തിരുവനന്തപുരം: ഒരു ഡോസ് കോവിഡ് വാക്സിന്‍ എടുത്തവരെ സിനിമാ തിയേറ്ററില്‍ പ്രവേശിപ്പിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. തിയേറ്ററുകളില്‍ ശാരീരിക അകലം പാലിക്കല്‍, മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ ആരോഗ്യവകുപ്പിനോട് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

സ്കൂള്‍ തുറന്നത് നല്ല പ്രതികരണമുണ്ടാക്കി. ഇക്കാര്യത്തില്‍ നേരത്തെയുണ്ടായ ആശങ്ക ഇപ്പോഴില്ല. ആദ്യ ദിവസം 80 ശതമാനം കുട്ടികളാണ് സംസ്ഥാനതലത്തില്‍ ഹാജരായത്. ആരോഗ്യപ്രശ്നങ്ങളുള്ള കുട്ടികളെ ഡോക്ടര്‍മാര്‍ സ്കൂളില്‍ സന്ദര്‍ശിച്ച്‌ അതതു ഘട്ടങ്ങളില്‍ പരിശോധിക്കണം. അത് കോവിഡ് ഭീതി അകറ്റും. ഏറെക്കാലത്തിനു ശേഷം സ്കൂളില്‍ വരുന്ന കുട്ടികളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ അധ്യാപകര്‍ ശ്രദ്ധിക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതതു സ്ഥലത്തെ സാഹചര്യം നോക്കി മാത്രം സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിലനിര്‍ത്തിയാല്‍ മതി. കല്യാണം, മരണാനന്തര ചടങ്ങുകള്‍, മറ്റു സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരിക, സാമുദായിക പൊതുപരിപാടികള്‍ക്ക് അടച്ചിട്ട മുറികളില്‍ നൂറു പേരെയും അല്ലാത്തിടത്ത് 200 പേരെയും പങ്കെടുപ്പിക്കാം.

ടെക്നിക്കല്‍ ഹൈസ്കൂളുകളിലെ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെ ജനറല്‍ വര്‍ക് ഷോപ്പിനുള്ള പ്രായോഗിക പരിശീലനത്തിനും എഞ്ചിനീയറിംഗ് ഡ്രോയിംഗില്‍ പ്രാക്ടിക്കല്‍ ക്ലാസ്സ് നല്‍കുന്നതിനും സ്കൂളുകളില്‍ പ്രവേശിപ്പിക്കും. 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് എന്‍.എസ്.ക്യൂ.എഫ്. സ്കൂള്‍തല പ്രായോഗിക പരിശീലനം നല്‍കുന്നതിനും പ്രാഥമിക പരിശീലന ക്ലാസ്സുകള്‍ നടത്തുന്നതിനും അനുവാദം നല്‍കും. ആവശ്യമുള്ളിടത്ത് പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ ആരംഭിക്കാവുന്നതാണ്.

മഴക്കെടുതിയുമായി ബന്ധപ്പെട്ട് മണ്ണൊലിപ്പ് ഉണ്ടാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. മഴക്കെടുതിയുമായി ബന്ധപ്പെട്ട ധനസഹായ വിതരണം ഓണ്‍ലൈനായി ശനിയാഴ്ചയോടെ നിലവില്‍ വരും.

ആരോഗ്യമേഖലയില്‍ ആവശ്യത്തിനുള്ള ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രിമാരായ കെ. രാജന്‍, വീണ ജോര്‍ജ്ജ്, ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, വകുപ്പ് സെക്രട്ടറിമാര്‍, ജില്ല കലക്ടര്‍മാര്‍, ജില്ല പൊലീസ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക