച്ചിച്ചുണ്ട്. രാവിലെയോടെ മാത്രമെ കൃഷി നാശമടക്കം കണ്ടെത്താനാകൂ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രദേശത്തെ 22 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ആരംഭിച്ച ക്യാമ്പ് പിരിച്ചുവിട്ടതിനെ ചൊല്ലി വലിയ വിവാദം പ്രദേശത്ത് ആരംഭിച്ചിട്ടുണ്ട്. ഒക്ടോബര്‍ 15നുണ്ടായ ഉരുള്‍പൊട്ടലില്‍ വീടടക്കം നഷ്ടപ്പെട്ടവരോട് സ്‌കൂള്‍ തുറക്കുന്ന പശ്ചാത്തലത്തില്‍ തിരികെ വീടുകളിലേക്ക് പോകാന്‍ നിര്‍ദേശിച്ചിരുന്നു.

ഇങ്ങനെയാണ് ഇന്നലെ മ്ലാക്കരയിലെ പല കുടുംബങ്ങളും തങ്ങളുടെ താമസ സ്ഥലത്തേക്ക് തിരികെയെത്തിയത്. ഇതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍പൊട്ടലുണ്ടായതോടെ ഈ കുടുംബങ്ങളെ വീണ്ടും മാറ്റി പാര്‍പ്പിക്കേണ്ട സ്ഥിതി ഉണ്ടായി. ഇവരെ കുറച്ചു ദവസം കൂടി ക്യാമ്പില്‍ കഴിയാന്‍ അനുവദിച്ചിരുന്നെങ്കില്‍, ഇന്നലെത്തെ ആശങ്കയുണ്ടാക്കിയ സാഹചര്യം ഒഴിവാക്കാനാവുമായിരുന്നു.

എന്നാല്‍ പ്രാദേശിക ഭരണകൂടത്തിന്റെ തലതിരിഞ്ഞ നിലപാടുകള്‍ തങ്ങള്‍ക്ക് ദുരിതമാകുകയാണെന്ന പ്രതിഷേധത്തിലാണ് ഇവിടുത്തുകാര്‍. അതിനിടെ അടിക്കടി ഉരുള്‍പൊട്ടലുണ്ടാകുന്ന ഈ മേഖലയിലെ പ്രദേശവാസികള്‍ കടുത്ത ആശങ്കയിലാണ്. ഇവിടുള്ളവരെ എത്രയും വേഗം ഇവിടെ നിന്നു മാറ്റി പുനരധിവസിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.

കൂട്ടിക്കല്‍ പഞ്ചായത്തിലെ ദുരിത പ്രദേശങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കിയിട്ടുണ്ട്. സുരക്ഷാ പ്രശ്‌നം കണക്കിലെടുത്താണ് സന്ദര്‍ശനം റദ്ദാക്കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക